അക്ഷയ് കുമാര്‍ നായകനായി എത്തിയ കേസരി ചാപ്റ്റർ 2 ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയെ കുറിച്ചുള്ള കഥയാണ് പറയുന്നത്
കരണ്‍ സിംഗ് ത്യാഗി സംവിധാനം ചെയ്ത അക്ഷയ് കുമാര്‍ നായകനായി എത്തിയ ചിത്രമാണ് കേസരി ചാപ്റ്റര്‍ 2. ചിത്രത്തില്‍ അനന്യാ പാണ്ഡേയും മാധവനും കേന്ദ്ര കഥാപാത്രങ്ങളായിരുന്നു. ഏപ്രില്‍ 18നാണ് ചിത്രം തിയേറ്ററിലെത്തിയത്. ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.
ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം എന്തായിരുന്നുവെന്നാല്‍ നടി മസാബ ഗുപ്ദയുടെ കുമാരി എന്ന ഡാന്‍സ് നമ്പര്‍ ആയിരുന്നു. സമാന്തയുടെ 'ഊ ആണ്ടവ' എന്ന ഡാന്‍സ് നമ്പര്‍ കണ്ടതിന് ശേഷം താന്‍ അത്തരമൊരു ഡാന്‍സ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നാണ് മസാബ പറഞ്ഞത്. സ്‌ക്രീന്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മസാബയുടെ പ്രതികരണം.
"ഇതൊരു ഡാന്‍സ് നമ്പര്‍ ആണെന്ന കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ടായിരുന്നില്ല. കാരണം ഞാന്‍ തിരക്കഥ കേട്ടിരുന്നു. പിന്നെ സംവിധായകന്‍ കരണ്‍ എന്നെ കഥയിലൂടെ കൂട്ടിക്കൊണ്ടു പോയി. അപ്പോള്‍ ഇത് രസകരമായൊരു കോര്‍ട്ട് റൂം ഡ്രാമയാണെന്ന് എനിക്ക് മനസിലായി. പിന്നെ ഇത് ഒരു കാലഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. അപ്പോള്‍ തന്നെ എനിക്ക് ഡാന്‍സ് നമ്പര്‍ എന്നതില്‍ നിന്ന് അത് ഉയര്‍ന്ന് കഴിഞ്ഞു. പിന്നെ ഡാന്‍സ് നമ്പറിനോട് എനിക്ക് പ്രശ്‌നമൊന്നുമില്ല. അതിന് സിനിമയില്‍ കൃത്യമായ കാരണം വേണമെന്ന് മാത്രം", എന്നാണ് മസാബ പറഞ്ഞത്.
"പിന്നെ സമാന്തയുടെ പുഷ്പയിലെ ഊ ആണ്ടവ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അത്തരത്തിലുള്ള എന്തെങ്കിലും ഒന്ന് ചെയ്യണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. സത്യത്തില്‍ ആ പാട്ട് കണ്ടപ്പോള്‍ സമാന്ത ചെയ്തതു പോലെ ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അതേ രീതിയിലുള്ള ഇംപാക്റ്റ് ആളുകളില്‍ ഉണ്ടാക്കണമെന്നും ഞാന്‍ കരുതിയിരുന്നു. ഈ പാട്ടിന് ശക്തമായൊരു സന്ദേശം നല്‍കാനുണ്ട്. വെറുതെ ഒരു ഡാന്‍സ് നമ്പര്‍ അല്ല ഇത്. ഒരു ഡാന്‍സ് നമ്പര്‍ കൃത്യമായി ചെയ്യുകയാണെങ്കില്‍ അതിന്റെ ഭാഗമാകുന്നതുകൊണ്ട് പ്രശ്‌നമില്ല", എന്നും മസാബ കൂട്ടിച്ചേര്‍ത്തു.