സെപ്റ്റംബർ ഒന്നിന് പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യമാണ് അവസാനിക്കുന്നത്
താമസ നിയമലംഘകർക്ക് യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും. ഇതുവരെ രണ്ടു ലക്ഷത്തി മുപ്പതിനായിരം ആളുകളാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. പൊതുമാപ്പ് അവസാനിക്കുന്നതോടെ രാജ്യത്ത് നിയമലംഘകർക്കെതിരായ പരിശോധനകൾ കർശനമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
നാല് മാസം നീണ്ട പൊതുമാപ്പാണ് ഇന്ന് അവസാനിക്കുന്നത്. സെപ്റ്റംബർ ഒന്നിനാണ് പൊതുമാപ്പ് ആനുകൂല്യം പ്രഖ്യാപിച്ചത്. ദുബായിൽ മാത്രം 2,36,000 പേരാണ് പൊതുമാപ്പ് അവസരം പ്രയോജനപ്പെടുത്തിയത്. 55,000ത്തിലധികം പേർ രാജ്യം വിട്ടു. ബാക്കിയുള്ളവർ സ്റ്റാറ്റസ് ശരിയാക്കി പുതിയ ജോലി നേടി. രേഖകൾ ശരിയാക്കാനുള്ളവർ വേഗം പൂർത്തീകരിക്കണമെന്നും അധികൃതർ നിർദേശം നൽകി.
പൊതുമാപ്പിൽ ഔട്ട്പാസ് നേടി സ്വദേശത്തേക്ക് മടങ്ങുന്നവർക്ക് തിരിച്ചുവരാൻ വിലക്കില്ല എന്നതാണ് ഇത്തവണത്തെ പൊതുമാപ്പിന്റെ പ്രത്യേകത. 2003, 2007, 2013, 2018 വർഷങ്ങളിലും യു.എ.ഇ. സമാനമായ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. പൊതുമാപ്പിന് ശേഷം പിഴകൾ പഴയപടിയായിരിക്കും.
ജനുവരി ഒന്ന് മുതലാണ് നിയമലംഘകരെ പിടികൂടാനുള്ള പരിശോധനകൾ കര്‍ശനമാക്കുക. പരിശോധനയില്‍ പിടിക്കപ്പെടുന്നവര്‍ നിയമലംഘന കാലയളവിലെ മുഴുവന്‍ പിഴയും അടയ്‌ക്കേണ്ടിവരും. കൂടാതെ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി നാടുകടത്തും. നിയമലംഘകര്‍ക്ക് താമസവും ജോലിയും നല്‍കുന്നവര്‍ക്ക് എതിരെയും നടപടിയുണ്ടാകുമെന്നും അറിയിപ്പുണ്ട്.