ആയിരക്കണക്കിന് പ്രൊബേഷണറി ജീവനക്കാരെ പിരിച്ചുവിടാൻ വിവിധ സർക്കാർ ഏജൻസികൾക്ക് നൽകിയ ഉത്തരവ് റദ്ദാക്കണമെന്നാണ് ഓഫീസ് ഓഫ് പേഴ്സണൽ മാനേജ്മെന്റിന് നൽകിയിരിക്കുന്ന നിർദേശം
യുഎസിലെ സർക്കാർ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഇലോൺ മസ്കിന്റെയും ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കാലിഫോർണിയ ഫെഡറൽ ജഡ്ജ്. ആയിരക്കണക്കിന് പ്രൊബേഷണറി ജീവനക്കാരെ പിരിച്ചുവിടാൻ വിവിധ സർക്കാർ ഏജൻസികൾക്ക് നൽകിയ ഉത്തരവ് റദ്ദാക്കണമെന്നാണ് ഓഫീസ് ഓഫ് പേഴ്സണൽ മാനേജ്മെന്റിന് നൽകിയിരിക്കുന്ന നിർദേശം. വിവിധ തൊഴിലാളി യൂണിയനുകൾ നൽകിയ ഹർജി പരിശോധിച്ച ശേഷം യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് വില്ല്യം അൾസപിന്റെയാണ് നടപടി.
നിയമപ്രകാരം മറ്റൊരു ഏജൻസിയിലെ ജീവനക്കാരെ നിയമിക്കാനും പിരിച്ചുവിടാനും പേഴ്‌സണൽ മാനേജ്‌മെന്റ് ഓഫീസിന് യാതൊരു അധികാരവുമില്ലെന്ന് യുഎസ് ജില്ലാ ജഡ്ജി വില്ല്യം പറഞ്ഞതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ജീവനക്കാരെ നിയമിക്കാനും പിരിച്ചുവിടാനുമുള്ള അധികാരം അതാത് ഏജൻസികൾക്കാണ് കോൺഗ്രസ് അനുവദിച്ചു നൽകിയിരിക്കുന്നതെന്നും വില്ല്യം അൾസപ് പറഞ്ഞു.
Also Read: ഗാസ ഡോക്യുമെന്‍ററിയിൽ കണ്ടെത്തിയത് ഗുരുതര പിഴവുകൾ; ക്ഷമാപണം നടത്തി ബിബിസി
ജനുവരി 20നും ഫെബ്രുവരി 14നുമായാണ് നിർണായക ചുമതലകളില്ലാത്ത പ്രൊബേഷണറി ജീവനക്കാരെ പിരിച്ചുവിടാൻ ആവശ്യപ്പെട്ടുകൊണ്ട് വിവിധ ഏജൻസികൾക്ക് ഓഫീസ് ഓഫ് പേഴ്സണൽ മാനേജ്മെന്റ് ഇമെയിൽ അയച്ചത്. ഇത്തരത്തിൽ കൂട്ടമായി പ്രൊബേഷണറി ജീവനക്കാരെ പിരിച്ചുവിട്ടാൽ അത് വ്യാപകമായ ദോഷങ്ങൾക്ക് കാരണമാകുമെന്നായിരുന്നു ഈ തീരുമാനം റദ്ദാക്കാൻ ആവശ്യപ്പെുകൊണ്ട് ജഡ്ജ് നിരീക്ഷിച്ചത്. എന്നാൽ പ്രൊബേഷണറി ജീവനക്കാരുടെ പ്രവർത്തനം വിലയിരുത്താനും ആരെയൊക്കെ പിരിച്ചുവിടാൻ സാധിക്കും എന്ന സാധ്യത പരിശോധിക്കാനും മാത്രമാണ് ഇമെയിൽ വഴി ഉദ്ദേശിച്ചതെന്നും അടിയന്തരമായി ജീവനക്കാരെ പിരിച്ചുവിടാനുള്ള ഉത്തരവായിരുന്നില്ല അതെന്നുമാണ് ട്രംപ് ഭരണകൂടത്തിനു വേണ്ടി യുഎസ് നീതിന്യായ വകുപ്പ് കോടതിയിൽ വാദിച്ചത്.
അതേസമയം, തൊഴിലാളി യൂണിയനുകളുടെ ഹർജിയുടെ പരിധിയിൽ വരാത്തതിനാൽ 5,400 പ്രൊബേഷണറി ജീവനക്കാരെ പിരിച്ചുവിടാനാണ് പ്രതിരോധ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇവർക്ക് ലഭിച്ച ഇമെയിലും മെമ്മോയും അസാധുവായി കണക്കാക്കിയതായി പ്രതിരോധ വകുപ്പിനെ അറിയിക്കാൻ ജഡ്ജി സർക്കാരിനോട് നിർദേശിച്ചു.
യുഎസ് സർക്കാരിനെ തന്റെ നയത്തിലേക്ക് എത്തിക്കുവാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്കുള്ള ഏറ്റവും പുതിയ നിയമപരമായ തിരിച്ചടിയാണ് ഈ വിധി. അഭയാർത്ഥി പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള ട്രംപിന്റെ ഉത്തരവിനെ വെസ്റ്റ് കോസ്റ്റ് ഡിസ്ട്രിക്ട് ജഡ്ജ് വിലക്കിയിരുന്നു. ഈ വിലക്കിന് ദിവസങ്ങൾക്ക് ശേഷം, ജന്മാവകാശമായുള്ള പൗരത്വത്തിന് ഭരണഘടന നൽകുന്ന ഉറപ്പ് റദ്ദാക്കിയ ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവും കോടതി താൽക്കാലികമായി നിർത്തിവച്ചിരുന്നു.