fbwpx
'റഷ്യന്‍ അധിനിവേശത്തെ ചെറുക്കാന്‍ യൂറോപ്പിന് സ്വന്തം സൈന്യം വേണം'; ആഹ്വാനവുമായി സെലന്‍സ്കി
logo

ന്യൂസ് ഡെസ്ക്

Posted : 15 Feb, 2025 05:32 PM

റഷ്യൻ ആക്രമണ സാധ്യതയ്‌ക്കെതിരെ യു.എസ് പിന്തുണ തുടരുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിൽക്കെയാണ് യുക്രെയ്ന്‍ പ്രസിഡന്റിന്റെ വാക്കുകള്‍

WORLD

വൊളോഡിമര്‍ സെലന്‍സ്കി


റഷ്യന്‍ അധിനിവേശത്തെ പ്രതിരോധിക്കാന്‍ യൂറോപ്പിന് സ്വന്തം സൈന്യം വേണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്കി. യൂറോപ്പിന് ഭീഷണിയായ വിഷയങ്ങളിൽ സഹകരിക്കാൻ യു.എസ് വിസമ്മതിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിനാല്‍ യൂറോപ്പ് സ്വന്തം സായുധ സൈന്യത്തെ സൃഷ്ടിച്ചെടുക്കണമെന്ന് സെലന്‍സ്കി പറഞ്ഞു. മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സിലായിരുന്നു സെലന്‍സ്കിയുടെ ആഹ്വാനം. റഷ്യൻ ആക്രമണ സാധ്യതയ്‌ക്കെതിരെ യു.എസ് പിന്തുണ തുടരുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിൽക്കെയാണ് യുക്രെയ്ന്‍ പ്രസിഡന്റിന്റെ വാക്കുകള്‍.

"യൂറോപ്പിന് സ്വന്തം സൈന്യം ആവശ്യമാണെന്ന് പല നേതാക്കളും സംസാരിച്ചിട്ടുണ്ട്. യൂറോപ്പിന്റെ ഒരു സൈന്യം. അതിനുള്ള സമയം വന്നിരിക്കുന്നുവെന്ന് ഞാൻ ശരിക്കും വിശ്വസിക്കുന്നു. യൂറോപ്പിന്റെ സായുധ സേന സൃഷ്ടിക്കപ്പെടണം. പ്രതിരോധ ചെലവ് പ്രധാനമാണ്. എന്നാൽ ഈ ചെലവുകൾ കൊണ്ട് മാത്രം രാജ്യങ്ങള്‍ക്ക് പ്രതിരോധം അസാധ്യമാണ്. നമ്മൾ ഇതിനോടകം ചെയ്തതുപോലെ, റഷ്യൻ ആക്രമണങ്ങൾക്കെതിരെ ഉറച്ചുനിൽക്കുന്നതിനേക്കാൾ സങ്കീർണമായൊരു കാര്യമല്ല അത്. പ്രതിരോധ ചെലവ് ജിഡിപി ശതമാനത്തിന് അനുപാതികമായി വര്‍ധിപ്പിക്കുക എന്നതു മാത്രമല്ല അത്" -സെലന്‍സ്കി പറഞ്ഞു.


ALSO READ: "യുഎസ് മധ്യസ്ഥതയിൽ യുക്രെയ്നുമായി ചർച്ചയ്ക്ക് തയ്യാറെങ്കിൽ, പിടിച്ചെടുത്ത പ്രദേശങ്ങൾ റഷ്യക്ക് തിരികെ നൽകും"; വൊളോഡിമിർ സെലൻസ്കി


