ജനങ്ങൾ നൽകിയിട്ടുള്ള സൂര്യതേജസ് ഇത്തരം വർത്തമാനം കൊണ്ട് കെട്ടുപോകില്ല. ജനങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായാണ് അൻവർ പ്രവർത്തിക്കുന്നതെന്നും രാമകൃഷ്ണൻ പറഞ്ഞു
പി.വി. അൻവറിനെ തള്ളി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. അൻവർ ശത്രുക്കളുടെ കയ്യിൽ കിടന്ന് കളിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയത് പാർട്ടി നിലപാടാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ തേജസ് കൃത്രിമമായി നിർമിച്ചതല്ല, ജനങ്ങൾ നൽകിയിട്ടുള്ള സൂര്യതേജസാണ് മുഖ്യമന്ത്രിയെന്നും രാമകൃഷ്ണൻ പറഞ്ഞു.
READ MORE: വാദിക്കലും ജയിക്കലും ലക്ഷ്യമായി കാണുമ്പോൾ വസ്തുത നഷ്ടപ്പെടും, സത്യത്തിനാണ് പ്രാധാന്യം: പിണറായി വിജയൻ
അൻവർ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇത്തരത്തിൽ ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി വ്യക്തമാക്കിയത് പാർട്ടി നിലപാടാണ്. അൻവർ ശത്രുക്കളുടെ കയ്യിൽ കളിക്കുകയാണ്. മുഖ്യമന്ത്രി ചതിച്ചു എന്നത് അടിസ്ഥാന രഹിതമാണ്. ജനങ്ങൾ നൽകിയിട്ടുള്ള സൂര്യതേജസ് ഇത്തരം വർത്തമാനം കൊണ്ട് കെട്ടുപോകില്ല. ജനങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായാണ് അൻവർ പ്രവർത്തിക്കുന്നത്. ഈ നിലപാട് തിരുത്താൻ അദ്ദേഹം തയാറാവണം. സിപിഎം അംഗമാണെങ്കിൽ അൻവറിനെ സസ്പെൻഡ് ചെയ്യാമായിരുന്നു. എന്നാൽ അദ്ദേഹം സ്വതന്ത്ര എംഎൽഎയാണ്. അനുദിനം ഓരോ പുതിയ ആരോപണങ്ങളാണ് അൻവർ ഉന്നയിക്കുന്നത്. അത് ശരിയായ രീതിയല്ല.- ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരായ പി.വി.അൻവർ എംഎൽഎയുടെ വാർത്തസമ്മേളനത്തിനു പിന്നാലെയാണ് ടി.പി. രാമകൃഷ്ണൻ്റെ ആരോപണം. എഡിജിപിയുടെ കഥക്കനുസരിച്ച് തന്നെ പ്രതിയാക്കാനാണ് മുഖ്യമന്ത്രിയും ശ്രമിക്കുന്നതെന്ന് അൻവർ ആരോപിച്ചു.ഇതനുസരിച്ച് പൊലീസ് തനിക്ക് പിന്നാലെയാണെന്നും അദ്ദേഹം പറഞ്ഞു.സ്വർണക്കടത്തിൽ തനിക്ക് പങ്കുണ്ടെന്ന് പൊതുസമൂഹത്തിനെ ബോധിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു. കള്ളക്കടത്തുകാരെ മഹത്വവത്കരിക്കരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയാതെ പറഞ്ഞത്. അത്രത്തോളം കടന്നു പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവനകളെല്ലാം എഡിജിപി എം.ആർ. അജിത് കുമാറിൻ്റെ തിരക്കഥയാണ്. ഈ കഥയിലേക്ക് തന്നെ പ്രതിയാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നുമാണ് അൻവറിൻ്റെ ആരോപണം.