fbwpx
ഹര്‍ജിക്കാരനറിയാതെ 'വ്യാജ ഹര്‍ജി'; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി
logo

ന്യൂസ് ഡെസ്ക്

Last Updated : 20 Sep, 2024 08:56 PM

2002ലെ നിതീഷ് കടാര കൊലപാതക കേസിലെ ഹര്‍ജിക്കാരന്റെ പേരില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ നല്‍കിയതിലാണ് കോടതി നടപടി

NATIONAL



ഹര്‍ജിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ ഹര്‍ജി സമര്‍പ്പിച്ച സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. 2002ലെ നിതീഷ് കടാര കൊലപാതക കേസിലെ ഹര്‍ജിക്കാരന്റെ പേരില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ നല്‍കിയതിലാണ് കോടതി നടപടി. കോടതി ഉത്തരവിനെതിരെ ഏതെങ്കിലും അപ്പീല്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കിയിട്ടില്ലെന്നും, കോടതിയില്‍ തനിക്കുവേണ്ടി ഹാജരായ അഭിഭാഷകരെ അറിയില്ലെന്നും ഹര്‍ജിയില്‍ പേരുള്ളയാള്‍ തന്നെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതോടെ, നീതിന്യായ വ്യവസ്ഥയെ ഒന്നാകെ അപകടത്തിലാക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

കേസിലെ ഏക സാക്ഷിക്കെതിരെ കള്ളക്കേസ് തുടരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്, ഹര്‍ജിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതേ അപ്പീല്‍ അപേക്ഷയിലെ ഉത്തരവില്‍ സാക്ഷിക്കെതിരായ ക്രിമിനല്‍ നടപടികള്‍ അവസാനിപ്പിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. സെപ്റ്റംബര്‍ ഒമ്പതിന് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ച്, നിസാര സംഭവമായി കാണാനാവില്ലെന്ന് ചൂണ്ടിക്കാട്ടി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

ഹൈക്കോടതിയെയും സുപ്രീം കോടതിയേയും ഒരുപോലെ വഞ്ചിക്കുന്ന ഗുരുതരമായ കുറ്റമെന്നാണ് ബെഞ്ചിന്റെ നിരീക്ഷണം. ഹര്‍ജിയില്‍ പേരുള്ളയാളുടെ അറിവോ, സമ്മതമോ, അധികാരപത്രമോ ഇല്ലാതെ കോടതിയിൽ ഫയൽ ചെയ്യേണ്ട രേഖകൾ വ്യാജമായി നിർമിച്ച്, അപ്പീല്‍ അപേക്ഷ നല്‍കിയതിലൂടെ, കേസിലെ പ്രതികളും അവരുമായി ബന്ധപ്പെട്ടവരും അഭിഭാഷകരും ചേര്‍ന്ന് നീതിന്യായ വ്യവസ്ഥയെ ഒന്നാകെ അപകടത്തിലാക്കാന്‍ ശ്രമിച്ചു. ഇവര്‍ക്കെതിരായ അന്വേഷണം സിബിഐക്ക് കൈമാറുന്നതാണ് ഉചിതമെന്ന് കരുതുന്നു. പ്രാഥമിക അന്വേഷണത്തിനുശേഷം, ആവശ്യമെന്നു കണ്ടാല്‍ ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കുമെതിരെ സിബിഐക്ക് കേസ് രജിസ്റ്റര്‍ ചെയ്യാം. സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം കോടതിയിൽ സമർപ്പിക്കണമെന്നുമാണ് കോടതി ഉത്തരവ്.

ഒരാളും, അത് അഭിഭാഷകനായാലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിചാരണ ചെയ്യപ്പെടുന്നതില്‍നിന്ന് മുക്തനല്ലെന്ന് കൂടി ഉത്തരവ് ഓര്‍മിപ്പിക്കുന്നു. കോടതിയിൽ, പ്രത്യേകിച്ച് രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതിയില്‍ സമർപ്പിക്കുന്ന രേഖകളില്‍ അഭിഭാഷകര്‍ ഒപ്പുവെക്കുന്നതും, ഒരു കക്ഷിക്കുവേണ്ടി ഹാജരാകുന്നതും അതീവ ഗൗരവവും ഉത്തരവാദിത്വമുള്ളതുമായ നടപടിക്രമമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

