തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മ്യൂസിയം പൊലീസിനോട് പകർപ്പുകൾ നൽകണമെന്ന് നിർദേശിച്ചത്.
സിദ്ദിഖ്
ലൈംഗികാരോപണക്കേസിൽ നടൻ സിദ്ദിഖിന് പരാതിയുടെയും എഫ്‌ഐആറിൻ്റേയും പകർപ്പുകൾ നൽകണമെന്ന് കോടതി ഉത്തരവ്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മ്യൂസിയം പൊലീസിനോട് സിദ്ദിഖിനെതിരായ പരാതിയുടെ പകർപ്പുകൾ നൽകണമെന്ന് നിർദേശിച്ചത്. ഇന്നലെയാണ് പകർപ്പുകൾ ആവശ്യപ്പെട്ട് സിദ്ദിഖ് കോടതിയെ സമീപിച്ചത്.
സിദ്ദീഖും ലൈംഗികാരോപണം ഉന്നയിച്ച നടിയും ഒരേ ഹോട്ടലിൽ ഉണ്ടായിരുന്നതിന് തെളിവ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ രജിസ്റ്ററിൽ ഇരുവരുടെയും പേരുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായാണ് ലഭിച്ച വിവരം. 2016 ൽ സിനിമ ചർച്ചയ്ക്കായി വിളിച്ചു വരുത്തി പീഡിപ്പിച്ചതായാണ് സിദ്ദീഖിനെതിരെയുള്ള യുവതിയുടെ മൊഴി. അതിക്രൂരമായ ബലാത്സംഗം നടന്നതായിട്ടാണ് യുവതി മൊഴി നൽകിയത്.
Read More: അഭിനയമോഹികളുടെ പേടിസ്വപ്നമായ ഇരിപ്പിടം; എന്താണ് കാസ്റ്റിങ് കൗച്ച് ?
ഇതേ തുടർന്ന് യുവതിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം അന്വേഷണ സംഘം തിരുവനന്തപുരത്തെത്തിയാണ് യുവതിയുടെ മൊഴിയെടുത്തത്. കൃത്യം നടന്നെന്ന് പറയുന്ന മസ്‌കറ്റ് ഹോട്ടലിലെ രേഖകള്‍ ഹാജരാക്കാന്‍ മാനേജ്മെൻ്റിനോട് പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇപ്പോൾ ഇരുവരുടേയും പേരുകൾ രജിസ്റ്റർ ചെയ്തതിന് തെളിവുകൾ ലഭിച്ചിട്ടുള്ളത്.
Read More: ലൈംഗീകാരോപണം: സിദ്ദീഖിനെതിരെ നിർണായക തെളിവുകൾ
അതേസമയം, നടനും എംഎൽഎ യുമായ മുകേഷും ലൈംഗികാരോപണം നേരിടുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു പിന്നാലെ സിനിമ മേഖലയിലുള്ള ചില സ്ത്രീകൾ മുകേഷിനെതിരെ ലൈംഗിക ആരോപണവുമായി മുന്നോട്ട് വന്നിരുന്നു. മുകേഷ് എംഎൽഎ സ്ഥാനം രാജി വെയ്ക്കണമെന്നും, ശേഷം അന്വേഷണം നേരിടണമെന്നുമുള്ള വിമർശനവും ശക്തമാണ്. മുകേഷ് മാത്രമല്ല, സംവിധായകൻ രഞ്ജിത്ത്, നടൻ ജയസൂര്യ, ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവരും ലൈംഗികാരോപണം നേരിടുന്നുണ്ട്.