പാഴ് വസ്തു എന്ന് കരുതിയാണ് എടുത്തതെന്നാണ് ആക്രിക്കാരൻ്റെ മൊഴി
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച. പരിശോധനയ്ക്കായി പാത്തോളജി ലാബിൽ എത്തിച്ച ശരീര ഭാഗങ്ങൾ ആക്രിക്കാരൻ എടുത്തു എന്നാണ് പരാതി. ആക്രിക്കാരനെ മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാഴ് വസ്തു എന്ന് കരുതിയാണ് എടുത്തതെന്നാണ് ആക്രിക്കാരൻ്റെ മൊഴി.
ALSO READ: തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി പത്താം ക്ലാസ് വിദ്യാർഥികൾ ജീവനൊടുക്കി
ശരീര ഭാഗങ്ങൾ ശേഖരിച്ചവരുടെ വീഴ്ചയെന്നാണ് വകുപ്പ് മേധാവി നൽകുന്ന വിശദീകരണം. "സ്പെസ്മർ ഒന്നും മെഡിക്കൽ കോളേജ് ഓദ്യോഗികമായി സ്വീകരിച്ചിട്ടില്ല. ഒരു ഹൗസ് കീപ്പിങ് സ്റ്റാഫ് മുഖേന ഡിപ്പാർട്ട്‌മെൻ്റിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇത് സംഭവിച്ചിരിക്കുന്നത്". പാത്തോളജി വിഭാഗം എച്ച്ഒഡി ലൈല രാജീവ് പ്രതികരിച്ചു. സ്പെസിമൻസ് നശിച്ചിട്ടില്ലെന്നും, രോഗികൾ ആശങ്കപ്പെടേണ്ടതില്ലെന്നും, അവർ അറിയിച്ചു. സ്പെസിമൻസ് ലാബിനെ ഏൽപ്പിച്ചിരുന്നില്ല. പിന്നീടാണ് ഇത് കണ്ടെത്തിയതെന്നും, ലൈല രാജീവ് കൂട്ടിച്ചേർത്തു.
ഇന്നലെ ശസ്ത്രക്രിയയ്ക്കുശേഷം, രോഗികളുടെ രോഗ നിര്‍ണയത്തിന് അയച്ച സ്പെസിമെനുകളാണ് മോഷണം പോയത്. ആബുലൻസ് ഡ്രൈവറും, ഒരു ആശുപത്രി ജീവനക്കാരനും ചേർന്നാണ് അവയവങ്ങൾ കൊണ്ടുപോയിരുന്നത്.
17 സാമ്പിളുകൾ കാണാനില്ലെന്ന് അറിഞ്ഞതിനെ തുടർന്ന് ജീവനക്കാർ പരിശോധന നടത്തി. അവയവങ്ങൾ ലാബിൻ്റെ സ്റ്റെയർകേസിന് സമീപത്ത് വച്ച ശേഷം ജീവനക്കാർ മടങ്ങി പോകുകയായിരുന്നു. പിന്നീട് വന്ന് നോക്കിയപ്പോഴാണ് അവയവങ്ങൾ കാണാതായ വിവരം അധികൃതർ അറിയുന്നത്. പൊലീസിനെ അറിയിച്ചതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സാമ്പിളുകൾ ആക്രിക്കടക്കാരനിൽ നിന്ന് പിടിച്ചെടുക്കുന്നത്.