സ്വർണക്കടത്ത് അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, എഡിജിപി എം.ആർ. അജിത് കുമാർ എന്നിവർക്കെതിരെ പി.വി. അൻവർ എംഎൽഎ ഉന്നയിച്ചത്
എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചേക്കും. മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞശേഷമാകും അന്തിമ തീരുമാനം. കേരള പൊലീസിലും സിപിഎമ്മിലും ഇനി എന്തു നടക്കുമെന്ന ഉദ്വേഗത്തിലാണ് രാഷ്ട്രീയ കേരളം.
സ്വർണക്കടത്ത് അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, എഡിജിപി എം.ആർ. അജിത് കുമാർ എന്നിവർക്കെതിരെ പി.വി. അൻവർ എംഎൽഎ ഉന്നയിച്ചത്. പി.വി. അൻവറും പത്തനംതിട്ട എസ്പി സുജിത് ദാസും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തായതുമുതൽ പൊലീസ് സേന നാണക്കേടിലായിരുന്നു. സുജിത് ദാസിനെ സസ്പെൻ്ഡ് ചെയ്ത് മുഖം രക്ഷക്കാൻ നീക്കം നടക്കുന്നതിനിടെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കെതിരെയും ആരോപണം ഉയരുന്നത്.
READ MORE: "സിപിഎം... എന്നെ ഞാനാക്കിയ പ്രസ്ഥാനം, മരണം വരെ ഈ ചെങ്കൊടി തണലിൽ തന്നെ ഉണ്ടാകും": പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി പി.വി. അൻവർ
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെ കൂട്ടുപിടിച്ച് എഡിജിപി നടത്തിവന്നിരുന്ന പല കാര്യങ്ങളിലും പൊലീസിലെ ഭൂരിഭാഗം പേർക്കും എതിർപ്പുണ്ട്. സുജിത്ത് ദാസിനെതെരിയുള്ളതിനേക്കാൾ ഗൗരവമേറിയ ആരോപണം അജിത് കുമാർ നേരിടുമ്പോൾ സുജിത്തിനെതിരെ മാത്രം നടപടിയെടുത്താൽ തിരിച്ചടി ആകുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
READ MORE: പി.വി. അൻവറിൻ്റെ വെളിപ്പെടുത്തൽ; ആരോപണങ്ങൾ തള്ളാതെയും കൊള്ളാതെയും ഇടത് മുന്നണി
ഡിവൈഎസ്‍പിക്ക് മുകളിലുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കേണ്ടത് സർക്കാരാണ്. അതിനാൽ മുഖ്യമന്ത്രി തീരുമാനമെടുക്കട്ടെ എന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. എഡിജിപിക്കെതിരെ അന്വേഷണം നടത്തണമെങ്കിൽ ഡിജിപിയോ ആഭ്യന്തര സെക്രട്ടറിയോ നടത്തണം. ആഭ്യന്തര സെക്രട്ടറിതല കമ്മിറ്റി ആരോപണങ്ങൾ അന്വേഷിക്കാനുള്ള സാധ്യതയാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്നത്. ഇന്ന് കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ മുഖ്യമന്ത്രിയും ഡിജിപിയും പങ്കെടുക്കുന്നുണ്ട്. എംആർ അജിത് കുമാറും പങ്കെടുത്തേക്കും. ഇവിടെവെച്ചോ തിരുവനന്തപുരത്ത് എത്തിയശേഷമോ മുഖ്യമന്ത്രി വിഷയത്തിൽ തീരുമാനമെടുക്കാനാണ് സാധ്യത.
READ MORE: എഡിജിപിക്കെതിരായ ആരോപണം; സംസ്ഥാന പൊലീസ് മേധാവിയിൽ നിന്ന് മുഖ്യമന്ത്രി റിപ്പോർട്ട് തേടി