ചീഫ് ജസ്റ്റിസ് ഗുഹനാഥൻ നരേന്ദറും ജസ്റ്റിസ് മനോജ് തിവാരിയും അടങ്ങുന്ന ബെഞ്ചിൻ്റെതാണ് നടപടി
ബാഗേശ്വർ ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും അടിയന്തരമായി നിർത്തിവക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. മണൽക്കല്ല് ഖനനം മൂലം വാസസ്ഥലങ്ങൾക്ക് നാശനഷ്ടമുണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. ചീഫ് ജസ്റ്റിസ് ഗുഹനാഥൻ നരേന്ദറും ജസ്റ്റിസ് മനോജ് തിവാരിയും അടങ്ങുന്ന ബെഞ്ചിൻ്റെതാണ് നടപടി. ഹൈക്കോടതി നിയോഗിച്ച കോടതി കമ്മീഷണർമാരായ മായങ്ക് ജോഷിയും ഷൗറിൻ ധൂലിയയുമാണ് വിഷയത്തിൽ റിപ്പോർട്ട് സമർപ്പിച്ചത്.
ജില്ലയിലെ ഖനന പ്രവർത്തനങ്ങൾ ബന്ദ മേഖലയിലെ ഗ്രാമങ്ങളിലുടനീളമുള്ള വീടുകളുടെ ഭിത്തികളിൽ വിള്ളലുകൾ ഉണ്ടാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിലെ കണ്ടെത്തലുകൾ ആശങ്കാജനകമാണെന്ന് മാത്രമല്ല, ഞെട്ടിക്കുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു. റിപ്പോർട്ടും ഫോട്ടോഗ്രാഫുകളും വ്യക്തമാക്കുന്നത് പ്രദേശത്ത് ഖനന പ്രവർത്തനങ്ങൾ നടക്കുന്നത് നിയമവിരുദ്ധമായാണെന്ന് തെളിയിക്കുന്നതാണെന്നും കോടതി പറഞ്ഞു. പ്രാദേശിക ഭരണകൂടം അതിക്രമത്തിന് നേരെ കണ്ണടക്കുകയാണെന്നും കോടതി വിമർശിച്ചു.
വീടുകൾക്ക് കേടുപാടുകൾ വരുത്തിയ ഖനന പ്രവർത്തനങ്ങൾ മണ്ണിടിച്ചിലിനും ജീവഹാനിക്കും കാരണമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ബാഗേശ്വറിലെ കാണ്ഡ തെഹ്‌സിലിലെ പല ഗ്രാമങ്ങളിലും വീടുകൾക്ക് വിള്ളലുകൾ ഉണ്ടായതായും റിപ്പോർട്ടിലുണ്ട്. സ്റ്റീറ്റൈറ്റ് അല്ലെങ്കിൽ സോപ്പ്സ്റ്റോൺ ഖനന പ്രവർത്തനങ്ങൾ മൂലം വീടുകൾക്ക് വിള്ളലുകൾ ഉണ്ടാകുന്നത് സംബന്ധിച്ച വാർത്താ റിപ്പോർട്ടുകളിൽ സ്വമേധയാ കേസെടുത്ത് വാദം കേൾക്കുകയായിരുന്നു ഹൈക്കോടതി. ജനുവരി 9ന് കേസ് കോടതി വീണ്ടും പരിഗണിക്കും.