പരാതിക്കാരന്റെ അഭാവത്തില്‍ സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയ നോട്ടറിയുടെ നടപടിയെയും കോടതി വിമര്‍ശിക്കുന്നുണ്ട്. നോട്ടറിയുടെ ഭാഗത്തുനിന്നുള്ള വീഴ്ച മോശം പെരുമാറ്റത്തിന് തുല്യമായിരിക്കും. ആരോപണവിധേയന്‍ നോട്ടറി ആയിരിക്കാന്‍ യോഗ്യനല്ല. ഈ സാഹചര്യത്തില്‍ ഉചിതമായ നടപടിയെടുക്കാൻ ഉത്തരവിന്റെ പകർപ്പ് ബാർ കൗൺസിലിനും കേന്ദ്ര സര്‍ക്കാരിനും കൈമാറാനും സുപ്രീം കോടതി രജിസ്ട്രിക്ക് നിർദേശം നല്‍കി. തെറ്റായ നടപടികള്‍ കേസിലെ ഹര്‍ജിക്കാരനെ മാത്രമല്ല, കോടതിയെ മൊത്തം കബളിപ്പിക്കുന്നതാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.


ALSO READ : കർണാടക ഹൈക്കോടതി ജഡ്ജിയുടെ വിവാദ പരാമർശം; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി


2002ലാണ് ഡല്‍ഹിയിലെ യുവ വ്യവസായിയായ നിതീഷ് കടാര കൊല്ലപ്പെടുന്നത്. തട്ടിക്കൊണ്ടുപോയി, ക്രൂരമായി മര്‍ദിച്ച്, ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തിയശേഷം ഡീസലൊഴിച്ച് കത്തിക്കുകയായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകനും യു.പി മുന്‍ മന്ത്രിയുമായ ഡി.പി. യാദവിന്റെ മക്കളായ വികാസ്, വിശാല്‍, ഇവരുടെ സുഹൃത്ത് സുഖ്ദേവ് പഹല്‍വാന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ആദ്യം സാധാരണ കൊലപാതകമാണെന്ന് കരുതിയിരുന്നെങ്കിലും, അന്വേഷണത്തില്‍ ദുരഭിമാന കൊലയാണെന്ന് വ്യക്തമായി. വികാസിന്റെ സഹോദരിയും നിതീഷും തമ്മിലുള്ള പ്രണയബന്ധമായിരുന്നു കൊലയ്ക്ക് കാരണമായത്. 2008ല്‍ വിചാരണ കോടതി ജീവപര്യന്തം തടവ് വിധിച്ചു. ഡല്‍ഹി ഫാസ്റ്റ് ട്രാക്ക് കോടതി വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതി സമീപിച്ചു. എന്നാല്‍ ഹൈക്കോടതി ശിക്ഷ ശരിവെച്ചു. ഇതോടെ, പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി 2016ല്‍, 30 വര്‍ഷമെന്നത് 25 വര്‍ഷമായി കുറച്ച് തടവ് ശിക്ഷ അന്തിമമാക്കി.സുഖ്ദേവിന് 20 വര്‍ഷത്തെ കഠിനതടവും വിധിച്ചു. കേസില്‍ ഒരു സാക്ഷി മാത്രമാണുണ്ടായിരുന്നത്. സംഭവം നടന്ന രാത്രിയില്‍ നിതീഷിനൊപ്പം വികാസിനെ കണ്ടിരുന്നതായി ഇയാള്‍ മൊഴി നല്‍കിയിരുന്നു. അതിന്റെ പേരില്‍ സാക്ഷിക്ക് വിഷം കൊടുക്കാന്‍ ശ്രമിക്കുകയും, 37ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തന്റെ മകളെ ഒരാള്‍ സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ഹര്‍ജിക്കാരന്‍ നല്‍കിയ മറ്റൊരു കേസിലാണ് പുതിയ സംഭവവികാസങ്ങള്‍ അരങ്ങേറുന്നത്. തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും, സ്വന്തം ഇഷ്ടത്താല്‍ ഇറങ്ങിപ്പോന്നതാണെന്നും വിവാഹം കഴിഞ്ഞതായും മകള്‍ കോടതിയില്‍ പറഞ്ഞു. മാത്രമല്ല, ഒളിച്ചോടുന്നതിനിടെ, നിതീഷ് കടാര കേസിലെ സാക്ഷി തന്നെ ബലാത്സംഗം ചെയ്തെന്നും അവര്‍ മൊഴി നല്‍കി. എന്നാല്‍, അലഹബാദ് കോടതി ഈ സാക്ഷിക്കെതിരായ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഹര്‍ജിക്കാരന്റെ മകള്‍ ഹര്‍ജി നല്‍കി. എന്നാല്‍ അതും കോടതി തള്ളി. ഇതോടെയാണ്, പിതാവിന്റെ പേരില്‍ നിതീഷ് കടാര കേസിലെ വിധിക്കെതിരെ അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കുന്നത്. പിതാവുമായി ഫോണില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍, അപേക്ഷയില്‍ അദ്ദേഹം ഒപ്പുവെച്ച് തന്നതായിരുന്നു എന്നാണ് മകളും ഭര്‍ത്താവും കോടതിയെ അറിയിച്ചത്.


