നായ്ക്കളോടുള്ള പരസ്പര സ്‌നേഹവും കരുതലുമാണ് ഇരുവരും തമ്മിൽ അടുപ്പിച്ചത്.
രത്തൻ ടാറ്റയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി അദ്ദേഹത്തിന്‍റെ വിശ്വസ്തനും രത്തൻ ടാറ്റയുടെ ഓഫീസ് ജനറൽ മാനേജറുമായ ശാന്തനു നായിഡു. 'എന്റെ പ്രിയപ്പെട്ട വിളക്കുമാടത്തിനു' വിട' എന്നാണ് ശാന്തനു സോഷ്യൽ മീഡിയയിൽ കുറിച്ചത്.
'ഈ സൗഹൃദം ഇപ്പോൾ എന്നിൽ അവശേഷിപ്പിച്ച ദ്വാരം, നികത്താൻ എൻ്റെ ജീവിതകാലം മുഴുവൻ ഞാൻ ചെലവഴിക്കും. സ്നേഹത്തിന് നൽകേണ്ട വിലയാണ് ദുഃഖം. നെറ്റ് പ്രിയപ്പെട്ട വിളക്കുമാടത്തിന് വിട", ശാന്തനു നായിഡു ലിങ്ക്ഡിനിൽ കുറിച്ചു.
ടാറ്റ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന കുടുംബത്തിലെ അഞ്ചാം തലമുറയാണ് 28 കാരനായ ശാന്തനു. നായ്ക്കളോടുള്ള പരസ്പര സ്‌നേഹവും കരുതലുമാണ് ഇരുവരും തമ്മിൽ അടുപ്പിച്ചത്. കോർനെൽ സർവകലാശാലയിൽ നിന്നും എംബിഎ നേടിയ നായിഡു, ഗൂഡ്‌ഫെല്ലോസ് എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ കൂടിയാണ്.
ALSO READ: രത്തന്‍ ടാറ്റ: രാജ്യം കണ്ട മികച്ച വ്യവസായി; ഒപ്പം ദീർഘവീക്ഷണത്തിന് ഉടമയും
അതേസമയം, ടാറ്റയുടെ ഭൗതികാവശിഷ്ടങ്ങൾ മുംബൈയിലെ നാഷണൽ സെൻ്റർ ഓഫ് പെർഫോമിംഗ് ആർട്സിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് വോർളിയിലെ ഒരു ശ്മശാനത്തിലേക്ക് കൊണ്ടുപോകും. അവിടെ വെച്ച് ഔദ്യോഗിക ബഹുമതികളോടെ മൃതശരീരം സംസ്കരിക്കും.
ALSO READ: 'എന്നെ കുറിച്ച് ചിന്തിച്ചതിന് നന്ദി': രത്തൻ ടാറ്റയുടെ അവസാന സോഷ്യൽ മീഡിയ പോസ്റ്റ്
ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകൻ ജംഷെഡ്ജി ടാറ്റയുടെ ചെറുമകനാണ് രത്തൻ നവൽ ടാറ്റ. നവൽ ടാറ്റയുടെയും സൂനി ടാറ്റയുടെയും മകനായി 1937 ഡിസംബർ 28 ന് മുംബൈയിലാണ് രത്തൻ ടാറ്റ ജനിക്കുന്നത്. 1961 ലായിരുന്നു രത്തൻ ടാറ്റ തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് 1991 ൽ ടാറ്റ ഗ്രൂപ്പിന്‍റെ ചെയർമാൻ ആവുകയും ചെയ്തു.
രത്തൻ ടാറ്റയുടെ കാലത്താണ് ടാറ്റ ഗ്രൂപ്പ് അതിൻ്റെ ഏറ്റവും മികച്ച തലത്തിലേക്കെത്തുന്നതും വളർച്ച പ്രാപിക്കുന്നതും. ടാറ്റ ടീ, ടെറ്റ്ലി, ടാറ്റ മോട്ടോഴ്സ്, ലാൻഡ് റോവർ, ടാറ്റ സ്റ്റീൽ, കോറസ് എന്നിവ ഏറ്റെടുത്തതോടെ ടാറ്റ ഗ്രൂപ്പ് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. അനവധി അവാർഡുകൾ ലഭിച്ചിട്ടുള്ള രത്തൻ ടാറ്റയെ രാജ്യം 2000 ൽ പത്മഭൂഷണും 2008 ൽ പത്മവിഭൂഷണും നൽകി ആദരിച്ചു.