മൂന്നാം വട്ടവും പിണറായിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സർക്കാർ അധികാരത്തില്‍ വരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു
വെള്ളാപ്പള്ളി നടേശൻ
മലപ്പുറം പ്രസംഗത്തെ ന്യായീകരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരു സമുദായത്തെപ്പറ്റിയും വിദ്വേഷം പറഞ്ഞിട്ടില്ലെന്നും സമന്വയത്തിന്‍റെ ഭാഷയിലാണ് സംസാരിച്ചതെന്നും യോഗം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. 'മ' എന്നു പറഞ്ഞാൽ മലപ്പുറം ആണ് അല്ലെങ്കിൽ മുസ്ലീം ലീഗെന്ന നിലയിലേക്കെത്തി. 'മ' യെന്ന അക്ഷരം പറയാൻ പാടില്ലാത്തതായി ഒരു കൂട്ടർ മാറ്റുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. എസ്എൻഡിപി യോഗം മഹാസംഗമത്തിൽ മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന് പറയാൻ യുഡിഎഫുകാർക്ക് നാണമില്ലേ എന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.
മലപ്പുറം സംഭവം മലക്കം മറിഞ്ഞുപോയി എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. "മലപ്പുറത്ത് ഞാന്‍ എന്ത് തെറ്റുചെയ്തു. സാമൂഹിക സത്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ അത് പറയാന്‍ പാടില്ലെന്നാണോ നിങ്ങള്‍ പറയുന്നത്. ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? ഞാന്‍ ഒരു സമുദായത്തെയും വിദ്വേഷം പറഞ്ഞില്ല. സമന്വയത്തിന്‍റെ ഭാഷയിലാണ് പറഞ്ഞത്. ലീഗിന്‍റെ ഏകാധിപത്യ പ്രവണതയ്ക്ക് എതിരെയാണ് ശബ്ദിച്ചത്. ഏകാധിപത്യമല്ലെന്ന് അവര് തന്നെ പറയട്ടെ. അവർ അധികാരത്തിലേറിയപ്പോള്‍ പിന്നാക്ക സമുദായ മുന്നണിയെന്ന് പറഞ്ഞ് അവർക്ക് ഒപ്പം സഞ്ചരിച്ച ആളല്ലേ ഞാന്‍? അധികാരം ഉപയോഗിച്ച് എല്ലാം അവരെടുക്കുകയും കൂടെ നിന്ന ഞങ്ങളെയൊക്കെ അവഗണിക്കുകയും ചെയ്തു. അത് ദുഃഖമായി പറഞ്ഞാല്‍ ഉടനെ ജാതി പറഞ്ഞു എന്ന് പറഞ്ഞ് പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാന്‍ ശ്രമിച്ചാല്‍ അതിനെതിരെ പ്രതികരിക്കും" - വെള്ളാപ്പള്ളി പറഞ്ഞു. തന്‍റെ കോലവും തന്നെയും കത്തിക്കാം പക്ഷേ ആശയങ്ങളെ ലോകാവസാനം വരെയും കത്തിക്കാന്‍ സാധിക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ലീഗിന്‍റെ നേതാക്കളായ സമ്പന്നന്മാർ വാളോങ്ങിക്കൊണ്ട് എസ്എൻഡിപി യോഗത്തിന്‍റെ തലക്കൊയ്യാം എന്ന് പറഞ്ഞാല്‍ അത് നടക്കില്ല. ഇതിനെയെല്ലാം അതിജീവിച്ച് വന്ന സംഘടനയാണിത്. മലപ്പുറമെന്താ ആർക്കും കയറാന്‍ പറ്റാത്ത വെള്ളരിക്കാപ്പട്ടണമാണോ? വെള്ളാപ്പള്ളി ചോദിച്ചു. മുസ്ലീം ലീഗ് എന്ന പേര് കേട്ടാല്‍ തന്നെ അറിയാം മുസ്ലീം കൂട്ടായ്മയാണ്. ആ കൂട്ടായ്മ വർഗീയ പാർട്ടിയല്ലെന്ന് പറയിക്കാന്‍ അവർക്ക് കഴിയുന്നെങ്കില്‍ അത് മുസ്ലീം ലീഗിന്‍റെ കഴിവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കരിക്കട്ട പൊതിഞ്ഞുവെച്ച് അത് പഞ്ചാരയാണെന്ന് പറയിക്കാന്‍ കരിക്കട്ടയ്ക്ക് സാധിക്കുമെങ്കില്‍ അത് കരിക്കട്ടയുടെ കഴിവാണ്. എന്‍റെ ആശയം പറഞ്ഞതില്‍ നിന്ന് പിന്മാറാന്‍ തയ്യാറല്ല. പറഞ്ഞത് പറഞ്ഞത് തന്നെയാണ്. അതില്‍ നിന്നുമാറില്ല- വെള്ളിപ്പള്ളി വ്യക്തമാക്കി.
മൂന്നാം വട്ടവും പിണറായിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സർക്കാർ അധികാരത്തില്‍ വരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. "വ്യക്തിപരമായി നോക്കിയാല്‍ പിണറായി വളരെ നല്ലൊരു മനുഷ്യനാണ്. കരുത്തനും ശക്തനും മിടുക്കനുമായി നില്‍ക്കുന്നു. ഗുളികന്‍ പന്ത്രണ്ടിലാണ്. അതുകൊണ്ട് തന്നെ, തുടർഭരണം പിണറായിക്ക് കിട്ടുമെന്ന് ഉറപ്പാണ്. ശക്തമായ ത്രികോണ മത്സരം വരാം. എന്‍ഡിഎയ്ക്ക് കൂടുതല്‍ വോട്ട് കിട്ടും. കോണ്‍ഗ്രസ് തകർന്ന് തരിപ്പണമാകും. മുസ്ലീം ലീഗിന് കോട്ടമൊന്നും തട്ടില്ല. പിണറായി വിജയന്‍ മൂന്നാം തവണയും കേരളത്തില്‍ വാഴും", വെള്ളാപ്പള്ളി പറഞ്ഞു.
Also Read: അനധികൃതമായി സ്വത്ത് സമ്പാദനം; മുൻ ചീഫ് സെക്രട്ടറി കെ.എം. അബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ്
എസ്‍എന്‍ഡിപി ജനറല്‍ സെക്രട്ടറിയായി 30 കൊല്ലമായിട്ടു പോലും പല ശക്തികളും സമ്പന്നരും ശ്രമിച്ചിട്ടും തകർക്കാന്‍ സാധിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ഇത് ഗുരു അഷ്ടബന്ധമിട്ട് ഉറപ്പിച്ച സംഘടനയാണ്. രാഷ്ട്രീയ പാർട്ടികളെപ്പോലെ എസ്എന്‍ഡിപിയെ പിളർത്താന്‍ സാധിക്കാതിരുന്നത് ഗുരു സ്ഥാപിച്ച സംഘടനയായതിനാലാണെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേർത്തു.