കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്
ചരിത്രം കുറിച്ച് സുനിത വില്യംസും സംഘവും ഭൂമി തൊട്ടു. ക്രൂ 9 പേടകം സുരക്ഷിതമായി മെക്സിക്കോ ഉള്‍ക്കടലില്‍ സുരക്ഷിത ലാൻഡിംഗ് നടത്തി. ഇന്ത്യൻ സമയം പുലർച്ചെ 3.27നാണ് ഡ്രാഗൻ പേടകം ഭൂമിയിൽ സുരക്ഷിതമായി ഇറങ്ങിയത്. കപ്പലിൽ എത്തിച്ചതിന് ശേഷം 4.08ന് പേടകത്തിന്റെ വാതിൽ തുറന്നു. 4.18ന് നിക്ക് ഹേഗ് ആണ് ആദ്യം പുറത്തെത്തിയത്. മൂന്നാമതായി സുനിത വില്യംസും നാലാമതായി ബുച്ച് വിൽമോറും പുറത്തെത്തി. കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്.
ചരിത്ര മൂഹൂർത്തത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്. ഒൻപത് മാസത്തെ ബഹിരാകാശ വാസത്തിന് ഒടുവിലാണ് സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തിയത്. നാല് യാത്രികരും സുരക്ഷിതരെന്ന് നാസ അറിയിച്ചു. ലോകത്തിൻ്റെ നാനാഭാഗത്ത് നിന്നും അഭിനന്ദന പ്രവാഹമാണ് നാസയ്ക്കും സ്പേസ്എക്സിനും. ക്രൂ 9 അംഗങ്ങളെ സുരക്ഷിതരായി ഭൂമിയിലെത്തിച്ചതിന് എലോൺ മസ്കിനും നാസയ്ക്കും വൈറ്റ് ഹൗസും നന്ദി അറിയിച്ചു.
ALSO READ: നീണ്ട ഒൻപത് മാസം... സുനിതയും ബുച്ച് വിൽമോറും കണ്ട 4592 സൂര്യാസ്തമയങ്ങൾ
ചൊവ്വാഴ്ച രാവിലെ ഇന്ത്യൻ സമയം 10.35 നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്. 17 മണിക്കൂർ നീണ്ടുനിൽക്കുന്ന ബഹിരാകാശ സഞ്ചാരത്തിന് ശേഷമാണ് ഇന്ന് പുലർച്ചെ മൂന്നരയ്ക്ക് പേടകം ഫ്ലോറിഡ തീരത്ത് ഇറങ്ങിയത്. സുനിത വില്യംസിനും ബുച്ച് വിൽമോറിനൊപ്പം ക്രൂ 9 അംഗങ്ങളായ നിക് ഹേഗ്, അലക്‌സാണ്ടർ ഗോർബുനോവ് എന്നിവരുമാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗൻ മൊഡ്യൂളിൽ ഭൂമിയിലേക്ക് മടങ്ങി എത്തിയത്.