fbwpx
SPOTLIGHT | കോണ്‍ഗ്രസ് പറയട്ടെ, ആരാണ് നിങ്ങളുടെ നേതാവ്?
logo

ന്യൂസ് ഡെസ്ക്

Posted : 02 Mar, 2025 07:12 PM

KERALA


ശശി തരൂര്‍ വിവാദത്തില്‍ ഒരു കാര്യം സുവ്യക്തമാണ്. ഇനി കേരള രാഷ്ട്രീയത്തില്‍ ഒരു സ്ഥാനം ലഭിച്ചാല്‍ അല്ലാതെ തരൂര്‍ കോണ്‍ഗ്രസുകാരനായി തുടരില്ല. കേരളത്തില്‍ തരൂര്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിപദം തന്നെയാണ്. അതു നേരത്തെ പല അഭിമുഖങ്ങളിലും തെളിച്ചുപറഞ്ഞിട്ടുമുണ്ട്. ഇതോടെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം അതിന്റെ ദശാസന്ധിയില്‍ വന്നു നില്‍ക്കുകയാണ്. ആര്‍. ശങ്കറും പി.ടി. ചാക്കോയും നിറഞ്ഞുനിന്ന ഐക്യകേരളത്തിലെ പ്രാരംഭകാലം. കേരളാ കോണ്‍ഗ്രസ് പിറവിയോടെ ആകെ നാഥനില്ലാതായ കോണ്‍ഗ്രസിനെ ഒറ്റയ്ക്ക് നയിച്ച് ലീഡറായ കെ. കരുണാകരന്‍. പിന്നെ എ.കെ. ആന്റണിയുടെ നന്നേ ചെറുപ്പത്തിലുള്ള കടന്നുവരവ്. ആന്റണി-കരുണാകരന്‍ ദ്വന്ദ്വത്തിലാണ് മൂന്നു പതിറ്റാണ്ടിലേറെ കേരളത്തിലെ കോണ്‍ഗ്രസ് നിലനിന്നത്. പിന്നീട് ഉമ്മന്‍ചാണ്ടി എന്ന ഒറ്റ നേതാവ് കാര്യങ്ങള്‍ തീരുമാനിച്ച പതിറ്റാണ്ട്. ഇതെല്ലാം കഴിഞ്ഞ് കോണ്‍ഗ്രസിനുണ്ടായ നേതൃശൂന്യത ഇപ്പോഴും അവസാനിച്ചിട്ടില്ല. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി നിന്നത് ഉമ്മന്‍ചാണ്ടിയുടെ നിഴലിലായിരുന്നു. വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവാണെങ്കിലും നായകനാണെന്ന് ഇനിയും സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ തരൂരിന് എന്തുപദവിയാണ് നല്‍കുക എന്ന ചോദ്യമല്ല കോണ്‍ഗ്രസ് നേരിടുന്നത്. ഒരു വര്‍ഷത്തിനകം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആരാണ് നിങ്ങളുടെ നേതാവ് എന്ന ചോദ്യമാണ്.


കോണ്‍ഗ്രസ് പറയട്ടെ, ആരാണ് നിങ്ങളുടെ നേതാവ്?



വി.ഡി. സതീശന്‍ എന്ന പ്രതിപക്ഷ നേതാവ്. രമേശ് ചെന്നിത്തല എന്ന മുന്‍ പ്രതിപക്ഷ നേതാവ്. കെ. സുധാകരന്‍ എന്ന കെപിസിസി അധ്യക്ഷന്‍. ഹൈക്കമാന്‍ഡില്‍ നിന്നുള്ള ഒറ്റ കമാന്‍ഡില്‍ ഏതുസമയത്തും കേരള നേതൃനിരയിലേക്ക് എത്താവുന്ന കെ.സി. വേണുഗോപാല്‍. തൃശൂരില്‍ കൊണ്ടുപോയി നിര്‍ത്തി തോല്‍പ്പിച്ചിട്ടും സംസ്ഥാന നേതൃനിരയിലേക്കു വളരെവേഗം എത്തിക്കഴിഞ്ഞ കെ. മുരളീധരന്‍. ഇത്രയും നേതാക്കള്‍ മാത്രമല്ല കോണ്‍ഗ്രസിന് ഇപ്പോഴുള്ളത്. മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുതല്‍ വലിയൊരു നിര വേറെയും ഉണ്ട്. ഒറ്റക്കെട്ടായാണ് നില്‍പ്പ് എന്ന് എല്ലാവരും പറയുമ്പോഴും ഒറ്റയ്‌ക്കൊറ്റയ്ക്കാണ് നില്‍പ്പെന്ന് പൊതുജനത്തിനും കോണ്‍ഗ്രസുകാര്‍ക്കും അറിയാം. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുപ്പു കഴിഞ്ഞു പ്രഖ്യാപിക്കും എന്നൊക്കെ പറയാമെങ്കിലും കേരളത്തില്‍ നയിക്കാന്‍ ഒരു മുഖം വേണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാണിച്ച ഏറ്റവും വലിയ മണ്ടത്തരം അങ്ങനെ ഒരു മുഖം ഇല്ലായിരുന്നു എന്നതാണ്. അഞ്ചുവര്‍ഷം പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല വടക്കു നിന്ന് യാത്ര ആരംഭിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയെ കൂടി നേതൃനിരയിലേക്കു പ്രഖ്യാപിച്ചു. അതോടെ നായകന്‍ ഉമ്മന്‍ചാണ്ടിയാണോ രമേശ് ചെന്നിത്തലയാണോ എന്ന തീര്‍പ്പില്ലാതായി. ആരു പറയുന്നത് കേള്‍ക്കണം എന്ന് വോട്ടര്‍മാര്‍ക്കുമാത്രമല്ല കോണ്‍ഗ്രസുകാര്‍ക്കുപോലും ധാരണ ഉണ്ടായിരുന്നില്ല. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് അതും ഒരു കാരണമായി. അവിടെയാണ് തെരഞ്ഞെടുപ്പിന് കൃത്യം ഒരു വര്‍ഷം മുന്‍പ് തരൂര്‍ രംഗപ്രവേശം ചെയ്യുന്നത്.


