ഇന്ന് രാവിലെ ഒമ്പത് മണി മുതലാണ് ഗംഗാവലി പുഴയിൽ പരിശോധന ആരംഭിച്ചത്
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തെരച്ചിലില്‍ ഗംഗാവലി പുഴയുടെ അടിത്തട്ടിൽ ലോറിയുടെ ടയർ കണ്ടതായി ഈശ്വർ മാൽപ്പെ. ലോറി തലകീഴായി കിടക്കുന്നുവെന്നാണ് മാൽപ്പെ അറിയിച്ചത്. അതേസമയം, ഇത് അർജുൻ്റെ ട്രക്ക് തന്നെയാണോയെന്ന് വ്യക്തമല്ല.
മുങ്ങൽ വിദഗ്ധർ പുഴയിൽ 15 അടി താഴേക്ക് നീന്തിയെത്തിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും സ്ഥലത്തുണ്ട്. ലോറി ഉടനെ പുറത്തെടുക്കും. സ്കൂബാ സംഘത്തിൻ്റെ ക്യാമറാ ദൃശ്യങ്ങളിൽ ലോറിയുടെ ഭാഗങ്ങൾ ലഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടയർ, കയർ, സ്റ്റിയറിംഗിൻ്റെ ഭാഗം എന്നിവയാണ് കണ്ടെത്തിയതെന്ന് ഈശ്വർ മാൽപ്പെ പറഞ്ഞെന്നും റിപ്പോർട്ടുണ്ട്. ലോറി ഉയർത്തുന്നതിനായി ഷിരൂരിലേക്ക് ഉടൻ പുറത്തുനിന്ന് ക്രെയിൻ എത്തിക്കുമെന്നും സൂചനയുണ്ട്.
അർജുന്‍റെ വാഹനത്തിലുണ്ടായിരുന്ന വെള്ളം സൂക്ഷിക്കുന്ന ലോഹ ഭാഗവും തടിക്കഷ്ണവും രക്ഷാദൗത്യ സംഘം കണ്ടെത്തിയിരുന്നു. ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധനയ്‌ക്കൊപ്പം മുങ്ങൽ വിദഗ്ധരും പുഴയിലിറങ്ങി പരിശോധന നടത്തുന്നുണ്ട്.
Also Read: അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ആരംഭിച്ചു, പുഴയിലിറങ്ങി ഈശ്വര്‍ മാല്‍പ്പെ, ഇന്ന് ലോറി കണ്ടെത്താനാകുമെന്ന് പ്രതീക്ഷ
ഇന്ന് രാവിലെ ഒമ്പത് മണി മുതലാണ് ഗംഗാവലി പുഴയിൽ പരിശോധന ആരംഭിച്ചത്. ആറു മണി മുതൽ പുഴയിൽ ഇറങ്ങാൻ തയ്യാറായി ഈശ്വർ മാൽപ്പെ ഗംഗാവലിയുടെ കരയിൽ എത്തിയിരുന്നെങ്കിലും പൊലീസ് അനുമതി നൽകിയിരുന്നില്ല. ഒടുവിൽ സ്ഥലം എംഎൽഎ ഇടപെട്ടാണ് അനുമതി നൽകിയത്. 8.50ഓടെ മാൽപ്പെ പുഴയിലേക്കിറങ്ങി.
തൊട്ടുപിന്നാലെ ഡ്രഡ്ജർ ഉപയോഗിച്ച് മണ്ണുനീക്കിയുള്ള പരിശോധനയും ആരംഭിച്ചു. 10.45 ഓടെ മാൽപ്പെയുടെ പരിശോധനയിൽ തടിക്കഷ്ണം കണ്ടെത്തി. കരയിലെത്തിച്ച തടി, അർജുന്‍റെ വാഹനത്തിലേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ഇതോടെ പരിശോധന വേഗത്തിലാക്കി. ഈശ്വർ മാൽപ്പെ, നേരത്തെ ഉണ്ടായിരുന്ന ചായക്കടയുടെ പിന്നിലും, ഡ്രെഡ്ജർ പുഴയുടെ നടുഭാഗത്തായുമാണ് പരിശോധന നടത്തുന്നത്.
പുഴയുടെ അടിത്തട്ടിൽ നിന്ന് മണ്ണ് മാന്തി മാറ്റുന്ന രീതിയാണ് ഡ്രെഡ്ജർ ഉപയോഗിച്ച് നടക്കുന്നത്. വേലിയിറക്കമാകുന്നതോടെ ജലനിരപ്പ് താഴുന്നത് രക്ഷാപ്രവർത്തനത്തിന്‍റെ വേഗത വർധിപ്പിക്കും. ഇതിനിടെ അർജുന്‍റെ സഹോദരി അഞ്ജു സ്ഥലത്തെത്തി. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.