രോഹിണി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ വിജേന്ദർ കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു
രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രിയാകുമ്പോൾ സ്പീക്കർ പദവിയിലെത്തുന്നത് മുതിർന്ന നേതാവായ വിജേന്ദർ ഗുപ്തയാണ്. രോഹിണി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ വിജേന്ദർ കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു.
മുൻ തെരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടിയുടെ ആധിപത്യം ഉണ്ടായിട്ടും, സ്വന്തം ജനപ്രീതി കൊണ്ട് മാത്രം രോഹിണി മണ്ഡലം തുടർച്ചയായി നിലനിർത്തിയ നേതാവാണ് വീജേന്ദർ ഗുപ്ത. ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത, അരവിന്ദ് കെജ്‌രിവാളിൻ്റെയും എഎപിയുടെയും നയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിച്ചു. ഒടുവിൽ നിയമസഭാ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് സ്പീക്കർ പദവിലേക്ക്.
ശീഷ് മഹൽ വിവാദത്തിലും, യമുനാ വിഷജല പരാമർശത്തിലും കെജ്‌രിവാളിനെതിരായ ആക്രമണത്തിൽ മുന്നിൽ നിന്ന നേതാവാണ് വിജേന്ദർ ഗുപ്ത. ഇത്തവണ എഎപിയുടെ പ്രദീപ് മിട്ടാലിനെ 37,816 വോട്ടുകൾക്കാണ് വിജേന്ദർ പരാജയപ്പെടുത്തിയത്.
ALSO READ: ഡൽഹിയെ രേഖ ഗുപ്ത നയിക്കും; പർവേഷ് വർമ ഉപമുഖ്യമന്ത്രി
ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ വിജയവഴികളിൽ നിന്നാണ് ഗുപ്ത നിയമസഭയിലേക്ക് മത്സരിക്കാൻ എത്തുന്നത്. 1997ൽ മുനിസിപ്പൽ കോർപ്പറേഷനിൽ കൗൺസിലറായി തുടക്കം കുറിച്ച വിജേന്ദർ മൂന്നു വട്ടം കൗൺസിലറായി. 2002ൽ ഡൽഹി ബിജെപി സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചു. 2009ൽ ചാന്ദ്നി ചൗക്കിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചുവെങ്കിലും, കപിൽ സിബലിനോട് പരാജയപ്പെട്ടു.
2010ൽ ബിജെപി ഡൽഹി അധ്യക്ഷനായി. 2013-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂ ഡൽഹിയിൽ നിന്നും കെജ്‌രിവാളിനും, ഷീല ദീക്ഷിതിനുമെതിരെ മത്സരിച്ച് പരാജയം രുചിച്ചു. 2015 നിയമസഭാ തെരഞ്ഞെടുപ്പിൽ രോഹിണി മണ്ഡലത്തിൽ നിന്നും വിജയിച്ചു. പിന്നീട് ഡൽഹിയിൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക്. ഇപ്പോള്‍ മുഖ്യമന്ത്രി പദം വരെ നീണ്ട വലിയ ചർച്ചകൾക്കൊടുവിൽ സഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് വിജേന്ദർ. ഏതായാലും 2015ൽ ആഞ്ഞടിച്ച ആം ആദ്മി തരംഗത്തെ അതിജീവിച്ച മൂന്ന് ബിജെപി എംഎൽഎമാരിൽ ഒരാളായ ഗുപ്ത ഇനി ഡൽഹി നിയമസഭ നിയന്ത്രിക്കും.