ALSO READ: അറിയേണ്ടേ, കുട്ടികള്‍ ചുറ്റികയുമായി കൊല്ലാന്‍ നടക്കുന്നത്? 


തരൂര്‍ കടന്നുവന്നു പറയുന്നത് എന്തെല്ലാം?


2026ല്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 20 വരെയുള്ള ഏതു ദിവസവും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാം. ഏപ്രില്‍ 10 മുതല്‍ 30 വരെയുള്ള ഏതു ദിവസവും വോട്ടെടുപ്പും നടക്കാം. തെരഞ്ഞെടുപ്പിന് ഇനി കൃത്യം ഒരു വര്‍ഷം മാത്രമാണ് ബാക്കി. അതില്‍ വിശ്രമിച്ചിരിക്കാന്‍ ഇനി ഒരു മണിക്കൂര്‍ പോലും കിട്ടുകയുമില്ല. ഓണത്തിന് പിന്നാലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം വരും. അതിന്റെ ഫലം വരുമ്പോഴേക്ക് കേരളയാത്രകള്‍ ആരംഭിക്കാന്‍ സമയമാകും. കേരളയാത്രകള്‍ തിരുവനന്തപുരത്ത് സംഗമിക്കുമ്പോഴേക്കും പ്രഖ്യാപനവും വരും. ഇതാണ് കേരളത്തിലെ പതിവ്. ഇവിടെ നേതാവായി കടന്നുവരുന്ന ശശി തരൂര്‍ അപ്രസക്തമാക്കാന്‍ ശ്രമിക്കുന്നത് ഒരുപറ്റം നേതാക്കളെ ഒന്നിച്ചാണ്. തരൂര്‍ കേരളത്തിലേക്കു ശ്രദ്ധയൂന്നിയാല്‍ സമുദായ പിന്തുണയില്‍ മുന്‍പിലുള്ള രമേശ് ചെന്നിത്തലയ്ക്കും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നേതൃസ്ഥാനത്തേക്ക് ആദ്യപേരുകാരനായ വി.ഡി. സതീശനും അതു വലിയ ഭീഷണിയാകും. തരൂരിന്റെ ഓക്‌സ്ഫഡ് ഇംഗ്‌ളീഷിനോടും പ്രതിച്ഛായയോടും തനി മലയാളംകൊണ്ട് കട്ടയ്ക്കു നില്‍ക്കുന്നത് ഇപ്പോള്‍ കെ. മുരളീധരന്‍ മാത്രമാണ്. കേരളത്തില്‍ തരൂരിനെപ്പോലെ വലിയ ആളുകളെ വേണ്ട, ഞങ്ങള്‍ ചെറിയ ആളുകള്‍ ഡീല് ചെയ്യാം എന്ന് ആദ്യവെടി പൊട്ടിക്കുകയും ചെയ്തു. പക്ഷേ, നേതൃസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നില്ലെങ്കില്‍ തരൂരിനെ ആക്രമിക്കാന്‍ മാത്രമായി മുരളീധരനും നിന്നു കൊടുക്കില്ല. ഹൈക്കമാന്‍ഡിലുള്ള പിടിപാടുകൊണ്ട് കെ. സി. വേണുഗാപാല്‍ രംഗത്തെത്താം. അങ്ങനെ ഒരു നീക്കം നടത്തിയാല്‍ കേരളത്തിലെ നേതൃനിര അതോടെ പല കഷണങ്ങളാകാനും മതി.


