എന്നാൽ ഡമാസ്കസിൽ നിന്ന് പിൻമാറിയെന്ന വാർത്ത തള്ളിക്കൊണ്ട് സിറിയൻ സൈന്യം പ്രസ്താവന പുറപ്പെടുവിച്ചു
സിറിയന്‍ തലസ്ഥാനമായ ഡമാസ്കസ് വളഞ്ഞ് വിമതർ. തലസ്ഥാനനഗരം പിടിച്ചെടുക്കാനുള്ള മുന്നേറ്റം അവസാന ഘട്ടത്തിലെന്ന് വിമത സേനാ കമാൻഡർ ഹസ്സൻ അബ്ദെൽ ഘനി പറഞ്ഞു. ഇസ്രായേൽ അതിർത്തിയിലെ ഖുനയ്ത്ര പിടിച്ചെടുത്തെന്നും വിമതർ അവകാശപ്പെട്ടു. എന്നാൽ ഡമാസ്കസിൽ നിന്ന് പിൻമാറിയെന്ന വാർത്ത തള്ളിക്കൊണ്ട് സിറിയൻ സൈന്യം പ്രസ്താവന പുറപ്പെടുവിച്ചു.
ഡമാസ്‌കസില്‍ നിന്ന് ജോർദാനിലേക്കുള്ള സനാമൈന്‍ ഹൈവേയും, ഇസ്രായേൽ അതിർത്തിയിലെ ഖുനയ്ത്രയും പിടിച്ചെടുത്തിരിക്കുകയാണ് വിമതർ. ഇതോടെ തെക്കുപടിഞ്ഞാറൻ സിറിയിലെ പ്രധാനപ്രവശ്യകളെല്ലാം വിമതരുടെ നിയന്ത്രണത്തിലായി. അതേസമയം, ഡമാസ്കസിന്‍റെ ചുറ്റുമുള്ള പ്രവിശ്യകളില്‍ നിന്ന് സൈന്യം പിന്‍വലിഞ്ഞെന്ന റിപ്പോർട്ടുകള്‍ തള്ളിയിരിക്കുകയാണ് സിറിയൻ പ്രതിരോധ മന്ത്രാലയം. സൈന്യത്തിന്‍റേത് സ്ഥാനമാറ്റം മാത്രമെന്നാണ് പ്രതിരോധ മന്ത്രാലയത്തിൻ്റെ വിശദീകരണം.
അതേസമയം സിറിയയില്‍ ആഭ്യന്തര സംഘർഷം ശക്തമായതിനെത്തുടർന്ന് രാജ്യത്തേക്കുള്ള യാത്രകള്‍ പൂർണമായും ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം നല്‍കിയിരിക്കുകയാണ് ഇന്ത്യ. അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറും ഇമെയിൽ ഐഡിയുമായി സർക്കാർ പ്രസ്താവനയിറക്കി. നിലവിൽ സിറിയയിലുള്ള എല്ലാ ഇന്ത്യക്കാരോടും 'ദമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്താൻ' ആണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിർദേശം.
നിലവില്‍ സിറിയ വലിയ രാഷ്ട്രീയ പ്രക്ഷുബ്ധാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ബഷാർ അൽ-അസാദ് ഭരണകൂടം തുർക്കിയുടെ പിന്തുണയുള്ള വിമത ഗ്രൂപ്പുകളാലും മിലിഷ്യകളാലും ചുറ്റപ്പെട്ടിരിക്കുകയാണ്. സിറിയൻ നഗരങ്ങളായ അലെപ്പോയും ഹമയും വിമതർ പിടിച്ചെടുത്തതോടെ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ നഗരമായ ഹോംസിൽ നിന്നും ജനങ്ങള്‍ കൂട്ട പലായനം ചെയ്യുകയാണ്. സർക്കാരിന് കൂടുതൽ സ്വാധീനമുള്ള മേഖലകളില്‍ സുരക്ഷ ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. അടുത്ത വിമത മുന്നേറ്റം ഹോംസിലാകും സംഭവിക്കുകയെന്ന ആശങ്കയാണ് കൂട്ട പലായനത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നത്. മറ്റ് നിരവധി സിറിയൻ നഗരങ്ങളുടെ നിയന്ത്രണം ഇതിനോടകം തന്നെ സർക്കാരിനു നഷ്ടമായിക്കഴിഞ്ഞു. പല നഗരങ്ങളും ഒരു വെടിയുണ്ട പോലും ഉതിർക്കാതെയാണ് വിമതർ പിടിച്ചടക്കിയിരിക്കുന്നത്. 2011ൽ ആഭ്യന്തരയുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്.