fbwpx
'സംശയാതീതമായി തെളിയിക്കാനായില്ല'; 1997ലെ കസ്റ്റഡി പീഡന കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി കോടതി
logo

ന്യൂസ് ഡെസ്ക്

Last Updated : 08 Dec, 2024 04:41 PM

സംശയത്തിന്റെ ആനുകൂല്യത്തിലാണ് കോടതി ഭട്ടിന് ജാമ്യം അനുവദിച്ചത്.

NATIONAL


1997ലെ കസ്റ്റഡി പീഡന കേസില്‍ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവ്. സംശയാതീതമായി കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ഗുജറാത്ത് പോര്‍ബന്ധറിലെ കോടതി പറഞ്ഞു. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുകേഷ് പാണ്ഡ്യയാണ് വിധി പറഞ്ഞത്.

സംശയത്തിന്റെ ആനുകൂല്യത്തിലാണ് കോടതി ഭട്ടിന് ജാമ്യം അനുവദിച്ചത്. ടാഡ (ടെററിസ്റ്റ് ആന്‍ഡ് ഡിസ്‌റപ്റ്റീവ് ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്), ആംസ് ആക്ട് എന്നിവ പ്രകാരം കുറ്റം സമ്മതിപ്പിക്കുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വെച്ച് മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്ന് ആരോപിച്ച് നരണ്‍ ജാദവ് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കോടതി ഉത്തരവ് വന്നിരിക്കുന്നത്. ഐപിസി സെക്ഷന്‍ 330 (കുറ്റസമ്മതത്തിനായി ഉപദ്രവിച്ചു) 324 (മാരകായുധങ്ങള്‍ വെച്ച് മര്‍ദ്ദിച്ചു) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു ഭട്ടിനെതിരെ കേസെടുത്തിരുന്നത്.


ALSO READ: ദുരൂഹതകള്‍ ബാക്കിവെച്ച് നജീബിന്‍റെ തിരോധാനം എട്ടു വർഷം പൂർത്തിയാകുമ്പോൾ


1994ലെ സായുധ ശേഖരം കണ്ടെടുത്ത കേസിലെ 22 പ്രതികളിലൊരാളാണ് നരണ്‍ ജാദവ്. ഇയാളുടെ പരാതി പ്രകാരം 1997 ജൂലൈ അഞ്ചിന് ജാദവിനെ പൊലീസ് അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഭട്ടിന്റെ വീട്ടിലേക്ക് മാറ്റി. ഈ കാലയളവില്‍ ജാദവിനെ വൈദ്യുതാഘാതമേല്‍പ്പിച്ച് ഉപദ്രവിച്ചു എന്നായിരുന്നു പരാതി.

ജാദവ് ആരോപണത്തില്‍ മജിസ്‌ട്രേറ്റിന് ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ഭട്ടിനും കോണ്‍സ്റ്റബിള്‍ ആയ വാജുഭായി ചൗവിനെതിരെയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. 2013ല്‍ ചൗ മരണപ്പെട്ടതോടെ അദ്ദേഹത്തിനെതിരായ കേസ് ഇല്ലാതായി.


ALSO READ: ഉമര്‍ ഖാലിദ്: തിഹാറില്‍ നിന്നും മുഴങ്ങുന്ന 'ആസാദി'


1990ലെ കസ്റ്റഡി മരണക്കേസില്‍ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. 1996ലെ പലന്‍പൂരിലെ ഒരു അഭിഭാഷകനെ ലഹരി പദാര്‍ഥം ഒളിപ്പിച്ചുവെച്ച് കുടുക്കി എന്ന കേസില്‍ 20 വര്‍ഷവും ജയില്‍ ശിക്ഷ വിധിച്ചിരുന്നു. നിലവില്‍ രാജ്‌കോട്ട് സെന്‍ട്രല്‍ ജയിലില്‍ ആണ് സഞ്ജീവ് ഭട്ട്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കെതിരെ സഞ്ജീവ് ഭട്ട് തെളിവ് നല്‍കിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ വേട്ടയാടാന്‍ തുടങ്ങിയത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് കൃത്രിമമായി തെളിവുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ടീസ്ത സെതല്‍വാദ്, മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ബി ശ്രീകുമാര്‍ എന്നിവര്‍ക്കൊപ്പം സഞ്ജീവ് ഭട്ടിനെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

KERALA
നാല് കുട്ടികളുടെ ജീവന്‍ പൊലിഞ്ഞത് സ്ഥിരം അപകടമേഖലയില്‍; കല്ലടിക്കോട് പ്രതിഷേധവുമായി നാട്ടുകാര്‍
Also Read
user
Share This

Popular

KERALA
KERALA
മാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?