പാര്‍ട്ടിയിലല്ല, പ്രതിച്ഛായയിലാണ് പിടി




ശശി തരൂര്‍ ഇപ്പോള്‍ നടത്തുന്ന നീക്കത്തില്‍ ഒരു കാര്യം വ്യക്തമാണ്. തരൂരിന് നിലവില്‍ പാര്‍ട്ടി സംവിധാനത്തില്‍ ഒരു സ്വാധീനവുമില്ല. നേതാവ് എന്ന നിലയില്‍ തരൂരിന് അംഗീകരിക്കുന്നവര്‍ പോലും ചുരുക്കമാണ്. കോഴിക്കോട് എംപി എം.കെ. രാഘവന്‍ മാത്രമാണ് ഇക്കാലമെല്ലാം തരൂരിന് പിന്നില്‍ ശക്തമായി നിലകൊള്ളുന്നത്. പക്ഷേ, മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കൊന്നും ഇല്ലാത്ത ഒരു പ്രതിച്ഛായ തരൂരിന് വോട്ടര്‍മാര്‍ക്കിടയിലുണ്ട്. അത് ആരാധന കലര്‍ന്ന സര്‍വസമ്മതത്വമാണ്. തരൂര്‍ കേരളത്തിലെത്തിയ ശേഷം ഒരുപാടു വിവാദങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. സുനിത പുഷ്‌കറിന്റെ മരണത്തില്‍ തരൂര്‍ വേട്ടയാടപ്പെട്ട അനുഭവത്തിലൂടെ കേരളത്തിലെ ഒരു നേതാവിനും പോകേണ്ടി വന്നിട്ടില്ല. അപ്പോഴൊന്നും ആ വ്യക്തിപ്രഭാവത്തിന് കോട്ടം തട്ടിയില്ല. തിരുവനന്തപുരത്ത് ശശി തരൂര്‍ ജയിച്ചുകൊണ്ടിരുന്നത് എല്ലാവിഭാഗങ്ങളുടേയും വോട്ട് നേടിയാണ്. വി.കെ. കൃഷ്ണമേനോന്‍ ഇടതുസ്വതന്ത്രനായി തിരുവനന്തപുരത്തു നിന്നു ജയിച്ച അതേ സാഹചര്യങ്ങളാണ് തരൂരിനേയും ജയിപ്പിച്ചുകൊണ്ടിരുന്നത്.


ALSO READ: മോദിയുടെ ഫാസിസവും സിപിഐഎം വിലയിരുത്തലും 


തരൂര്‍ എന്ന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി




ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിന് തരൂര്‍ ഇറങ്ങി നിന്നാല്‍ അതു കേരളത്തില്‍ വേറിട്ട ഒരു രാഷ്ട്രീയ പ്രഖ്യാപനമാകും. ഇതുവരെ ഇവിടെ മുഖ്യമന്ത്രിമാരായവരുടെ കളരിയിലല്ല തരൂര്‍ വളര്‍ന്നത്. ഔദ്യോഗിക ജീവിതത്തിന്റെ അവസാന കാലത്തുമാത്രം രാഷ്ട്രീയ നേതാവായ ആളുമാണ്. ഞാന്‍ നിങ്ങളുടെ മുഖ്യമന്ത്രിയാകാന്‍ തയ്യാര്‍, വേണമെങ്കില്‍ സ്വീകരിക്കൂ എന്നാണ് പരസ്യപ്രതികരണങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും ശശി തരൂര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ആ വസ്തുത ഉള്‍ക്കൊള്ളാനാവാത്തതിന്റെ ഞെട്ടലാണ് ഇതുവരെ ഇവിടെ നേതൃസ്ഥാനത്തുണ്ടായവരില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നു പുറത്തുപോയാല്‍ ശശി തരൂര്‍ ഒരു പാര്‍ട്ടി ഉണ്ടാക്കണമെന്നൊന്നും നിര്‍ബന്ധമില്ല. കോണ്‍ഗ്രസുകാരനോ കമ്യൂണിസ്റ്റുകാരനോ അല്ലാതിരുന്ന പട്ടംതാണുപിള്ള മുഖ്യമന്ത്രിയായ ചരിത്രം കേരളത്തിലുണ്ട്. അന്ന് കോണ്‍ഗ്രസുകാരന്‍ അല്ലാതിരുന്ന എന്‍എസ്എസ് സ്ഥാപകന്‍ മന്നത്തു പത്മനാഭനാണ് പട്ടത്തിന് നേതൃസ്ഥാനത്തേക്ക് വഴിയൊരുക്കിയത്. ആര്‍. ശങ്കറിനെ വാഴിക്കാതിരിക്കാന്‍ ചെയ്തതാണെങ്കിലും ഭൂരിപക്ഷം കിട്ടിയ കോണ്‍ഗ്രസിനെ വശത്തിരുത്തി പട്ടം മുഖ്യമന്ത്രിയായി. ആ വഴിയിലേക്കാണ് ശശി തരൂര്‍ ഇപ്പോള്‍ ഒരു കൊഴു നീട്ടി എറിഞ്ഞിരിക്കുന്നത്.

Also Read
user
Share This

Popular

KERALA
KERALA
ലഹരി മാഫിയയെ കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ച; നിയമസഭയിൽ വാക്ക്പോരുമായി മുഖ്യമന്ത്രിയും ചെന്നിത്തലയും