ഇനി യുക്രെയ്നിൽ ചെന്നാലോ ചിലന്തിവലയാണ് മെയിൻ. അവിടെ ക്രിസ്മസ് ട്രീകൾ ലൈറ്റുകളും തോരണങ്ങളും കൊണ്ട് മാത്രമല്ല, ചിലന്തിവലയും കൊണ്ട് അലങ്കരിച്ചു കളയും.
വീണ്ടുമൊരു ക്രിസ്മസ് കാലമെത്തി. എല്ലാവരും ആഘോഷത്തിരക്കിലാണ്. ട്രീയൊരുക്കിയും, നക്ഷത്രങ്ങൾ തെളിയിച്ചും, പുൽക്കൂടൊരുക്കിയും, സാൻ്റയോടൊപ്പം കരോൾ നടത്തിയും കേക്കുമുറിച്ചുമെല്ലാം നാം ക്രിസ്മസ് കളറാക്കും. ഇതു മാത്രമല്ല ആഘോഷങ്ങൾ. വിവിധ രാജ്യങ്ങളിൽ വെറൈറ്റിയായിട്ട് ഒരുപാട് ആചാരങ്ങളുണ്ട് .
ജപ്പാൻ
അതായത് ജപ്പാനിൽ കെഎഫ്‌സിയിൽ നിന്ന് ഒരു ബക്കറ്റ് ചിക്കൻ ഇല്ലാതെ ക്രിസ്‌മസ് കളറാകില്ല. ഒരു അവധിക്കാല ഭക്ഷണമായി കെഎഫ്‌സിയെ പരിചയപ്പെടുത്തിയ 1970 കളിലെ വിജയകരമായ ഒരു മാർക്കറ്റിംഗ് കാമ്പെയ്‌ൻ മുതൽ ഈ പാരമ്പര്യം തുടരുന്നു.
സ്പെയിൻ
സ്പെയിനിൽ അതിലും വിചിത്രമാണ് കാര്യങ്ങൾ. സ്‌പെയിനിലെ കാറ്റലോണിയയിൽ,"കാഗനർ". സ്റ്റാച്യൂവാണ് താരം. പറയുമ്പോ ഒരു മനുഷ്യൻ വിസർജിക്കുന്ന പ്രതിമയാണെങ്കിലും ക്രിസ്മസ് പ്രദർശനത്തിനിടയിൽ കാഗനറിനെ കണ്ടെത്തുന്നത് അഭിമാനമായാണ് ഈ നാട്ടുകാർ കരുതുന്നത്. ഇപ്പോഴിതാ ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള പ്രമുഖരുടെ പ്രതിമകൾക്ക് വൻ ഡിമാൻ്റാണ്
യുക്രെയ്ൻ
ഇനി യുക്രെയ്നിൽ ചെന്നാലോ ചിലന്തിവലയാണ് മെയിൻ. അവിടെ ക്രിസ്മസ് ട്രീകൾ ലൈറ്റുകളും തോരണങ്ങളും കൊണ്ട് മാത്രമല്ല, ചിലന്തിവലയും കൊണ്ട് അലങ്കരിച്ചു കളയും. അതിനു പിന്നിൽ ഒരു കഥയുണ്ട് . ഒരു പാവപ്പെട്ട വിധവ ഒരിക്കൽ അവളുടെ ക്രിസ്മസ് ട്രീയിൽ പൊതിഞ്ഞ ചിലന്തിവലകൾ വെള്ളിയുടെയും സ്വർണ്ണത്തിന്റെയും തിളങ്ങുന്ന ഇഴകളായി മാറുന്നത് കണ്ടത്രേ. അന്നു മുതൽ അതും ക്രിസതുമസിനൊപ്പം കൂടി.
നോർവെ
വീടുകളിലെ ചൂലുകൾ ഉൾപ്പെടെ വൃത്തിയാക്കുന്ന ഉപകരണങ്ങൾ മറച്ചുവച്ചാണ് നോർവീജിയൻസിൻ്റെ ആഘോഷം. എന്താന്നല്ലേ. ദുർമന്ത്രവാദികൾ അവരുടെ ചൂലുകൾ മോഷ്ടിക്കുന്നതിൽ നിന്ന് തടയാനെന്നാണ് വെപ്പ്.
വെനിസ്വേല
വെനിസ്വേല വേറെ വൈബാണ് . തലസ്ഥാനമായ കാരക്കാസിൽ, പുലർച്ചെ ക്രിസ്മസ് കുർബാനയ്ക്ക് ആളുകൾ റോളർ സ്കേറ്റിംഗ് നടത്തുമത്രേ.എല്ലാ പ്രായത്തിലുമുള്ള ആളുകൾ പരസ്പരം കൈകളിൽ പിടിച്ച് തെരുവുകളിലൂടെ റോളർ സ്കേറ്റിൽ സഞ്ചരിക്കുന്നതാണ് ഇവിടെ പതിവ്.
മെക്സിക്കോ
മെക്സിക്കോയിലെയും മറ്റ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെയും ക്രിസ്തുമസ് രസകരവും രുചികരവുമാണെന്ന് പറയും.പിനാറ്റകൾ എന്നറിയപ്പെടുന്ന നിറയെ കാൻഡികളും ചെറിയ സമ്മാനങ്ങളുമുള്ള കടലാസ് കൂടുകൾ തകർക്കുന്നതും, പാരമ്പര്യമായി ഉണ്ടാക്കുന്ന വിശിഷ്ട വിഭവങ്ങൾ ആസ്വദിക്കുകയുമാണ് ഇവിടെ പതിവ്.
ചൈന
ചൈനയിൽ, ക്രിസ്മസ് ആഘോഷിക്കുന്ന ഒരു ചെറിയ സമൂഹമാണുള്ളത്. അവരാകട്ടെ ക്രിസ്മസ് ദിനത്തിൽ ആപ്പിൾ സമ്മാനിക്കുകയാണ് പതിവ്. ഇതിന് ഒരു രസകരമായ കാരണം ഉണ്ട് മൻഡാറിൻ ഭാഷയിൽ ആപ്പിളിനെ 'പിംഗ്ഗുഓ' എന്ന് വിളിക്കുന്നു. ഇത് ക്രിസ്മസ് ഈവ് അഥവാ 'പിംഗ് ആൻ യെ' എന്നതിന് വളരെ സമാനമായ വാക്കാണ്. അതുകൊണ്ട് ആപ്പിൾ ക്രിസ്മസിന്റെ പ്രതീകമായി മാറിയിരിക്കുന്നു.
ഓസ്ട്രിയ
ഓസ്ട്രിയയിൽ പലയിടങ്ങളിലും 'ക്രമ്പസ് റൺസ്' അഥവാ 'ക്രമ്പസ്ലോഫ്സ്' എന്ന പേരിൽ ആഘോഷങ്ങൾ നടക്കുന്നു. ഈ ആഘോഷങ്ങളിൽ ആളുകൾ ക്രമ്പസിന്റെയും മറ്റ് നാടോടി വേഷങ്ങളും ധരിച്ച് തെരുവുകളിൽ കറങ്ങുകയും ആഘോഷിക്കുകയും ചെയ്യുന്നു. ഈ പാരമ്പര്യം ഓസ്ട്രിയൻ സംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമാണ്.