ഐപിഎല്ലില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനോട് പരാജയപ്പെട്ടതോടെ രാജസ്ഥാന്‍ റോയല്‍സ് തുടര്‍ച്ചയായ അഞ്ചാം തോല്‍വിയിലേക്ക് വീണു. യശ്വസി ജയ്‌സ്വാളിന്റെയും ധ്രുവ് ജുറലിന്റെയും മികച്ച ഇന്നിങ്‌സുകളോടെ നല്ല നിലയില്‍ മുന്നേറിയ റോയല്‍സിന് പക്ഷേ അവസാന ഓവറുകളില്‍ കളി നഷ്ടമായി. 12 പന്തില്‍ 18 റണ്‍സ് എന്ന നിലയില്‍ എത്തിയ റോയല്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എറിഞ്ഞ അവസാന ഓവറില്‍ വെറും ഒരു റണ്‍സ് മാത്രം നേടി 11 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു.
ആര്‍ആറിന്റെ നാണംകെട്ട തോല്‍വിയില്‍ ആരാധകരെ പോലെ സുനില്‍ ഗവാസ്‌കറും അസന്തുഷ്ടനാണ്. ടീമിന്റെ തോല്‍വിയില്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയാണ് ഗവാസ്‌കര്‍ വിമര്‍ശിക്കുന്നത്.
Also Read: 400-ാം ടി20യില്‍ തിളങ്ങാനാകാതെ ധോണി; ഹർഷലിന് നാല് വിക്കറ്റ്, ഹൈദരാബാദിന് 155 റണ്‍സ് വിജയലക്ഷ്യം
'രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ചിടത്തോളം, അവരുടെ മുന്‍ മത്സരങ്ങള്‍ ഞാന്‍ നേരിട്ട് കണ്ടിട്ടില്ല, അതിനാല്‍, യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയില്ല. എന്നാല്‍ ഇവിടെ, ഞാന്‍ മത്സരം നേരിട്ടു കണ്ടിരുന്നു. നിങ്ങള്‍ കളിക്കുന്ന ക്രിക്കറ്റ് കാണാന്‍ കഴിഞ്ഞു. രാഹുല്‍ ദ്രാവിഡിനെപ്പോലുള്ള ഒരാള്‍ പരിശീലകനായിരിക്കെ, അത് തികച്ചും അമ്പരപ്പിക്കുന്നതായിരുന്നു. അത് ചിന്തിക്കാന്‍ കഴിയാത്ത ക്രിക്കറ്റായിരുന്നു. തന്റെ ചിന്തയില്‍ വളരെ കൃത്യതയുള്ളയാളാണ് രാഹുല്‍ ദ്രാവിഡ്. ആ സമീപനം രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാരില്‍ ചിലര്‍ക്ക് ഉണ്ടാവണമെന്ന് ഞാന്‍ കരുതുന്നു'. ഗവാസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
'അവിടെ എവിടെയാണ് ചിന്തകള്‍ പ്രവര്‍ത്തിക്കുന്നത്? പരിചയസമ്പന്നരല്ലാത്ത കളിക്കാര്‍ എല്ലായ്‌പ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. ശരിക്കും അവര്‍ മറ്റെന്തോ ക്രക്കറ്റാണ് കളിച്ചുകൊണ്ടിരിക്കുന്നത്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: അവസാന രണ്ടോവറിൽ കളി തിരിച്ച് ആർസിബി ബൗളർമാർ, രാജസ്ഥാന് ഞെട്ടിക്കുന്ന തോൽവി
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സീം ബൗളര്‍ ജോഷ് ഹെയ്‌സല്‍വുഡിന്റെ മികച്ച പ്രകടനമാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടീമിനെ വിജയത്തില്‍ എത്തിച്ചത്. രാജസ്ഥന്റെ വാലറ്റത്തെ കൃത്യമായ പ്ലാനിങ്ങില്‍ എറിഞ്ഞിട്ട ഹെയ്‌സല്‍വുഡ് 4 ഓവറില്‍ 33 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. ഹെയ്‌സല്‍വുഡാണ് 'പ്ലെയര്‍ ഓഫ് ദ മാച്ച്'.
ഞങ്ങള്‍ ഞങ്ങളുടെ ശക്തിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നാണ് മത്സര ശേഷം ഹെയ്‌സല്‍വുഡ് പ്രതികരിച്ചത്. നിര്‍ണായകമായ വിക്കറ്റില്‍ ഹാര്‍ഡ് ലെങ്ത് അടിക്കാന്‍ ബുദ്ധിമുട്ടാണെന്ന് എനിക്കറിയാമായിരുന്നു. അതിനാല്‍ യോര്‍ക്കര്‍, സ്ലോവര്‍ ബോളുകള്‍ ക്രമീകരിച്ച് എറിഞ്ഞു- ഹെയ്‌സല്‍വുഡ് കൂട്ടിച്ചേര്‍ത്തു.
ആര്‍സിബി ബൗളിങ് നിരയെ പ്രശംസിച്ച ഹെയ്‌സല്‍വുഡ്, രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ് നിരയെ വിദഗ്ധമായി വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നുവെന്നും പറഞ്ഞു.