ജിഫ്രി മുത്തുകോയ തങ്ങൾ, കൊയ്യോട് ഉമ്മർ മുസ്ലിയാർ, എം.ടി. അബ്ദുള്ള മുസ്ലിയാർ, സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലികുട്ടി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്
അഭിപ്രായ ഭിന്നതകൾ പരിഹരിച്ച് മുന്നോട്ടു പോകുമെന്ന് സമസ്ത- ലീഗ് നേതാക്കൾ. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുവിഭാഗങ്ങളും ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. കോഴിക്കോട് വച്ചാണ് ഇരുവിഭാഗം നേതാക്കളും ചർച്ച നടത്തിയത്. മുസ്തഫൽ ഫൈസിയുടെ സസ്പെൻഷൻ പിൻവലിക്കാനും ചർച്ചയിൽ ധാരണയായിട്ടുണ്ട്. സമസ്തയുടെ ഭാഗത്തുനിന്ന് പ്രസിഡൻറ് ജിഫ്രി തങ്ങളും, ട്രഷറർ ഉമർ മുസ്‌ലിയാർ കൊയ്യോട്, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ. ലീഗിനെ പ്രതിനിധീകരിച്ച് സാദിഖലി തങ്ങളും, പി കെ കുഞ്ഞാലിക്കുട്ടിയുമാണ് ചർച്ചയിൽ പങ്കെടുത്തത്. ഇന്ന് രാവിലെ 9ന് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു സമസ്ത-ലീഗ് നേതാക്കളുടെ ചർച്ച.
സമസ്ത കേന്ദ്ര മുശാവറയിൽ നിന്ന് മുസ്തഫൽ ഫൈസിയെ സസ്‌പെൻഡ് ചെയ്തതേടെയാണ് സമസ്തയിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. സമസ്ത നേതൃത്വത്തെയും, ജിഫ്രിതങ്ങളെയും വിമർശിച്ചതിനാണ് മുസ്തഫൽ ഫൈസിയെ സസ്പെൻഡ് ചെയ്തത്. മലപ്പുറത്ത് നടന്ന സമസ്തയുടെ പരിപാടിയിലാണ് മുസ്തഫൽ ഫൈസി മുസ്ലിം ലീഗിനെ അനുകൂലിച്ച് സംസാരിച്ചത്.
ALSO READ: 'ഭര്‍ത്താവ് മരിച്ച സ്ത്രീ ടൂര്‍ പോയാല്‍ എന്താ കുഴപ്പം'; ഇബ്രാഹിം സഖാഫിയെ എയറിലാക്കി സോഷ്യല്‍മീഡിയ
മുസ്തഫൽ ഫൈസിയെ സസ്‌പെൻഡ് ചെയ്ത നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുന്നി മഹല്ല് ഫെഡറേഷൻ സമസ്ത മുശാവറക്ക് കത്ത് നൽകിയിരുന്നു. മുസ്തഫൽ ഫൈസിക്കും ഉമർ ഫൈസിക്കും രണ്ട് നീതി എന്നൊരു പ്രതീതിയുണ്ടെന്ന് കത്തിൽ സുന്നി മഹല്ല് ഫെഡറേഷൻ പറഞ്ഞിരുന്നു. സാദിഖലി തങ്ങൾ തിരിച്ചെത്തിയ ശേഷം എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാക്കുമെന്ന് കത്തിന് മറുപടിയായി സമസ്ത നേതൃത്വം അറിയിച്ചിരുന്നു. സമസ്തയുടെ പോഷക സംഘടനയാണ് സുന്നി മഹല്ല് ഫെഡറേഷൻ.
അതേസമയം, അഭിപ്രായ വ്യത്യാസങ്ങൾ വലുതാക്കരുതെന്നാവശ്യപ്പെട്ട് മുസ്തഫൽ ഫൈസിയും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. നേതാക്കൾ എന്ത് തീരുമാനം എടുക്കുന്നോ അവിടെയാണ് നാം നിൽക്കേണ്ടതെന്നു, സ്വന്തമായി യാതൊരു താല്പര്യവും ഇല്ലെന്നുമാണ് മുസ്തഫൽ ഫൈസി പറഞ്ഞത്. ഇതിനുപിന്നാലെയാണ് സമസ്ത- ലീഗ്
നേതാക്കൾ ഇന്ന് ചർച്ച നടത്തിയത്.