കേരള സര്‍വകലാശാലയില്‍ നിന്ന് ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം: വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് വൈസ് ചാന്‍സലര്‍
logo

ന്യൂസ് ഡെസ്ക്

Posted : 01 Apr, 2025 06:31 PM

നഷ്ടപ്പെട്ട ഉത്തരക്കടലാസിന്റെ ശരാശരി മാര്‍ക്ക് നല്‍കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം യോഗം പൂര്‍ണ്ണമായും തള്ളി

KERALA


കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ വീഴ്ച സമ്മതിച്ച് സര്‍വകലാശാല. അധ്യാപകനും പരീക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും വീഴ്ചയുണ്ടായെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. സിന്‍ഡിക്കേറ്റ് തീരുമാനമനുസരിച്ച് തിങ്കളാഴ്ച സ്‌പെഷ്യല്‍ പരീക്ഷ നടത്തും. സര്‍വകലാശാലയുടെ ഏകപക്ഷീയമായ തീരുമാനത്തില്‍ കോടതിയെ സമീപിക്കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

കേരള സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എംബിഎ പരീക്ഷയെഴുതിയ 71 വിദ്യാര്‍ത്ഥികളുടെ ഉത്തരകടലാസുകളാണ് നഷ്ടപ്പെട്ടത്. വിഷയം ചര്‍ച്ചയായതോടെ മൂല്യനിര്‍ണയത്തിന് നിയോഗിച്ച അധ്യാപകനെ പഴിച്ച സര്‍വകലാശാലയാണ് നിലവില്‍ കുറ്റസമ്മതം നടത്തിയത്. ഒപ്പം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാക്കുമെന്നും വി.സി ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.

ഉത്തരകടലാസ് നഷ്ടപ്പെട്ട അധ്യാപകനെ ആഭ്യന്തര അന്വേഷണത്തിനു ശേഷം പരീക്ഷ നടത്തിപ്പുകളില്‍ പൂര്‍ണ്ണമായും ഡീ-ബാര്‍ ചെയ്യാനാണ് തീരുമാനം. പരീക്ഷ കണ്‍ട്രോളര്‍ കൈമാറുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീഴ്ച വരുത്തിയ ജീവനക്കാരക്കെതിരെ നടപടി സ്വീകരിക്കുമെന്നും വി.സി പറഞ്ഞു.


ALSO READ: ആശാ വർക്കർമാരുടെ ഇൻസെൻ്റീവ് വർധിപ്പിക്കുന്നത് പരിഗണനയിൽ, ജെ. പി. നഡ്ഡയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവ്: വീണാ ജോർജ്


കഴിഞ്ഞ മാസം 17ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഏപ്രില്‍ 7ന് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നു. പക്ഷേ വിദ്യാര്‍ഥി പ്രതിഷേധം ശക്തമായതോടെ വി.സി അടിയന്തര ഉന്നതതല യോഗം വിളിച്ചു. നഷ്ടപ്പെട്ട ഉത്തരക്കടലാസിന്റെ ശരാശരി മാര്‍ക്ക് നല്‍കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം യോഗം പൂര്‍ണ്ണമായും തള്ളി.

അതേസമയം സര്‍വകലശാല നീക്കത്തിനെതിരെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെടുത്തിയ അധ്യാപകനും രംഗത്തെത്തി. വിദ്യാര്‍ഥി അനുകൂല നിലപാടല്ല അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് അധ്യാപകന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.

സര്‍വകലാശാലയുടേത് ഏകപക്ഷീയ നിലപാടാണെന്ന് വിദ്യാര്‍ഥികളും ആരോപിച്ചു. കണ്ണില്‍ പൊടിയിടാനുള്ള തീരുമാനം മാത്രമാണിത്. നിയമപരമായി മുന്നോട്ട് പോകുമന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം മെയില്‍ നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് ജനുവരിയില്‍ നഷ്ടപ്പെട്ടത്. പാലക്കാട് വെച്ച് ബൈക്കില്‍ സഞ്ചരിക്കവേയാണ് അധ്യാപകന്റെ പക്കല്‍ നിന്നും വീഴ്ച ഉണ്ടായത്. 2022-2024 ബാച്ച് വിദ്യാര്‍ഥികളുടെതായിരുന്നു ഉത്തരക്കടലാസ്. എന്നാല്‍ വിഷയം സമയബന്ധിതമായി പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍വകലാശാലയും മടിച്ചു.

മൂല്യനിര്‍ണയം നടത്താനുള്ള അധ്യാപകരുടെ ക്ഷാമവും തിരിച്ചടിയായി. പ്രൊജക്റ്റ് ഫിനാന്‍സ് വിഷയത്തില്‍ വീണ്ടും പരീക്ഷ എഴുതണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഇ-മെയില്‍ സന്ദേശം ലഭിച്ചതിന് തുടര്‍ന്നാണ് സംഭവം വിഷയം ചര്‍ച്ചയായത്.



KERALA
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി
Also Read
Share This