ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ മന്ത്രിയാകുമെന്നും തന്നെ മന്ത്രി ആക്കണമെന്നുള്ളത് സംസ്ഥാന ദേശീയ നേതൃത്വങ്ങളുടെ തീരുമാനമാണെന്നും തോമസ് കെ. തോമസ് വ്യക്തമാക്കി
എന്‍സിപിയിലെ കോഴ വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസ്. മന്ത്രിയാകാൻ പോകുന്നു എന്ന ഘട്ടത്തിലാണ് പല വാർത്തകളും പുറത്തു വരുന്നതെന്നും ഇതൊക്കെ അടിസ്ഥാനരഹിതമായ വാർത്തകളാണെന്നുമായിരുന്നു തോമസ് കെ. തോമസിന്‍റെ പ്രതികരണം. എൻസിപിയിലെ അജിത് പവാർ പക്ഷത്തേക്ക് ചേരാൻ എംഎൽഎമാരായ കോവൂർ കുഞ്ഞുമോനും ആൻ്റണി രാജുവിനും തോമസ് കെ. തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം.
"കുട്ടനാടിൻ്റെ വികസനം മാത്രമാണ് ലക്ഷ്യം.വാർത്ത ആരാണ് നൽകിയതെന്ന് അറിയില്ല. കോവൂർ കുഞ്ഞുമോൻ്റെ മറുപടി മതി എല്ലാവരുടെയും വായ അടയ്ക്കാൻ. ആൻ്റണി രാജു നൽകിയ പരാതിയെപ്പറ്റി പാർട്ടി സംസ്ഥാന പ്രസിഡൻ്റിനോട് മുഖ്യമന്ത്രി പറഞ്ഞിരുന്നു", തോമസ് കെ. തോമസ് പറഞ്ഞു.
ശരദ് പവാറിന് ഒപ്പമാണ് എപ്പോഴുമെന്നും തോമസ് കെ. തോമസ് വ്യക്തമാക്കി. അജിത് പവാർ പക്ഷം ഇന്നുവരെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല. തന്‍റെ മന്ത്രിസ്ഥാനം ഇതുവരെ ദേശീയ നേതൃത്വം നിഷേധിച്ചിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.
"നിലവിൽ ഉയർന്ന ആരോപണം കൊണ്ടാണ് മന്ത്രിസ്ഥാനം വൈകുന്നത് എന്ന് ആരും പറഞ്ഞിട്ടില്ല. അങ്ങനെ ഉണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് എന്നോട് നേരിട്ട് പറയാമല്ലോ? തോമസ് കെ തോമസിനെ പേടിക്കേണ്ട കാര്യം മുഖ്യമന്ത്രിയ്ക്ക് ഇല്ല. ഉപതെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനത്തെ കുറിച്ച് തീരുമാനം എന്ന് നേരത്തെയും പറഞ്ഞിട്ടുള്ളതാണ്", തോമസ് കെ. തോമസ് പറഞ്ഞു.
തോമസ് ചാണ്ടിക്ക് പ്രതിസന്ധി ഉണ്ടായപ്പോൾ ചാനലുകളിൽ ഇരുന്ന് ഏറ്റവും കൂടുതൽ ദ്രോഹിച്ചത് ആന്‍റണി രാജുവാണെന്നും തോമസ് കെ തോമസ് ആരോപിച്ചു. ആന്‍റണി രാജു തന്നെ മന്ത്രി ആകാൻ അനുവദിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിനു മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും കുട്ടനാട് എംഎല്‍എ പറഞ്ഞു.
Also Read: "100 കോടി വാഗ്ദാനം നൽകി, എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചു"; തോമസ് കെ. തോമസിനെതിരെ വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി
"എന്നെ സ്ഥാനാർഥി ആക്കണമെന്ന് തോമസ് ചാണ്ടിയാണ് മുഖ്യമന്ത്രിയെ അറിയിച്ചത്. തനിക്ക് പിൻഗാമി ആയിട്ട് തോമസ് കെ തോമസ് വരണമെന്ന് അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിയുടെ മരണത്തിൻ്റെ ആഘാതത്തിൽ നിന്നു ഇതുവരെ മുക്തനായിട്ടില്ല. അദ്ദേഹമാണ് ബലം. തോമസ് ചാണ്ടിയുടെ ആഗ്രഹ പ്രകാരമാണ് സ്ഥാനാർഥിയാക്കിയത്", തോമസ് കെ. തോമസ് അറിയിച്ചു.
