കേരള ഹൈക്കോടതിയില്‍ പുതുതായി തയ്യാറാക്കിയ മോഡൽ ഡിജിറ്റൽ കോർട്ട് റൂം, ഡിജിറ്റൽ ലൈബ്രറി ആൻഡ് റിസർച്ച് സെന്‍റർ, റാം മോഹൻ പാലസ് പുനരുദ്ധാരണ പദ്ധതി എന്നിവ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉദ്‌ഘാടനം ചെയ്യും
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഇന്ന് കേരളാ ഹൈക്കോടതിയിലെത്തും. കോടതികളുടെ ഡിജിറ്റലൈസേഷൻ പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് ചീഫ് ജസ്റ്റിസ് കൊച്ചിയിലെത്തുന്നത്. രണ്ട് ദിവസമായിരിക്കും ജസ്റ്റിസിന്‍റെ കേരള സന്ദർശനം. ഹൈക്കോടതിയില്‍ നടക്കുന്ന ചടങ്ങിലും കുമരകത്ത് വെല്‍ത്ത് ലീഗല്‍ എഡ്യൂക്കേഷന്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയിലും ചീഫ് ജസ്റ്റിസ് പങ്കെടുക്കും.
ALSO READ: വയനാട് ഉരുള്‍പൊട്ടല്‍: ദുരിതബാധിതർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയില്‍
കേരള ഹൈക്കോടതിയില്‍ പുതുതായി തയ്യാറാക്കിയ മോഡൽ ഡിജിറ്റൽ കോർട്ട് റൂം, ഡിജിറ്റൽ ലൈബ്രറി ആൻഡ് റിസർച്ച് സെന്‍റർ, റാം മോഹൻ പാലസ് പുനരുദ്ധാരണ പദ്ധതി എന്നിവ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഉദ്‌ഘാടനം ചെയ്യും. വൈകുന്നേരം 3.45ന് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ പ്രഭാഷണം നടത്തും.
ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ്, ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, കേരള ഹൈക്കോടതി ജഡ്ജിമാരായ പി.ബി സുരേഷ് കുമാർ, ഡി.കെ സിങ്, ഹൈബി ഈഡൻ എംപി തുടങ്ങിയവരും പങ്കെടുക്കും. പട്ടികജാതി-വർഗ പീഡന നിരോധന നിയമ പ്രകാരമുള്ള കേസുകൾ പരിഗണിക്കാൻ എറണാകുളത്ത് തുടങ്ങുന്ന പ്രത്യേക കോടതിയുടെയും ബഡ്സ് ആക്ട് പ്രകാരമുള്ള കേസുകൾ പരിഗണിക്കാൻ ആലപ്പുഴയിൽ തുടങ്ങുന്ന പ്രത്യേക കോടതിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.
ഏഴു വർഷത്തിനു ശേഷമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കേരള ഹൈക്കോടതി സന്ദർശിക്കുന്നത്. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയാണ് ഇതിനു മുന്‍പ് ഹൈക്കോടതിയില്‍ എത്തിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ഹൈക്കോടതി സുവർണ ജൂബിലി ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു ദീപക് മിശ്ര എത്തിയത്.