പാര്‍ട്ടിയില്‍ ചില വിഭാഗീയതകളുണ്ട്. അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകുമെന്നും തോമസ് കെ. തോമസ് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റിനെ തീരുമാനിക്കുന്നതടക്കമുള്ള പാര്‍ട്ടിയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറാണെന്ന് തോമസ് കെ. തോമസ്. എ.കെ. ശശീന്ദ്രനൊപ്പം ശരദ് പവാറിനെ കാണുമെന്നും തോമസ് കെ. തോമസ് പറഞ്ഞു.
പാര്‍ട്ടിക്ക് നേതൃത്വം വേണം. പാര്‍ട്ടിയില്‍ ചില വിഭാഗീയതകളുണ്ട്. അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകും. പവാര്‍ തന്നോട് പ്രസിഡന്റാകാന്‍ പറയുമെന്നാണ് കരുതുന്നത്. മന്ത്രിസ്ഥാനത്തിന് പകരമല്ല പ്രസിഡന്റ് സ്ഥാനമെന്നും തോമസ് കെ. തോമസ് പറഞ്ഞു. സിപിഎമ്മിന് തന്നോട് എതിര്‍പ്പില്ല. സിപിഎം സമ്മേളനത്തിലെ വിമര്‍ശനത്തില്‍ മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍സിപി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണയ്ക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് ആരും അയോഗ്യരല്ല. എല്ലാവര്‍ക്കും ഓരോ കഴിവുകളുണ്ട്. തോമസ് കെ. തോമസ് യോഗ്യനാണോ അല്ലയോ എന്ന് താന്‍ എങ്ങനെ തീരുമാനിക്കാനാണെന്നും ശശീന്ദ്രന്‍ പറഞ്ഞിരുന്നു.
മന്ത്രി മാറ്റത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് എന്‍സിപി അധ്യക്ഷ സ്ഥാനത്ത് നിന്നും പി.സി. ചാക്കോ രാജിവെക്കുന്നത്. എന്‍സിപിയിലെ മന്ത്രിമാറ്റത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയതില്‍ പി.സി. ചാക്കോ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി തീരുമാനം നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നുവെന്ന് നേരത്തെ പിസി ചാക്കോ നേതൃയോഗത്തില്‍ പറഞ്ഞിരുന്നു.
എന്‍സിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലെ പി.സി. ചാക്കോയുടെ സംഭാഷണം പുറത്തുവരികയും ചെയ്തിരുന്നു. വനം മന്ത്രി എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കുന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ ഏറെ കാലമായി നടന്നുവരികയാണ്.
ഇതിനു പിന്നാലെ പി.സി. ചാക്കോയെ എന്‍സിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ പാര്‍ട്ടിക്കുള്ളില്‍ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനായി ശശീന്ദ്രന്‍ വിഭാഗം മന്ത്രിയുടെ വസതിയില്‍ രഹസ്യ യോഗവും ചേര്‍ന്നു. എന്‍സിപിയിലെ 25 സംസ്ഥാനതല നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.
മന്ത്രിമാറ്റത്തില്‍ പി.സി. ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്നായിരുന്നു എ.കെ. ശശീന്ദ്രന്റെ ആരോപണം. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.