നിങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി ഡൽഹിയിൽ എൻ്റെ ശബ്ദമുയർത്തുമെന്ന് ശശി തരൂർ എംപി പറഞ്ഞു
സെക്രട്ടേറിയറ്റ് പടിക്കലെ ആശാവർക്കർമാരുടെ സമരത്തിന് പിന്തുണയുമായി ശശി തരൂർ എംപി. ആശാവർക്കർമാരുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കുമെന്നും, കേന്ദ്ര സംസ്ഥാന സർക്കാർ തർക്കം പരിഹരിക്കണമെന്നും തരൂർ വ്യക്തമാക്കി. "ഞാൻ രണ്ട് സർക്കാരിൻ്റെയും ഭാഗത്തല്ല. നിങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി ഡൽഹിയിൽ എൻ്റെ ശബ്ദമുയർത്തും. സമരക്കാരുടെ ശബ്‌ദം എല്ലാവരും കേൾക്കുന്നുണ്ട്", ശശി തരൂർ പറഞ്ഞു.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് സംസാരിച്ചതിന് പിന്നാലെ സമരക്കാർ തരൂരിനോട് പരാതികൾ അറിയിച്ചു. തങ്ങൾക്കെതിരെ കേസെടുത്തു എന്നാണ് ഇവർ പ്രധാനമായും പരാതിയിൽ പറഞ്ഞത്. എന്നാൽ കേസ് എടുക്കാൻ അനുവദിക്കില്ലെന്ന് സമരക്കാർക്ക് തരൂർ മറുപടി നൽകി. സമരം ചെയ്യാനുള്ളത് ജനാധിപത്യപരമായ അവകാശമാണെന്നും തരൂർ ചൂണ്ടിക്കാട്ടി.
ALSO READ: ആശാവർക്കർമാരുടെ മഹാസംഗമം: പങ്കെടുത്തവരിൽ നേതാക്കൾ ഉൾപ്പെടെ 14പേർക്ക് പൊലീസ് നോട്ടീസ്
സെക്രട്ടേറിയേറ്റ് പടിക്കലെ ആശാവർക്കർമാരുടെ സമരം 17-ാം ദിവസവും തുടരുകയാണ്. എല്ലാ ആശമാരും അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടറുടെ ഉത്തരരവ് തള്ളി കൊണ്ടാണ് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സമരം തുടരുന്നത്. മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ആശാവര്‍ക്കര്‍മാരുടെ തീരുമാനം. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഈ മാസം 10നാണ് സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.
അതേസമയം ആശാ വർക്കർമാരുടെ സമരത്തെ വീണ്ടും അധിക്ഷേപിച്ച് സിപിഎം നേതാവ് എളമരം കരീമും രംഗത്തെത്തി. സമരം ചെയ്യുന്നത് ഈർക്കിൽ സംഘടനയാണെന്നായിരുന്നു നേതാവിൻ്റെ പ്രസ്താവന.പ്രതിഷേധത്തിന് പിന്നിൽ മറ്റാരുടെയോ പിന്തുണയുണ്ടെന്നും മാധ്യമ ശ്രദ്ധ കിട്ടുന്നത് വീണ്ടും സമരം ചെയ്യാൻ പ്രേരണ ആകുന്നുവെന്നും എളമരം കരീം പറഞ്ഞു. ആശാവർക്കർമാരുടെ മഹാസംഗമത്തിൽ പങ്കെടുത്തവർക്ക് പൊലീസ് നോട്ടീസയച്ചു. ഡോ. കെ.ജി താര, ഡോ. എം.ബി മത്തായി, ജോസഫ് സി. മാത്യു എന്നിവരും നോട്ടീസ് നൽകിയവരിൽ ഉൾപ്പെടുന്നു. സമര നേതാക്കൾ ഉൾപ്പെടെ 14 പേർക്കാണ് പൊലീസ് നോട്ടീസയച്ചത്.