നാടുകടത്തല്‍ തടഞ്ഞുകൊണ്ടുള്ള യുഎസ് ഫെഡറല്‍ കോടതി ജഡ്ജിയുടെ ഉത്തരവ് അവഗണിച്ചായിരുന്നു നീക്കം
300 ഓളം വെനെസ്വെലന്‍ പൗരന്മാരെ എല്‍ സാല്‍വദോറിലെ തടങ്കല്‍ പാളയത്തിലേക്ക് നാടുകടത്തി അമേരിക്ക. നാടുകടത്തിയവർ ക്രിമിനല്‍ സംഘാംഗങ്ങളാണെന്നാണ് യുഎസ് ഭാഷ്യം. നാടുകടത്തല്‍ തടഞ്ഞുകൊണ്ടുള്ള യുഎസ് ഫെഡറല്‍ കോടതി ജഡ്ജിയുടെ ഉത്തരവ് അവഗണിച്ചായിരുന്നു നീക്കം.
വെനെസ്വലന്‍ ക്രിമിനല്‍ സംഘങ്ങളായ ട്രെൻ ഡി അരാഗ്വയുടെ 238 അംഗങ്ങളും, എംഎസ്-13യുടെ 23 അംഗങ്ങളുമാണ് യുദ്ധകാലാടിസ്ഥാനത്തില്‍ എല്‍ സാല്‍വദോറിലേക്ക് നാടുകടത്തപ്പെട്ട പുതിയ സംഘത്തിലുള്ളത്. അധികാരത്തിലേറിയതിനു പിന്നാലെ ജനുവരിയില്‍ യുഎസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് ഭീകരവാദപട്ടികയില്‍പ്പെടുത്തിയ ക്രിമിനല്‍ സംഘങ്ങളാണിത്. 1798 ലെ നാടുകടത്തല്‍ നിയമം ഉപയോഗിച്ചാണ് ട്രംപിന്‍റെ നാടുകടത്തല്‍. യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിക്രമങ്ങളൊന്നുമല്ലാതെ കുടിയേറ്റക്കാരെ തടങ്കലില്‍വെയ്ക്കാന്‍ സർക്കാരിന് അനുമതി കൊടുക്കുന്നതാണ് ഈ നിയമം.
മറ്റൊരുരാജ്യത്തിനെതിരായ വിദ്വേഷകരമായ നടപടിയെന്ന് ചൂണ്ടിക്കാട്ടി 14 ദിവസത്തേക്ക് നാടുകടത്തല്‍ തടഞ്ഞുകൊണ്ടുള്ള ഉത്തരവിന് പിന്നാലെയാണ് വിമാനം എല്‍ സാല്‍വദോറില്‍ ലാന്‍ഡുചെയ്തത്. കുടിയേറ്റക്കാരുമായി പറന്നുയർന്ന വിമാനം തിരിച്ചിറക്കണമെന്ന് ജഡ്ജി ആവശ്യപ്പെട്ടെങ്കിലും ഈ ഉത്തരവും അവഗണിച്ചാണ് ട്രംപ് ഭരണകൂടം നാടുകടത്തല്‍ പൂർത്തിയാക്കിയത്. നടപടി കുടിയേറ്റക്കാരുടെ അവകാശലംഘനമെന്ന് വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ ആരോപിച്ചു.
കൈകാലുകള്‍ ബന്ധിച്ച നിലയില്‍ യുഎസ് സൈന്യത്തിന്‍റെ അകമ്പടിയോടെ എത്തിച്ച ഇവരെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പേരുകേട്ട എല്‍ സാല്‍വദോറിലെ പരമാവധി സുരക്ഷാജയിലായ സെക്കോട്ടിലെ തടങ്കല്‍ പാളയത്തിലേക്കാണ് അമേരിക്ക നാടുകടത്തിയത്. കുറ്റകൃത്യങ്ങളിലുള്‍പ്പെട്ട കുടിയേറ്റക്കാരെ തടങ്കലില്‍ പാർപ്പിക്കാനുള്ള യുഎസ്-എല്‍ സാല്‍വദോർ കരാറിന്‍റെ അടിസ്ഥാനത്തിലാണ് ഈ നാടുകടത്തല്‍. അസോസിയേറ്റ് പ്രസിന്‍റെ റിപ്പോർട്ടനുസരിച്ച് 6 ദശലക്ഷം ഡോളാണ് ട്രെൻ ഡി അരാഗ്വ സംഘത്തെ തടവിലാക്കുന്നതിന് അമേരിക്ക എല്‍ സാല്‍വദോറിന് നല്‍കുന്നത്.
രണ്ടാംമഹായുദ്ധകാലത്ത് ജാപ്പനീസ്, ജർമ്മൻ, ഇറ്റാലിയന്‍ തടവുകാരെ പാർപ്പിച്ച കുപ്രസിദ്ധ കേന്ദ്രമാണ് സെക്കോട്ടിലെ ടെററിസം കൺഫൈൻമെന്റ് സെന്‍റർ. നയിബ് ബുകെലെ എല്‍ സാൽവദോർ പ്രസിഡന്‍റായി ചുമതലയേറ്റതിനുശേഷമാണ് 40,000 തടവുകാരെ ഉള്‍ക്കൊള്ളാന്‍ പാകത്തിന് തടങ്കല്‍ കേന്ദ്രം വികസിപ്പിച്ചത്.