21 മില്യൺ ഡോളറാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (USAID) വോട്ടിങ് ശതമാനം വർധിപ്പിക്കാനായി ഇന്ത്യക്ക് നൽകിയത്
ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനു ജോ ബൈഡൻ ഭരണകൂടം ഫണ്ട് നൽകിയ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരാമർശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് മൂന്നാം വട്ടമാണ് ഇന്ത്യക്ക് നൽകിയ ഫണ്ടിങ്ങിനെ വിമർശിച്ച് ട്രംപ് രംഗത്തെത്തുന്നത്. ഗവർണേഴ്സ് വർക്കിങ് സെഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. 21 മില്യൺ ഡോളറാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (USAID) വോട്ടിങ് ശതമാനം വർധിപ്പിക്കാനായി ഇന്ത്യക്ക് നൽകിയത്. ഈ ഫണ്ടിങ് റദ്ദാക്കുന്നതായി ഇലോൺ മസ്‌കിൻ്റെ നേതൃത്വത്തിലുള്ള ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസി(DOGE) പ്രഖ്യാപിച്ചിരുന്നു.
"ഇന്ത്യയിലെ വോട്ടിങ് ശതമാനം വർധിപ്പിക്കുവാനായി എന്റെ ഫ്രണ്ട് മോദിക്ക് 21 മില്ല്യൺ ഡോളറാണ് പോയത്. ഇന്ത്യയിലെ വോട്ടിങ് പ്രോത്സാഹിപ്പിക്കാൻ നമ്മൾ 21 മില്ല്യൺ നൽകുന്നു. നമുക്കോ? എനിക്കും വോട്ടിങ് ശതമാനം കൂട്ടണം", ട്രംപ് പറഞ്ഞു. ബംഗ്ലാദേശിന്റെ രാഷ്ട്രീയ പരിതസ്ഥിതി മെച്ചപ്പെടുത്താനായി 29 മില്ല്യൺ ഡോളർ നൽകിയ നടപടിയേയും ട്രംപ് വിമർശിച്ചു.
Also Read: 'ട്രംപിന്റെ വർണവെറി'; കറുത്ത വംശജനായ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാനെ പുറത്താക്കി
ട്രംപിന്റെ പ്രസംഗം എക്സിൽ പങ്കുവച്ച ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പ്രതിപക്ഷത്തെയും ഇടതുപക്ഷത്തെയും വിമർശിച്ചു. 'ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി USAID നടത്തുന്ന ഫണ്ടിങ് ശ്രമങ്ങളെക്കുറിച്ചുള്ള തന്റെ അവകാശവാദങ്ങൾ തുടർച്ചയായ മൂന്നാം ദിവസവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിക്കുന്നു. എന്നാൽ സ്വന്തം രാജ്യത്തിന്റെ ചെലവുകളെക്കുറിച്ച് അദ്ദേഹത്തിന് എന്തറിയാം? ഇന്ത്യൻ എക്സ്പ്രസും തലതിരിഞ്ഞ ഇടതുപക്ഷവും കരുതുന്നത് തങ്ങൾക്കത് നന്നായി അറിയാമെന്നാണ്!', മാളവ്യ എക്സിൽ കുറിച്ചു.
വോട്ടിങ് ശതമാനം വർധിപ്പിക്കാൻ ഫണ്ട് നൽകുന്നുണ്ടെങ്കിൽ അത് ബാഹ്യ ഇടപെടലാണെന്നും ഗുണം എന്തായാലും ഭരണകക്ഷിക്കല്ലെന്നുമായിരുന്നു വിവാദങ്ങൾ ആരംഭിച്ച ഘട്ടത്തിൽ തന്നെ മാളവ്യയുടെ പ്രതികരണം. ഇന്ത്യൻ സംവിധാനങ്ങളിലേക്ക് വിദേശ ശക്തികൾ നടത്തുന്ന 'ക്രമാനുഗതമായ നുഴഞ്ഞുകയറ്റവുമായിട്ടാണ്' മാളവ്യ ഈ ഫണ്ടിങ്ങിനെ ബന്ധപ്പെടുത്തിയത്. യുഎസ് ഫിനാൻസിയർ ജോർജ് സോറോസിനെയും കോൺഗ്രസിനെയും ബന്ധപ്പെടുത്തിയാണ് മാളവ്യ ആരോപണം ശക്തമാക്കിയത്. എന്നാൽ ട്രംപ് തന്നെ മോദിക്ക് ഫണ്ട് പോയി എന്ന് പറയുമ്പോൾ അത് വ്യത്യസ്ത വ്യാഖ്യാനങ്ങൾക്ക് കാരണമാകും. ചിലപ്പോൾ ട്രംപിന്റെ തന്നെ മുൻ ആരോപണങ്ങളേയും ഇത് തിരിഞ്ഞുകൊത്തിയേക്കും. ഇന്ത്യയിൽ മറ്റാരെയെങ്കിലും അധികാരത്തിലെത്തിക്കാനിയിരുന്നോ ഫണ്ടിങ് എന്നായിരുന്നു ഇന്നലത്തെ ട്രംപിന്റെ ചോദ്യം. ഈ ചോദ്യത്തിൽ ഊന്നിയാണ് പ്രതിപക്ഷത്തെ മാളവ്യയും ബിജെപിയും കടന്നാക്രമിച്ചത്. എന്നാല്‍ ഫണ്ട് മോദിക്ക് പോയി എന്ന് പറയുന്നിടത്ത് തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങള്‍ ഭരണപക്ഷത്തേക്കും നീളും.
തെരഞ്ഞെടുപ്പ് പ്രക്രിയയെപ്പറ്റിയുള്ള രാജ്യത്തിന്‍റെ ആശങ്കകളെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി തയ്യാറാകുമോ എന്നാണ് ട്രംപിന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എക്സില്‍ കുറിച്ചത്. മഹാരാഷ്ട്രയിലെ വോട്ടിങ് ശതമാനം അസ്വാഭാവികമായി വർധിച്ചതോ പ്രതിപക്ഷ വോട്ടുകള്‍ ഇല്ലാതാക്കിയതോ അറിഞ്ഞാല്‍ പ്രധാനമന്ത്രിയുടെ സുഹൃത്ത് ഭയപ്പെടുമെന്നും വേണുഗോപാല്‍ കുറിച്ചു.
ഇന്ത്യക്ക് പുറമേ ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾക്ക് നൽകി വന്നിരുന്ന ചില യുഎസ് ഫണ്ടിങ്ങുകളും മസ്കിന്റെ വകുപ്പ് ഇടപെട്ട് റദ്ദാക്കിയിരുന്നു. നേപ്പാളിൽ സാമ്പത്തിക ഫെഡറലിസം കൊണ്ടുവരുന്നതിനും ജൈവവൈവിധ്യ സംരക്ഷണത്തിനുമായി ബൈഡൻ സർക്കാർ 39 മില്ല്യൺ ഡോളറാണ് നൽകിയിരുന്നത്. സർക്കാർ ചെലവുകൾ കുറയ്ക്കുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമായിട്ടാണ് അന്താരാഷ്ട്ര ഫണ്ടിങ്ങുകളിൽ ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നതെന്നാണ് മസ്കിന്‍റെ നിലപാട്.