അഫാന് രാസലഹരി ഉപയോഗിച്ചാണോ ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയതെന്ന സംശയത്തിലായിരുന്നു പൊലീസ്
വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍ രാസലഹരി ഉപയോഗിച്ചിട്ടില്ലെന്ന് രക്തപരിശോധനാ ഫലം. ഇന്നാണ് അഫാന്റെ രക്തപരിശോധനാ ഫലം പുറത്തുവന്നത്. അഞ്ച് കൊലപാതകങ്ങളില്‍ പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങാട് പൊലീസ് മെഡിക്കല്‍ കോളേജില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അഫാന്‍ രാസലഹരി ഉപയോഗിച്ചാണോ ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയതെന്ന സംശയത്തിലായിരുന്നു പൊലീസ്. രക്തപരിശോധനാ ഫലം പുറത്തുവന്നതോടെ, കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയാണ് കൊലപാത പരമ്പരയ്ക്ക് കാരണം എന്ന നിഗമനത്തിലേക്ക് തന്നെയാണ് എത്തുന്നത്.
ഇതില്‍ അഫാന്റേയും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഷെമിയുടേയും മൊഴിയാകും നിര്‍ണായകമാകുക. അഫാന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. അഫാന് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്നും വ്യക്തമായിരുന്നു.
Also Read: വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ; അറസ്റ്റ് ഇന്നുണ്ടായേക്കും
തറയില്‍ തലയിടിച്ച് വീണു എന്നാണ് ഇന്നലെ ഷെമി മജിസ്ട്രേറ്റിന് നല്‍കിയ മൊഴി. മകനെ രക്ഷിക്കാനുള്ള മൊഴി മാത്രമെന്ന് വിലയിരുത്തിയ അന്വേഷണ സംഘം ഷെമിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
കടബാധ്യതയാണ് കൊലപാതകത്തിന് കാരണമെന്നാണ് അഫാന്‍ മൊഴി നല്‍കിയത്. വല്ല്യുമ്മ സല്‍മാബീവിയെ കൊന്ന ശേഷം ഒരു മാല അഫാന്‍ കൈക്കാലാക്കിട്ടുണ്ട്. അത്പണയം വച്ച് കിട്ടിയ 74,000 രൂപയില്‍ 40,000 രൂപ അഫാന്‍ കടക്കാര്‍ക്കു നല്‍കിയിട്ടുണ്ട്. ബാക്കി പണം ഉപയോഗിച്ചു ഭക്ഷണം വാങ്ങുകയും മദ്യപിക്കുകയുമാണു ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. അനുജന്‍ അഫ്‌സാനെ കൊലപ്പെടുത്തിയ ശേഷം കൈയില്‍ ബാക്കിയുണ്ടായിരുന്ന പണം മൃതദേഹത്തിനു സമീപം വിതറിയെന്നും പ്രതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചിരുന്നു.
കുടുംബത്തിന് കടബാധ്യത ഉണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പിതാവിന് വിദേശത്തുള്ള ബാധ്യത കൂടാതെ കുടുംബത്തിന് നാട്ടില്‍ 65 ലക്ഷം രൂപ കടമുണ്ടായിരുന്നുവെന്നാണ് അഫാന്‍ പൊലീസിനോട് പറഞ്ഞത്.
ഉമ്മയോടും അനുജനോടും സുഹൃത്ത് ഫര്‍സാനയോട് സ്‌നേഹവും വല്യുമ്മ, പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ എന്നിവരോട് പകയുമുണ്ടായിരുന്നുവെന്നും അഫാന്‍ പൊലീസിനോട് പറഞ്ഞു. കടം കാരണം ജീവിക്കാനാവാതെ വന്നതോടെയാണ് മാതാവിനെയും സഹോദരനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തി ജീവനൊടുക്കാന്‍ തീരുമാനിച്ചത്. കുടുംബം കടക്കെണിയിലായിട്ടും സഹായിക്കാത്തതാണ് മറ്റ് മൂന്ന് പേരോടുള്ള പകയ്ക്ക് കാരണം.