സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ഉൾപ്പടെ ആറ് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി
പ്രതീകാത്മക ചിത്രം
ഡൽഹിയിൽ കടയുടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കട കൊള്ളയടിച്ചു. ഡൽഹിയിലെ സുൽത്താൻ പുരി പ്രദേശത്താണ് സംഭവം. അവധിക്കാലം ആഘോഷിക്കാനായി മണാലിയിലേക്ക് യാത്ര പോകാനുള്ള പണം കണ്ടെത്തുന്നതിനായാണ് കൊള്ളയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ഉൾപ്പടെ ആറ് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി.
മംഗോൾപുരി നിവാസികളായ വികാസ് (18), ഹർഷ് (18), സൗരവ് (18), ഹിമേഷ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മംഗോൾപുരിയിലും സുൽത്താൻ പുരിയിലും നടത്തിയ ഒന്നിലധികം റെയ്ഡുകളിലാണ് ഇവരെ പിടികൂടിയത്. ഇതിൽ വികാസ് നേരത്തെ കൊലപാതക ശ്രമം നടത്തിയ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് കട ഉടമ പരാതിയുമായി എത്തുന്നത്. ഏഴ് അജ്ഞാതരായ ആൺകുട്ടികൾ തന്റെ കടയിലേക്ക് അതിക്രമിച്ചു കയറി. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണവും രേഖകളും കൊള്ളയടിച്ചു. കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. കട ഉടമ പരാതിയിൽ പറഞ്ഞു.
പരിശോധനയിൽ കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് കത്തികളും കൊള്ളയടിച്ച പണത്തിന്റെ ഒരു ഭാഗവും ഇവരിൽ നിന്ന് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ സുഹൃത്തുക്കളോടൊപ്പം മണാലിയിലേക്ക് യാത്ര പോകുന്നതിനായുള്ള പണം കണ്ടെത്തുന്നതിനാണ് കവർച്ച നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.