യുക്രെയ്‌നും റഷ്യയും തമ്മിലുള്ള അഞ്ച് വർഷത്തെ കരാർ അവസാനിച്ചതിന് പിന്നാലെയാണ് തീരുമാനം പുറത്തുവിട്ടത്
വാതക വിതരണക്കരാർ അവസാനിച്ചതിന് പിന്നാലെ യൂറോപ്യൻ യൂണിയനിലേക്ക് യുക്രെയ്ൻ വഴിയുള്ള റഷ്യൻ വാതകവിതരണം നിലച്ചു. ഇതോടെ 1991 മുതലുള്ള വാതക വിതരണ സംവിധാനത്തിനാണ് വിരാമമായത്. യുക്രെയ്‌നിലെ ഗ്യാസ് ട്രാൻസിറ്റ് ഓപ്പറേറ്ററായ നഫ്‌ടോഗാസും, റഷ്യയുടെ ഗാസ്‌പ്രോമും തമ്മിലുള്ള അഞ്ച് വർഷത്തെ കരാർ അവസാനിച്ചതിന് പിന്നാലെയാണ് തീരുമാനം പുറത്തുവിട്ടത്.
"നമ്മുടെ രക്തത്തിൽ നിന്നും അധികമായി ശതകോടികൾ സമ്പാദിക്കാൻ റഷ്യ"യെ അനുവദിക്കില്ലെന്നും,അതിനുള്ള തയ്യാറെടുപ്പുകൾ യൂറോപ്യൻ യൂണിയന് ഒരു വർഷം സമയം നൽകിയിട്ടുണ്ടെന്നും യുക്രെനിയൻ പ്രസിഡൻ്റ് വ്ളോഡിമർ സെലെൻസ്‌കി നേരത്തെ വ്യക്തമാക്കിയിരുന്നു.
കരിങ്കടലിനു കുറുകെയുള്ള ടർക്ക് സ്ട്രീം പൈപ്പ് ലൈൻ വഴി റഷ്യക്ക് ഇപ്പോഴും ഹംഗറിയിലേക്കും തുർക്കിയിലേക്കും സെർബിയയിലേക്കും വാതകം അയയ്ക്കാൻ കഴിയും. എന്നാൽ അതിന് കൂടുതൽ തുക ചെലവാകും. വാതക കരാർ പുതുക്കാത്ത സാഹചര്യത്തിൽ യൂറോപ്യൻ യൂണിയനിലെത്തിക്കൊണ്ടിരുന്ന വില കുറഞ്ഞ വാതക വിതരണത്തിനാണ് ഇതോടെ പര്യാവസാനമാകുന്നത്.
2022ൽ യുക്രെയ്‌നിലേക്ക് പൂർണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിന് പിന്നാലെ യൂറോപ്യൻ യൂണിയനിലേക്കുള്ള വാതകഇറക്കുമതി ഗണ്യമായി കുറച്ചിട്ടുണ്ട്. പല കിഴക്കൻ രാജ്യങ്ങളും ഇപ്പോഴും വാതകത്തിനായി റഷ്യയെയാണ് ആശ്രയിക്കുന്നത്. ഇതിൽ നിന്നും 5 ബില്യണോളം വരുമാനമാണ് പ്രതിവർഷം റഷ്യ നേടുന്നത്. 2023ൽ യൂറോപ്യൻ യൂണിയൻ്റെ ഗ്യാസ് ഇറക്കുമതി 10% ൽ താഴെയായിരുന്നു. റഷ്യൻ 2021ൽ ഇത് 40% ആയിരുന്നു. സ്ലൊവാക്യയും ഓസ്ട്രിയയും ഉൾപ്പെടെ നിരവധി യൂറോപ്യൻ യൂണിയൻ അംഗങ്ങളാണ് റഷ്യയിൽ നിന്നും വാതകം വാങ്ങുന്നത്.
സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫികോ,റഷ്യൻ പ്രസിഡൻ്റ് വളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, യുക്രെയ്നിലേക്കുള്ള വൈദ്യുതവിതരണം നിർത്തലാക്കണമെന്ന് ഭീഷണി മുഴക്കി. "യുദ്ധത്തിന് സഹായം നൽകാനും, യുക്രെയ്നെ ദുർബലപ്പെടുത്താനും റഷ്യയ്ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിലേക്ക് ഫികോ, സ്ലൊവാക്യയെ വലിച്ചിടുകയാണ്",യുക്രെയ്ൻ പ്രസിഡൻ്റ് വ്ളോഡിമർ സെലൻസ്കി പറഞ്ഞു.'
കരാർ അവസാനിക്കുന്നതോടുകൂടി ഇതിനെത്തുടർന്നുള്ള പ്രശ്നം ഏറ്റവും കൂടുതൽ ബാധിക്കുന്നത് യുറോപ്യൻ രാജ്യമല്ലാത്ത മോൾഡോവയെയാണ്. ഡിസംബർ പകുതി മുതൽ രാജ്യത്ത് ഊർജ മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് സ്വയംപര്യപ്തമായി ഊർജവിതരണം ആരംഭിക്കുമെന്നും, എന്നാലും ഊർജസംരക്ഷണത്തിന് പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മോൾഡോവയുടെ എനർജി മിനിസ്റ്റർ നിർദേശം നൽകിയിട്ടുണ്ട്.