ഇന്ത്യയ്ക്ക് കൈമാറണമെന്ന കീഴ്‌ക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നായിരുന്നു റാണ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറും. കൈമാറ്റത്തിനുള്ള ഹര്‍ജി യുഎസ് സുപ്രീം കോടതി ശരിവെച്ചു. കീഴ്‌ക്കോടതി ഉത്തരവിനെതിരെ റാണ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഇന്ത്യക്ക് കൈമാറണമെന്ന കീഴ്‌ക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നായിരുന്നു റാണ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ഒരേ കുറ്റത്തിന് ഒരാളെ രണ്ട് തവണ വിചാരണ ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനുമെതിരെയാണ് റാണ സുപ്രീം കോടതിയെ സമീപിച്ചത്. ഇന്ത്യയിലേക്ക് വരുന്നത് തടയാനുള്ള റാണയുടെ അവസാനത്തെ ശ്രമമായിരുന്നു ഇത്.
സുഹൃത്ത് ഡേവിഡ് ഹെഡ്ലിയുമായി ചേര്‍ന്ന് പാക് ഭീകര സംഘടനകളുടെ പിന്തുണയില്‍ മുംബൈയില്‍ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നതാണ് റാണക്കെതിരെയുള്ള കുറ്റം.ഇന്ത്യയുടെ വാണിജ്യ തലസ്ഥാനത്തെ ഒന്നടങ്കം നടുക്കി കൊണ്ടാണ് 2008 നവംബര്‍ 26 ഭീകരാക്രമണം നടന്നത്. മൂന്ന് ദിവസമാണ് ആക്രമണങ്ങളും പ്രത്യാക്രമണവും നീണ്ടുനിന്നത്.
ആക്രമണ പരമ്പരയില്‍ 22 വിദേശികളടക്കം 166 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എകെ 47 തോക്കുകളും, ഗ്രനേഡും, സ്ഫോടക വസ്തുക്കളുമായി നുഴഞ്ഞുകയറിയ പത്ത് ലഷ്‌കര്‍ ഇ- ത്വയ്ബ ഭീകരര്‍ മുംബൈയിലെ നരിമാന്‍ ഹൗസ്, ലിയോപോള്‍ഡ് കഫേ, ആഡംബര ഹോട്ടലുകളായ താജ് മഹല്‍ പാലസ്, ഒബ്റോയ് ട്രൈഡന്റ്, കാമ ഹോസ്പിറ്റല്‍, ഛത്രപതി ശിവാജി ടെര്‍മിനല്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങള്‍ ഭീകരാക്രമണത്തിന് പിന്നാലെ ചോരക്കളമായി മാറിയിരുന്നു.