മുറിയിലേക്ക് വിളിച്ചു വരുത്തിയാണ് മാധ്യമപ്രവർത്തകനോട് അപമര്യാദയായി പെരുമാറിയത്
വഖഫ് പരാമർശത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകനെ ഒറ്റയ്ക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. 24 ന്യൂസ് ചാനലിലെ മാധ്യമപ്രവർത്തകനായ അലക്സ് റാം മുഹമ്മദിനെതിരെയാണ് ഭീഷണി. മുറിയിലേക്ക് വിളിച്ചു വരുത്തിയാണ് മാധ്യമപ്രവർത്തകനോട് അപമര്യാദയായി പെരുമാറിയത്.
ഒരു സ്വകാര്യ പരിപാടിയിൽ ഉദ്ഘാടകനായാണ് തിരുവനന്തപുരത്ത് സുരേഷ് ഗോപിയെത്തിയത്. ഇതിനിടെയാണ് മുനമ്പം വഖഫ് പരാമർശത്തിൽ പ്രതികരണം ആരാഞ്ഞത്. എന്നാൽ അപ്പോൾ ചോദ്യത്തിന് ഉത്തരം നൽകാൻ സൗകര്യമില്ലെന്ന് പറഞ്ഞ് സുരേഷ് ഗോപി ഒഴിഞ്ഞു മാറി. ശേഷമാണ് മാധ്യമപ്രവർത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തിയത്.
മാധ്യമപ്രവർത്തകനെ വിളിച്ചുവരുത്തിയത് വീഡിയോയിൽ പകർത്താൻ സുരേഷ് ഗോപിയുടെ ഗൺമാൻ ശ്രമിച്ചു. എന്നാൽ മറ്റ് മാധ്യമങ്ങളെ അകത്തേക്ക് വിളിക്കുമെന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞതോടെ മൊബൈൽ ഓഫ് ചെയ്യുകയായിരുന്നു. പാർലമെന്റിൽ കാണിച്ചുതരാമെന്നും റിപ്പോർട്ടറോട് സുരേഷ് ഗോപി പറഞ്ഞു. എന്തിനാണ് അപമര്യാദയായി പെരുമാറുന്നതെന്ന ചേദ്യത്തിന് സുരേഷ് ഗോപി മറുപടി നൽകിയില്ല.
അതേസമയം സംഭവത്തിൽ സുരേഷ് ഗോപിയുടെ പെരുമാറ്റം അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പറഞ്ഞു. ചോദ്യത്തിന് ഉത്തരം നൽകാൻ സൗകര്യമില്ലെന്ന് മാധ്യമപ്രവർത്തകനെ വ്യക്തിപരമായി വിളിച്ചു വരുത്തി എന്ന് പറയുന്നത് മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവും അവഹേളനവുമാണെന്നും പ്രസ്താവനയിൽ പറയുന്നു.
കേന്ദ്രമന്ത്രിയിൽ നിന്നുള്ള ഈ പ്രതികരണം ജനാധിപത്യ മര്യാദയ്ക്ക് ഭൂഷണമല്ല. മാധ്യമപ്രവർത്തകർക്കു നേരെയുള്ള ഇത്തരം പ്രവണതകൾ ഒഴിവാക്കണമെന്നും കേന്ദ്രമന്ത്രി പദവിക്കു യോജിച്ച തിരുത്തലിന് തയാറാകണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫനും, സെക്രട്ടറി അനുപമ ജി. നായരും ആവശ്യപ്പെട്ടു.