ജനുവരിയില്‍ യുഎസ് പ്രസിഡന്‍റായി അധികാരം ഏറ്റെടുത്തതിന് പിന്നാലെ ചൈനയ്‌ക്കെതിരെ അഞ്ചിരട്ടി തീരുവ വർധനയാണ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്
യുഎസ്-ചൈന വ്യപാര യുദ്ധം രൂക്ഷമാകുന്നു. ചൈനീസ് ഇറക്കുമതികൾക്കുള്ള യുഎസ് തീരുവ നിരക്ക് ഫലത്തിൽ 145 ശതമാനമാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചതാണ് പുതിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഇതോടെ വ്യാപാര-താരിഫ് യുദ്ധത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന മുന്നറിയിപ്പുമായി ചൈനയും രംഗത്തെത്തി.
ജനുവരിയില്‍ യുഎസ് പ്രസിഡന്‍റായി അധികാരം ഏറ്റെടുത്തതിന് പിന്നാലെ ചൈനയ്‌ക്കെതിരെ അഞ്ചിരട്ടി തീരുവ വർധനയാണ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. പത്ത് ശതമാനം വീതമായിരുന്നു ആദ്യ രണ്ട് വർധനകൾ. ഇതിനോട് അളന്നുമുറിച്ച സമീപനമാണ് ചൈന സ്വീകരിച്ചത്. പിന്നാലെ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ 34 ശതമാനം തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചു. ചൈന തിരിച്ച് യുഎസിനു മേല്‍ 34 ശതമാനം തീരുവയും ചുമത്തി. വിവിധ യുഎസ് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും നിര്‍ണായക ധാതു കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചൈനീസ് വാണിജ്യമന്ത്രാലയം വ്യക്തമാക്കി. ചൈനയുടെ നടപടിക്ക് മറുപടിയായി യുഎസ് 50 ശതമാനം അധിക തീരുവ കൂടി ചുമത്തി. ഇതോടെ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മുകളിലുള്ള നികുതി 104 ശതമാനമായി ഉയർന്നു.
Also Read: താരിഫ് യുദ്ധത്തില്‍ യുഎസിനെതിരെ ചൈനയുമായി കൈകോർക്കാനില്ല; മറ്റ് കയറ്റുമതി സാധ്യതകള്‍ തേടി ഓസ്ട്രേലിയ
യുഎസ് ഉൽപ്പന്നങ്ങൾക്ക് മേൽ 84 ശതമാനം മറു ചുങ്കം ചുമത്തിയായിരുന്നു ചൈനയുടെ തിരിച്ചടി. ഇതോടെ ചൈനയ്ക്ക് മേലുള്ള താരിഫ് ട്രംപ് 125 ശതമാനമായി യുഎസ് ഉയർത്തി. ഉടന്‍ ഇത് പ്രബല്യത്തിൽ വരുമെന്നും അറിയിച്ചു. എന്നാല്‍ ഇപ്പോഴിതാ ചൈനയ്ക്ക് മേലുള്ള താരിഫ് 145 ശതമാനമാണെന്നാണ് വൈറ്റ് ഹൗസില്‍ നിന്നും വരുന്ന വിവരം. ട്രംപിന്റെ 125 ശതമാനം താരിഫിന് പുറമേ ചൈനയ്ക്ക് മേൽ ചുമത്തിയ 20 ശതമാനം ഫെന്റനൈൽ അനുബന്ധ താരിഫും കൂടി കൂട്ടിയാണ് 145 ശതമാനം എന്ന് കണക്കാക്കിയിരിക്കുന്നത്. ചൈനയില്‍ നിന്നാണ് രാസലഹരി യുഎസിലേക്ക് എത്തുന്നതെന്നും ഇതിന് തടയിടാന്‍ സർക്കാർ ശ്രമിക്കുന്നില്ലെന്നും കാട്ടിയാണ് ഈ 20 ശതമാനം താരിഫ് ചുമത്തിയിരുന്നത്.
Also Read: വോട്ടർമാർ ഇനി പൗരത്വവും തെളിയിക്കണം; നിർണായകമായ റിപ്പബ്ലിക്കന്‍ ബില്‍ പാസാക്കി യുഎസ് പ്രതിനിധി സഭ
അതേസമയം, യുഎസുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ചൈനയുടെ വാണിജ്യ മന്ത്രാലയം വ്യാഴാഴ്ച പറഞ്ഞു. എന്നാൽ ഈ ചർച്ച പരസ്പര ബഹുമാനത്തിന്റെയും തുല്യതയുടെയും അടിസ്ഥാനത്തിലായിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. ചൈന വ്യാപാര യുദ്ധത്തിന് തയ്യാറല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവും അറിയിച്ചു.