മുസഫർപൂർ ജില്ലയിലെ തുർക്കി സർക്കാർ സ്‌കൂൾ വിദ്യാർഥി സൗരഭ് കുമാറാണ് മരിച്ചത്
ബിഹാറിൽ സഹപാഠികളുമായുള്ള ഏറ്റുമുട്ടലിൽ 11ാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടു. മുസഫർപൂർ ജില്ലയിലെ തുർക്കി സർക്കാർ സ്‌കൂൾ വിദ്യാർഥി സൗരഭ് കുമാറാണ് മരിച്ചത്. ശനിയാഴ്ച വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് കുട്ടി മരണപ്പെട്ടതെന്ന് മുസാഫർപൂർ പൊലീസ് പറഞ്ഞു.
ശനിയാഴ്ചയാണ് സൗരഭും സുഹൃത്തുക്കളും സഹപാഠികളുമായി ഏറ്റുമുട്ടിയത്. മുളവടി ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടൽ. സൗരഭിൻ്റെ തലയ്ക്ക് വടികൊണ്ട് അടിയേൽക്കുകയായിരുന്നു. പരുക്കേറ്റ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് വൈകീട്ടോടെ കുട്ടി മരിച്ചു.
പ്രണയവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വഴക്കിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഏറ്റുമുട്ടിയ വിദ്യാർഥികളുടെ കുടുംബാംഗങ്ങൾ ക്രോസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരണത്തെ തുടർന്ന് സൗരഭിനെ ആക്രമിച്ചവർക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നും മുസാഫർപൂർ പൊലീസ് മേധാവി പറഞ്ഞു. അതേസമയം, പ്രതികൾ പ്രായപൂർത്തിയായവരാണോ എന്ന് വ്യക്തമാവാൻ സ്കൂളിലെ രേഖകൾ ഉൾപ്പെടെ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.