"ജനാധിപത്യ കേരള കോൺഗ്രസിന് സീറ്റ് കിട്ടാൻ വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍. 100കോടി നൽകി രണ്ട് എംഎൽഎമാരെ വാങ്ങിയിട്ട് താൻ എന്ത് ചെയ്യാൻ. പറയുമ്പോൾ ഒരു മര്യാദയുള്ള തുകയൊക്കെ വേണ്ടേ പറയാൻ. ആന്‍റണി രാജു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. മാനസികമായി പണ്ടേ അകൽച്ച ഉള്ള ആളാണ് ആൻ്റണി രാജു. ഒരു പേടിയുമില്ല,
ദൈവഭയത്തോടെയാണ് ജീവിക്കുന്നത്. ആര് കൈവിട്ടാലും ദൈവം കൈവിടില്ല. ശശീന്ദ്രൻ നല്ല മന്ത്രിയാണ്", തോമസ് കെ. തോമസ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ മന്ത്രിയാകുമെന്നും തന്നെ മന്ത്രി ആക്കണമെന്നുള്ളത് സംസ്ഥാന ദേശീയ നേതൃത്വങ്ങളുടെ തീരുമാനമാണെന്നും തോമസ് കെ. തോമസ് വ്യക്തമാക്കി.
അതേസമയം, കോഴ ആരോപണങ്ങള്‍ എൻസിപി ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ നിഷേധിച്ചു. കോഴ ആരോപണം താൻ കേട്ടിട്ടില്ലെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയുടെ പ്രതികരണം. കോഴ ആരോപണം നിഷേധിച്ച എൻസിപി അജിത് പവാർ വിഭാഗം ജനറൽ സെക്രട്ടറി ബ്രിജ് മോഹൻ ശ്രീവാസ്തവയും രംഗത്തെത്തി. കേരളത്തിലെ ഒരു എംഎൽഎയ്ക്കും കൂറ് മാറാൻ വേണ്ടി പണം വാഗ്ദാനം ചെയ്തിട്ടില്ല , ഇതിനായി ഒരു എംഎൽഎയേയും ബന്ധപ്പെട്ടിട്ടില്ലെന്നും ബ്രിജ് മോഹൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
Also Read: കോഴയിൽ കുരുങ്ങി; അഭിപ്രായം പറയേണ്ടത് എൻസിപിയെന്ന് എൽഡിഎഫ് കൺവീനർ, ആരോപണം നിഷേധിച്ച് നേതൃത്വം
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന നിയമസഭാ സമ്മേളനത്തിനിടെ, എൻസിപി (ശരദ് പവാർ വിഭാഗം) എംഎൽഎയായ തോമസ് കെ. തോമസ് എൽഡിഎഫ് എംഎൽഎമാരെ അജിത് പവാർ വിഭാഗത്തിലേക്ക് കൂറുമാറ്റാൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയെ അറിയിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആൻ്റണി രാജുവാണ് മുഖ്യമന്ത്രിയെ ഈ വിവരം അറിയിച്ചതെന്നാണ് സൂചന. വാഗ്ദാനം ലഭിച്ചിരുന്നുവെന്ന് ആൻ്റണി രാജു മുഖ്യമന്ത്രിയോട് സമ്മതിക്കുകയും ചെയ്തു. എന്നാൽ, സംഭവം ഓർമയില്ലെന്നാണ് കോവൂർ കുഞ്ഞുമോൻ അറിയിച്ചത്. തോമസ് കെ. തോമസിനെ അവിശ്വസിക്കേണ്ടതില്ലെന്നും വാർത്ത വിശ്വസനീയമായി തോന്നിയില്ലെന്നുമായിരുന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍റെ പ്രതികരണം. എൽഡിഎഫ് എംഎംൽഎമാരെ വില കൊടുത്ത് വാങ്ങാൻ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്തമാക്കി.