സ്വകാര്യ വിവരങ്ങൾ ചോരുന്ന ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായിട്ടും കേന്ദ്ര ഗതാഗത വകുപ്പ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ലതെന്നും ശ്രദ്ധേയമാണ്
കേന്ദ്ര സർക്കാരിൻ്റെ പരിവാഹൻ പോർട്ടലിലെ ഡാറ്റ ചോരുന്ന ടെലഗ്രാം ബോട്ടിലേക്ക് ആൾക്കാരുടെ തള്ളി കയറ്റം. പൗരന്മാരുടെ സ്വകാര്യ വിവരങ്ങളും വാഹനത്തിൻ്റെ വിവരങ്ങളും ചോരുന്ന ടെലഗ്രാം ബോട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി എത്തിയത് മുപ്പതിനായിരത്തിലധികം വരിക്കാർ. സ്വകാര്യ വിവരങ്ങൾ ചോരുന്ന ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായിട്ടും കേന്ദ്ര ഗതാഗത വകുപ്പ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ലതെന്നും ശ്രദ്ധേയമാണ്.
ഹാക്കർമാർ പരിവാഹൻ പോർട്ടലിലെ ഡാറ്റ ചോർത്തിയ വാർത്ത ആദ്യം പ്രേക്ഷകരെ അറിയിച്ചത് ന്യൂസ് മലയാളമായിരുന്നു. ഇന്നലെ ന്യൂസ് മലയാളം വാർത്ത പുറത്തുവിടുന്ന സമയത്ത് 32000 ലധികം വരിക്കാരായിരുന്നു ബോട്ടിലുണ്ടായിരുന്നു. വാർത്ത പുറത്തുവിട്ട 24 മണിക്കൂറിനുള്ളിൽ മുപ്പതിനായിരത്തിലധികം വരിക്കരാണ് ഈ നിയമവിരുദ്ധ ടെലഗ്രാം ബോട്ടിലേക്ക് എത്തിയത്.
പരിവാഹൻ പോർട്ടലിൽ പൊതുജനങ്ങൾക്ക് വാഹനങ്ങളുടെ വിവരങ്ങൾ പരിമിതമായി മാത്രമേ കിട്ടുകയുള്ളൂ. എന്നാൽ വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പർ ടെലഗ്രാം ബോട്ടിലിൽ നൽകി കഴിഞ്ഞാൽ പൊതുജനത്തിന് ലഭിക്കാത്ത നാൽപ്പതിലധികം വിവരങ്ങളും പൗരന്റെ സ്വകാര്യ വിവരങ്ങളും ഫോൺ നമ്പർ മടക്കം ഈ നിയമവിരുദ്ധ ബോട്ടിലിൽ ലഭ്യമാണ്.
ഏതൊരു വ്യക്തിക്കും രണ്ടുതവണ ടെലഗ്രാം ബോട്ടിലിൽ ഏതു വാഹനത്തിന്റെയും നമ്പർ നമ്പർ നൽകി കഴിഞ്ഞാൽ സൗജന്യമായി വിവരങ്ങൾ ലഭിക്കുമായിരുന്നു. നിലവിൽ UPI സംവിധാനത്തിലൂടെ പണം നൽകിയാൽ ബോട്ടിലിൽ നിന്ന് സ്വകാര്യ വിവരങ്ങൾ ലഭിക്കാനുള്ള സംവിധാനവും ഇതിൽ ഒരുങ്ങി കഴിഞ്ഞു.
ഗുരുതരമായ സുരക്ഷാ വീഴ്ചയും ഡാറ്റ ചോർച്ചയും നടന്നിട്ട് കേന്ദ്ര ഐടി -ഗതാഗത വകുപ്പുകൾ കണ്ടഭാവം നടിക്കുന്നതേയില്ല. ഡിജിറ്റൽ സാക്ഷരത നേടിയെന്ന് അവകാശപ്പെടുന്ന രാജ്യത്തെ സൈബർ സുരക്ഷാ സംവിധാനങ്ങൾ എത്ര ദുർബലമാണെന്നും ഈ ഡാറ്റ ചോർച്ച കാണിച്ചുതരുന്നു.