സതീശന്റെ വീട്ടില്‍ താന്‍ വന്നിട്ടേയില്ല എന്നായിരുന്നു ഇന്നലെ ശോഭ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശിന്റെ വീട്ടില്‍ പോയിട്ടില്ലെന്ന ശോഭ സുരേന്ദ്രന്റെ വാദം പൊളിയുന്നു. ശോഭ സുരേന്ദ്രൻ തിരൂര്‍ സതീശിന്റെ വീട്ടിലെത്തി ഭാര്യയ്ക്കും മകനുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. തിരൂര്‍ സതീശ് തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
സതീശന്റെ ഭാര്യയോടും മകനോടും ഒപ്പം വീടിനകത്ത് നില്‍ക്കുന്നതാണ് ചിത്രം. സതീശന്റെ വീട്ടില്‍ താന്‍ വന്നിട്ടേയില്ല എന്നായിരുന്നു ഇന്നലെ ശോഭ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ആറ് മാസം മുമ്പ് വന്നതിന്റെ ചിത്രമാണ് പുറത്തുവിട്ടതെന്നാണ് സതീശിന്റെ പ്രതികരണം.
ALSO READ: തിരൂർ സതീശ് സിപിഎമ്മിൻ്റെ ടൂൾ; ആരോപണത്തിന് പിന്നിൽ എകെജി സെൻ്ററെന്ന് ശോഭ സുരേന്ദ്രൻ
കൊടകര കുഴല്‍പ്പണ കേസില്‍ തിരൂര്‍ സതീശിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായാണ് കഴിഞ്ഞ ദിവസം ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളെ കണ്ടത്. കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിക്കെതിരായ ആരോപണങ്ങളുടെ കഥയും തിരക്കഥയും സംഭാഷണവും എകെജി സെന്റര്‍ വകയാണെന്നും തിരൂര്‍ സതീശ് സിപിഎമ്മിന്റെ ടൂളാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.
പാര്‍ട്ടിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം ആരോപണം നടത്തുന്നതെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സതീശിനെ ഉപയോഗിച്ച് തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. പ്രസിഡന്റ് ആകാന്‍ തനിക്ക് അയോഗ്യതയില്ലെന്നും എന്താണ് അയോഗ്യതയെന്നും ശോഭ ചോദിച്ചു. താന്‍ നൂലില്‍ കെട്ടി ഇറങ്ങി വന്ന ആളല്ല, തനിക്ക് ഗോഡ് ഫാദര്‍മാരില്ല. സതീശിനെ കൊണ്ട് സുരേന്ദ്രനെതിരെ പറയിച്ച് തനിക്ക് പ്രസിഡന്റ് ആവേണ്ട കാര്യമില്ലെന്നും ശോഭ പറഞ്ഞിരുന്നു.