2017 നവംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്‌ക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്.
പ്രസവ ശസ്ത്രക്രിയയ്ക്ക് ഇടയിൽ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്. കേസില്‍ പ്രോസിക്യൂഷന്‍ നിലപാട് തങ്ങള്‍ക്കൊപ്പമല്ലെന്ന് ആരോപിച്ചാണ് ഹര്‍ഷിന വീണ്ടും സമരത്തിലേക്ക് കടക്കുന്നത്. കീഴ്‌ക്കോടതി നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തതും, കേസ് ഹൈക്കോടതി പരിഗണിക്കണമെന്ന് ഗവണ്മെന്റ് പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും ആവശ്യപ്പെടാത്തതും സര്‍ക്കാര്‍ ഹര്‍ഷിനക്കൊപ്പമല്ല എന്ന് തെളിയിക്കുന്നതാണെന്ന് സമരസമിതി ആരോപിക്കുന്നു.
ഫെബ്രുവരി 13 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 വരെ കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ നടക്കുന്ന സത്യാഗ്രഹ സമരം മുന്‍ എം.പി. കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. 2017 നവംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്.
2017 ജനുവരി 27ന് കൊല്ലത്ത് നിന്ന് നടത്തിയ എംആര്‍ഐ സ്‌കാനിങ്ങില്‍ ഹര്‍ഷിനയുടെ വയറ്റില്‍ ഇത്തരത്തിലുള്ള ഉപകരണം ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് അന്വേഷണത്തില്‍ നിര്‍ണായക തെളിവായത്. നേരത്തെ വയറ്റില്‍ കത്രിക ഉണ്ടായിരുന്നെങ്കില്‍ പ്രസവം സങ്കീര്‍ണാകുമെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതോടെയാണ് കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് തന്നെയാണെന്ന് വ്യക്തമായത്.
2022 സെപ്റ്റംബര്‍ 17ന് മെഡിക്കല്‍ കോളേജില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് വയറ്റില്‍ നിന്ന് കത്രിക കണ്ടെടുത്തത്.