ALSO READ: കേന്ദ്രം ഭരിക്കുന്നവര്‍ സ്വന്തം എംപിക്കെതിരെ പ്രവര്‍ത്തിക്കുന്നുവോ?; കങ്കണയുടെ 'എമര്‍ജന്‍സി'യില്‍ 25നകം തീരുമാനമെടുക്കണം: ബോംബെ ഹൈക്കോടതി


എന്നാല്‍ 2013 മുതല്‍ മകളുമായോ, അവരുടെ ഭര്‍ത്താവുമായോ ഏതെങ്കിലും തരത്തിലുള്ള ബന്ധമില്ലെന്നും ഫോണില്‍ പോലും സംസാരിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. കോടതി ഉത്തരവ് പരിശോധിക്കാന്‍ അപ്പീല്‍ നല്‍കുന്നതിനുള്ള അപേക്ഷ നല്‍കിയിട്ടില്ലെന്നും 2024 മെയ് 17ന് കോടതി നോട്ടീസ് കിട്ടുമ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. വക്കാലത്തിലോ, സത്യവാങ്മൂലത്തിലോ ഒപ്പിട്ടിട്ടില്ല. കേസില്‍ ഹാജരാകാന്‍ അഭിഭാഷകരെ ഏര്‍പ്പാടാക്കിയിട്ടില്ല. മറ്റാരോ ഗൂഢാലോചന നടത്തിയാണ് ഹര്‍ജി നല്‍കിയത്. അവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹര്‍ജിക്കാരന്‍ സുപ്രീം കോടതി രജിസ്ട്രി സെക്രട്ടറി ജനറലിന് കത്തെഴുതി. തുടര്‍ന്നാണ് രജിസ്ട്രി ജസ്റ്റിസുമാരായ ത്രിവേദിയുടെയും ശര്‍മയുടെയും ബെഞ്ചിനു മുമ്പാകെ റിപ്പോര്‍ട്ട് നല്‍കിയത്. വിഷയം കോടതി പരിഗണിച്ചപ്പോള്‍, പരാതിക്കാരന്റെ അഭാവത്തിലാണ് സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയതെന്നും സംഭവിച്ചത് തെറ്റാണെന്നും നോട്ടറി അറിയിച്ചു. മറ്റൊരു അഭിഭാഷകനാണ് ഹര്‍ജിക്കാരന്റെ ഒപ്പോടുകൂടിയ അപേക്ഷ നല്‍കിയതെന്നും, തന്റെ സാന്നിധ്യത്തില്‍ ഹര്‍ജിക്കാരന്‍ അതില്‍ ഒപ്പിട്ടിട്ടില്ലെന്നും അഭിഭാഷകരിലൊരാളും വ്യക്തമാക്കിയിരുന്നു. അതിലാണ് ഇപ്പോള്‍ കോടതി ഉത്തരവ് പറഞ്ഞിരിക്കുന്നത്.

KERALA
ലൈംഗികാതിക്രമ പരാതി: മലയാളം സീരിയല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ കേസ്
Also Read
user
Share This

Popular

KERALA
WORLD
പരിശീലകരും സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ 60 ലധികം പേര്‍ പീഡിപ്പിച്ചു; കായികതാരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