പരീക്ഷാ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് പരീക്ഷ ഭവൻ സെക്രട്ടറിക്ക് പൊലീസ് കത്തയച്ചിരുന്നു
താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി. കോഴിക്കോട് വെള്ളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. പരീക്ഷാ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് പരീക്ഷ ഭവൻ സെക്രട്ടറിക്ക് പൊലീസ് കത്തയച്ചിരുന്നു. ഇതുപ്രകാരമാണ് പരീക്ഷ കേന്ദ്രം മാറ്റിയത്.
അതേസമയം, കേസിലെ മുഖ്യപ്രതിയുടെ പിതാവിന്റെ ക്വട്ടേഷന്‍ ബന്ധങ്ങള്‍ തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. ടി.പി. വധക്കേസിലെ പ്രതി ടി.കെ. രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്. ഷഹബാസിനെ മറ്റ് കുട്ടികള്‍ ചേര്‍ന്ന് ആക്രമിക്കുന്ന സമയത്ത് ഇയാള്‍ സ്ഥലത്തുണ്ടായിരുന്നതായി കുടുംബം ആരോപിച്ചിരുന്നു.
ഷഹബാസിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് കണ്ടെത്തിയതും ഇയാളുടെ വീട്ടില്‍ നിന്നാണ്. സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍, കുഴല്‍പ്പണ ഇടപാട് കേസുകളില്‍ പ്രതിയായി ജയില്‍വാസം അനുഭവിച്ചിട്ടുള്ള ആളാണ് ടി.കെ. രജീഷ്. ഷഹബാസിന്റെ കൊലപാതകം പ്രതികളുടെ രക്ഷിതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതമാണെന്നാണ് ഷഹബാസിന്റെ പിതാവ് ഇക്ബാലിന്റെ ആരോപണം.
5 വിദ്യാര്‍ഥികളില്‍ 3 വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിദ്യാര്‍ഥിനികളെ ഉള്‍പ്പെടെ മര്‍ദിച്ച കേസില്‍ പ്രതികളായിരുന്നു. ഈ കേസ് പിന്നീട് പ്രതികളുടെ രക്ഷിതാക്കള്‍ തന്നെ ഇടപെട്ട് ഒതുക്കി തീര്‍ക്കുകയായിരുന്നു എന്നും ഇക്ബാല്‍ ആരോപിക്കുന്നു.