പേപ്പർ ചോർച്ച തെളിയിക്കാൻ ഒരു തെളിവും പുറത്ത് വന്നിട്ടില്ലെന്നും ധർമേന്ദ്ര
തെരഞ്ഞെടുപ്പിൽ തോറ്റ കോൺഗ്രസ് കേന്ദ്രത്തിനെതിരായി പുതിയ പ്രശ്നങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുകയാണെന്നും വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. നീറ്റ് യുജി പരീക്ഷക്കെതിരായ വ്യാപക പ്രതിഷേധവും രോഷവും വിദ്യാഭ്യാസ മന്ത്രി തള്ളി കളഞ്ഞെന്ന കോൺഗ്രസ് പരാമർശത്തിന് പിന്നാലെയാണ് ധർമേന്ദ്ര പ്രധാൻ രംഗത്തെത്തിയിരിക്കുന്നത്. നീറ്റ് പരീക്ഷയെഴുതിയ 24 ലക്ഷം വിദ്യാർത്ഥികളുടെ മുറിവിൽ ഉപ്പ് തേക്കുകയാണ് മന്ത്രിയെന്നും കോൺഗ്രസ് ആരോപിച്ചു.
എന്നാൽ പേപ്പർ ചോർച്ച തെളിയിക്കാൻ ഒരു തെളിവും പുറത്ത് വന്നിട്ടില്ലെന്നായിരുന്നു ധർമേന്ദ്രയുടെ മറുപടി.നുണകളുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും കോൺഗ്രസ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എൻസിആർടി അടുത്തിടെ പാഠപുസ്തകങ്ങളിൽ മാറ്റം വരുത്തിയിരുന്നു. ഇതിന് അനുസൃതമായി നീറ്റ് സിലബസ് കുറച്ചതുൾപ്പെടയുള്ള ഘടകങ്ങളാണ് ഈ വർഷത്തെ ഉയർന്ന വിജയത്തിന് പിന്നിലെ കാരണങ്ങളെന്നായിരുന്നു മന്ത്രിയുടെ വാദം.
വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ എഐസിസി മീഡിയ ആൻഡ് പബ്ലിസിറ്റി ഡിപാർട്മെൻ്റ് ചെയർമാൻ പവൻ രേഖ കേന്ദ്ര സർക്കാരിനോടും വിദ്യാഭ്യാസ മന്ത്രിയോടുമായി നീറ്റ് വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. പവൻ രേഖയുടെ ചോദ്യങ്ങളെല്ലാം നിഷേധിച്ച ധർമേന്ദ്ര പ്രധാൻ ആരോപണങ്ങളിൽ സത്യമുണ്ടെന്ന് തെളിയിക്കപ്പെട്ടാൽ പിന്നിൽ പ്രവർത്തിച്ചവരാരും രക്ഷപ്പെടില്ലെന്നും കൂട്ടിച്ചേർത്തു.