നേതൃമാറ്റം ഇന്നത്തെ യോഗത്തിൽ ചർച്ച നടക്കുന്നില്ല. കേരളത്തിൽ ഇത് സംബന്ധിച്ച ഒരു ചർച്ചയും നടന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു
തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾക്ക് ദിശാബോധം ഉണ്ടാക്കുന്നതിനായാണ് കോൺഗ്രസ് നേതൃയോഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒന്നിച്ച് ഒറ്റക്കെട്ടായി പോകുന്നതിനുള്ള പ്രചോദനമായി യോഗം മാറും. നേതൃമാറ്റം ഇന്നത്തെ യോഗത്തിൽ ചർച്ച നടക്കുന്നില്ല. കേരളത്തിൽ ഇത് സംബന്ധിച്ച ഒരു ചർച്ചയും നടന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
അറിയാത്ത കാര്യത്തിൽ പ്രതികരിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ അയച്ച കത്ത് താൻ കണ്ടിട്ടില്ല. കേരളത്തിൽ കോൺഗ്രസ് സംഘടനാപരമായി ശക്തം. ബൂത്തിൽ ഇരിക്കാൻ ആളില്ലാത്ത ഒരു സാഹചര്യവും ഇല്ല. ബൂത്തിൽ ഇരിക്കാൻ നല്ല ആളുണ്ട്. സംഘടന കാര്യങ്ങൾ ദേശീയ നേതൃത്വത്തിലാണ് തീരുമാനിക്കുക. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും. നാളെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും നേരിടാൻ കോൺഗ്രസും യുഡിഎഫും തയ്യാറാണ്. പാർട്ടിയിലെ ഏതു തരത്തിലുള്ള സംഘടന പുനഃസംഘടന വേണം, എങ്ങനെ വേണം എന്നുള്ളത് ദേശീയ നേതൃത്വം ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ദേശീയ നേതൃത്വത്തിന് കേരളത്തിലെ കാര്യങ്ങൾ കൈവെള്ള പോലെ അറിയാം. ആരുടെയെങ്കിലും റിപ്പോർട്ട് വായിച്ചല്ല തീരുമാനമെടുക്കുക. ബ്ലോക്ക് പ്രസിഡണ്ടുമാരെ പോലും പേരെടുത്ത് വിളിക്കാൻ പറ്റിയ ഒരു ജനറൽ സെക്രട്ടറിയാണ് കേരളത്തിനുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ആകുമോ എന്ന ചോദ്യത്തിന് മറുപടി പറയാൻ ഇല്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
കെപിസിസി പുനഃസംഘടന, ഡിസിസി അഴിച്ച് പണി, തദ്ദേശ, നിയമസഭ മുന്നൊരുക്കങ്ങൾ എന്നിവ ചർച്ച ചെയ്യാനാണ് ഹൈക്കമാൻഡ് കേരള നേതാക്കളുടെ യോഗം വിളിച്ചു ചേർത്തത്. എഐസിസിയുടെ പുതിയ ആസ്ഥാനത്താണ് ഇന്ന് വൈകിട്ട് നാലിന് യോഗം ചേരുക. കനഗോലു റിപ്പോർട്ടിന്മേലുള്ള യോഗത്തിൽ നേതാക്കളുമായി ഹൈക്കമാൻഡ് വൺ ടു വൺ ചർച്ച നടത്തും.
ALSO READ: യുവതിയെ ബസിൽ പീഡിപ്പിച്ച കേസ്: 75 മണിക്കൂറിന് ശേഷം പ്രതി പിടിയിൽ
കെപിസിസി മുൻ അധ്യക്ഷൻമാർ, കെപിസിസി ഭാരവാഹികൾ, കെപിസിസി പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി അംഗങ്ങൾ, മുതിർന്ന എംപിമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. പാർട്ടി സംഘടനാ ഘടന ശക്തിപ്പെടുതുന്നതിനുള്ള നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്യും. കെപിസിസി പ്രസിഡൻ്റിനെ മാറ്റുന്നത് സംബന്ധിച്ചുള്ള ചർച്ചകളും ഡൽഹിയിൽ നടക്കും. രമേശ് ചെന്നിത്തല, കെ സുധാകരൻ, ശശി തരൂർ, എം എം ഹസൻ, എം.കെ രാഘവൻ അടക്കമുള്ള നേതാക്കൾ ഇതിനകം ഡൽഹിയിൽ എത്തിയിട്ടുണ്ട്.