സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തിന് തടയിടാൻ സർക്കാർ നടപടികൾ സ്വീകരിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാരിന് ഒന്നും മറയ്ക്കാനില്ലെന്ന് മന്ത്രി വി. എന്‍ വാസവന്‍. മുദ്രവെച്ച കവറിൽ പൂർണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിന് സർക്കാരിന് തടസങ്ങളില്ല. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തിന് തടയിടാൻ സർക്കാർ നടപടികൾ സ്വീകരിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ടിന്മേല്‍ സ്വമേധയ കേസെടുക്കുന്നതിന് നിയമ പ്രശ്നങ്ങളുണ്ടെന്നും വാസവന്‍ കൂട്ടിച്ചേർത്തു.
അതേസമയം, റിപ്പോർട്ട് എന്ത് ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്നതടക്കം നിർണായക ചോദ്യങ്ങൾ ഹൈക്കോടതി ഇന്ന് സർക്കാരിനോട് ചോദിച്ചു. മുദ്രവെച്ച കവറില്‍ റിപ്പോർട്ടിന്‍റെ പൂർണ രൂപം സമർപ്പിക്കണമെന്നും നിർദേശിച്ചു. റിപ്പോർട്ടിന്മേൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പായിച്ചിറ നവാസ് എന്ന വ്യക്തിയാണ് പൊതുതാൽപര്യ ഹർജി നൽകിയത്. ഹർജിയിൽ കോടതി സ്വമേധയാ വനിതാ കമ്മീഷനെ കക്ഷി ചേർത്തിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതി ഇല്ലാതെയും കേസ് എടുക്കാൻ നിലവിൽ നിയമമുണ്ടെന്നായിരുന്നു മന്ത്രി കെ.എൻ ബാലഗോപാലിന്‍റെ നിലപാട്. റിപ്പോർട്ടിൻ്റെ കാര്യത്തിൽ മുഖ്യമന്ത്രി എല്ലാം വിശദീകരിച്ചിട്ടുണ്ട്. പ്രതിപക്ഷം അവരുടെ വിശ്വാസ്യത കൂടി ഉയർത്തുന്ന രീതിയിൽ പെരുമാറണമെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു. എന്നാല്‍, സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച് ഗുരുതരമായ ക്രിമിനല്‍ കുറ്റം ചെയ്തിരിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍റെ ആരോപണം. റിപ്പോർട്ട് പുറത്ത് വിടാന്‍ നാലര വർഷത്തെ കാലതാമസമുണ്ടായതിനെ പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചു. സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്നും സതീശന്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ സർക്കാർ ആരോപണ വിധേയരെയും ഇരകളേയും ഒരുമിച്ചിരുത്തി കോണ്‍ക്ലേവ് നടത്താന്‍ പോകുകയാണെന്ന് വി. ഡി സതീശന്‍ ആരോപിച്ചു. ഇങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. അത് തന്നെയാണ് ഡബ്ല്യൂസിസിയും പറഞ്ഞിരുന്നത്. അവരാണ് സിനിമ എന്ന തൊഴിലിടത്ത് നടക്കുന്ന ലഹരി ഉപയോഗത്തെപ്പറ്റിയും ലൈംഗിക ചൂഷണത്തെപ്പറ്റിയും പറഞ്ഞത്. അവർ കൊടുത്ത മൊഴികള്‍ പെന്‍ഡ്രൈവും വാട്‌സപ്പ് മെസേജുകളായും സർക്കാരിന്‍റെ പക്കല്‍ ഇരിക്കുകയാണ്. എന്നാല്‍ മൊഴിക്ക് പുറമെ ഇരകളോട് പരാതി നല്‍കാന്‍ സർക്കാർ ആവശ്യപ്പെടുകയാണെന്നും വി. ഡി സതീശന്‍ ആരോപിച്ചു.