കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളിലാണ് കളളിൽ കഫ് സിറപ്പ് കണ്ടെത്തിയത്
പാലക്കാട് ചിറ്റൂരിൽ കള്ളിൽ കഫ് സിറപ്പ് കണ്ടെത്തിയ ഷാപ്പുകളുടെ ലൈസൻസ് സസ്പെന്റ് ചെയ്തു. കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളിലാണ് കളളിൽ കഫ് സിറപ്പ് കണ്ടെത്തിയത്. എക്സൈസ് കമ്മീഷണറാണ് ഈ ഷാപ്പുകളുടെ ലൈസൻസ് സസ്പെന്റ് ചെയ്ത് ഉത്തരവിറക്കിയത്.
കഴിഞ്ഞ ദിവസമാണ് കള്ളിൽ കഫ് സിറപ്പുണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെ ഷാപ്പുകൾ അടച്ചുപൂട്ടാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ചിറ്റൂർ കുറ്റിപ്പള്ളം ഷാപ്പിന് മുന്നിൽ നടത്തിയ പ്രതിഷേധത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കള്ള് ഒഴുക്കി കളഞ്ഞു. തുടർന്ന് ഷാപ്പ് പൂട്ടിച്ച ശേഷമാണ് സമരം അവസാനിച്ചത്. നാളെയും ഷാപ്പ് തുറക്കുകയാണെങ്കിൽ സമരം ശക്തമാക്കുമെന്ന് നേതാക്കൾ പറഞ്ഞിരുന്നു.
2024 സെപ്തംബർ എട്ടിന് ചിറ്റൂർ മേഖലയിലെ അഞ്ച് കളള് ഷാപ്പുകളിൽ നിന്നും ശേഖരിച്ച സാമ്പിളിന്റെ രാസ പരിശോധന ഫലമാണ് ഞെട്ടിപ്പിക്കുന്നത്. കുറ്റിപ്പള്ളത്തെ TS അൻപത്തിയൊമ്പതാം നമ്പർ ഷാപ്പിൽ നിന്നും വണ്ണാമടയിലെ TS മുപ്പത്തിയാറാം നമ്പർ ഷാപ്പിൽ നിന്നും ശേഖരിച്ച സാമ്പിളിലാണ് കഫ് സിറപ്പായ ബെനാഡ്രിലിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
കൊച്ചിയിലെ രാസ പരിശോധനാ ലാബിലാണ് കളളിന്റെ ഗുണനിലവാരം പരിശോധിച്ചത്. ലഹരി കൂട്ടുന്നതിന് കളളിൽ കഫ് സിറപ്പ് ചേർത്തതാണോയെന്നാണ് സംശയിക്കുന്നത്. ഇതിന് പുറമെ മാനസികാരോഗ്യ ചികിത്സക്കായും മറ്റും ഉപയോഗിക്കുന്ന ഡയസെപാമിന്റെ സാന്നിധ്യവും കണ്ടെത്തി. കളളിലെ ബെനാഡ്രിലിന്റെ സാന്നിധ്യം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്.
ബെനാഡ്രിലിന്റെ സാന്നിധ്യം കണ്ടെത്തിയ രണ്ടു കളള് ഷാപ്പുകളുടെയും ലൈസൻസി ഒരാളാണ്. ചിറ്റൂർ ആറാംപാടം സ്വദേശി ശിവരാജന്റെ ഉടമസ്ഥതയിലുള്ളതാണ് കളള് ഷാപ്പുകൾ. സംഭവത്തിൽ ലൈസൻസിക്കെതിരെയും, കളള് ഷാപ്പ് ജീവനക്കാരായ രാജു, വിനോദ് എന്നിവർക്കെതിരെയും എക്‌സൈസ് കേസെടുത്തു. ഷാപ്പിന്റെ ലൈസൻസ് സസ്പെന്റ് ചെയ്യാനും ശുപാർശയുണ്ട്.
കള്ളിൽ വീര്യം കൂട്ടാൻ പല രീതിയിൽ മായം ചേർക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കഫ് സിറപ്പ് ഉപയോഗിക്കുന്നത് അപൂർവ്വമാണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. അതുകൊണ്ടു തന്നെ വിശദമായ പരിശോധന നടത്താനും കർശന നടപടിയെടുക്കാനും അധികൃതർ തയ്യാറാകണമെന്നാണ് ആവശ്യം ഉയരുന്നത്.