തീർച്ചയായും, നമുക്ക് പണം ആവശ്യമാണ്. പക്ഷേ ശത്രുവിന്റെ മുന്നേറ്റം തടയാൻ പണത്തിന് മാത്രം കഴിയില്ലെന്ന് സെലന്‍സ്കി ഓര്‍മപ്പെടുത്തി. യുക്രെയ്ന്‍ സൈന്യത്തെ കൂടാതെ, റഷ്യയെ തടയാൻ യൂറോപ്യൻ സൈന്യങ്ങൾ മതിയാകില്ല. അതാണ് യാഥാർഥ്യം. യൂറോപ്പിലെ നമ്മുടെ സൈന്യത്തിന് മാത്രമേ യഥാർഥവും ആധുനികവുമായ യുദ്ധാനുഭവം ഉള്ളൂ. നാം ഈ യുദ്ധം ചെയ്യുകയും സമാധാനത്തിനും സുരക്ഷയ്ക്കും അടിത്തറ പാകുകയും ചെയ്യുമ്പോൾ, യൂറോപ്പിന്റെ ഭാവി യൂറോപ്യന്മാരെ മാത്രം ആശ്രയിച്ചിരിക്കുന്ന തരത്തിലും, യൂറോപ്പിനെക്കുറിച്ചുള്ള തീരുമാനങ്ങൾ യൂറോപ്പിൽ എടുക്കുന്ന രീതിയിലും യൂറോപ്പിന്റെ സായുധ സേനയെ നാം കെട്ടിപ്പടുക്കണം - സെലന്‍സ്കി ആവര്‍ത്തിച്ചു.

പ്രതിരോധ മേഖലയ്ക്കായി വേണ്ടത്ര പണം ചെലവഴിക്കാത്തതിന് യൂറോപ്യൻ നാറ്റോ അംഗങ്ങളെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് വിമർശിച്ചിരുന്നു. റഷ്യൻ ആക്രമണമുണ്ടായാൽ യൂറോപ്പിനെ പ്രതിരോധിക്കാന്‍ യു.എസ് ഉണ്ടാകില്ലെന്നുമായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന്, യുക്രെയ്ന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളായ പോളണ്ട്, എസ്റ്റോണിയ, ലിത്വാനിയ , ലാത്വിയ എന്നീ രാജ്യങ്ങള്‍ പ്രതിരോധ ചെലവ് വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.


ALSO READ: യുക്രെയ്ന്‍ യുദ്ധം: പുടിനുമായുള്ള ചര്‍ച്ചയിലൊന്നും കാര്യമില്ല, അയാള്‍ ഒറ്റും: മുന്നറിയിപ്പുമായി നവല്‍നിയുടെ ഭാര്യ


അടുത്ത വർഷം നാറ്റോ രാജ്യങ്ങളെ ലക്ഷ്യം വച്ചുള്ള ഒരു വലിയ സൈനിക ആക്രമണത്തിന് റഷ്യ തയ്യാറെടുക്കുകയാണെന്ന് സെലന്‍സ്കി പറഞ്ഞിരുന്നു. ഒന്നു മുതല്‍ ഒന്നര ലക്ഷം വരെ സൈനികരെ, അതായത് 15 ഡിവിഷനുകളെ വിന്യസിക്കാനാണ് റഷ്യയുടെ പദ്ധതി. അവരുടെ ആദ്യ ലക്ഷ്യം ബെലാറസ് ആയിരിക്കുമെന്നും ആയിരുന്നു സെലന്‍സ്കിയുടെ വാക്കുകള്‍. അതിന്റെ തുടര്‍ച്ചയെന്നോണമാണ്, യൂറോപ്പിന് സ്വന്തം സേനയ്ക്കായുള്ള ആഹ്വാനം.

Also Read
user
Share This

Popular

KERALA
MALAYALAM MOVIE
"ആഗോള സംഗമത്തിൽ എത്തിയ പ്രതിപക്ഷ നേതാവ് സ്വീകരിച്ചത് പ്രായോഗിക നിലപാട്, എൽഡിഎഫ് അത് സ്വാഗതം ചെയ്യുന്നു": ടി.പി. രാമകൃഷ്ണൻ