നൂറിലധികം തവണ ആരതിയുടെ ഫോണില്‍ നിന്നും സാമ്പത്തിക ഇടപാടുകൾ നടന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. വാട്സാപ്പ് സന്ദേശങ്ങൾ വീണ്ടെടുക്കാൻ സൈബർ സെല്ലിന്‍റെ സഹായം തേടിയിട്ടുണ്ട്
ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയെ തുടർന്ന് പെരുമ്പാവൂരിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയത് സംശയകരമായ 38 ആപ്പുകൾ. ഇതില്‍ പലതും ലോൺ ആപ്പുകളാണ്. നൂറിലധികം തവണ ആരതിയുടെ ഫോണില്‍ നിന്നും സാമ്പത്തിക ഇടപാടുകൾ നടന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. വാട്സാപ്പ് സന്ദേശങ്ങൾ വീണ്ടെടുക്കാൻ സൈബർ സെല്ലിന്‍റെ സഹായം തേടിയിട്ടുണ്ട്. പെരുമ്പാവൂർ എഎസ്‌പി മോഹിത് റാവത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൻ്റേതാണ് ഈ കണ്ടെത്തൽ.
ലോണ്‍ ആപ്പുകളുടെ ഭീഷണിയെ തുടർന്ന് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ആരതിയെ കണ്ടെത്തിയത്. ഭർത്താവിന്‍റെയും ആരതിയുടെയും നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ചില നമ്പറുകളിൽ നിന്ന് ലോൺ ദാതാക്കൾ ഭീഷണി സന്ദേശം അയച്ചതായി കുറുപ്പുംപടി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നഗ്ന ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് മെസേജില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. അങ്ങനെ ചെയ്താല്‍ ജീവനൊടുക്കുമെന്നായിരുന്നു ആരതി മറുപടി നൽകിയത്.
ALSO READ: മനുഷ്യ ജീവന്‍ ഈടാക്കുന്ന ലോണ്‍ ആപ്പുകള്‍; തുടർക്കഥയാകുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളെപ്പറ്റി അറിയാം
ഓൺലൈൻ ഗെയിം കളിച്ച് ആരതിക്ക് 3,500 രൂപ ലഭിച്ചതായും, ഇതിനു വേണ്ടി ഓൺലൈൻ ആപ്പിലൂടെ പണം നേടാന്‍ ശ്രമിച്ചെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ലോൺ കമ്പനി തൻ്റെയും പിതാവിൻ്റെയും അടക്കമുള്ള മൊബൈൽ ഫോണുകളിലേക്ക് മോർഫിങ് ചിത്രം അയച്ചതായും ആരതിയുടെ ഭർത്താവ് അനീഷ് പറഞ്ഞു.