കൂട്ടരാജിയില്‍ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും കൂട്ടായ തീരുമാനത്തോടൊപ്പം നില്‍ക്കുകയായിരുന്നുവെന്നും വിനു മോഹന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു
അഭിനേതാക്കളുടെ സംഘടനയായ AMMAയില്‍ നിന്ന് രാജി വെച്ചത് ആശങ്ക ഉന്നയിച്ചതില്‍ കൃത്യമായ മറുപടി ലഭിച്ചതിനാലാണെന്ന് മുന്‍ എക്‌സിക്യൂട്ടീവ് അംഗം വിനു മോഹന്‍. കൂട്ടരാജിയില്‍ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും കൂട്ടായ തീരുമാനത്തോടൊപ്പം നില്‍ക്കുകയായിരുന്നുവെന്നും വിനു മോഹന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.
'രാജിയില്‍ എന്റെ ആശങ്ക അറിയിച്ചിരുന്നു. അംഗങ്ങള്‍ക്ക് നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ മുടങ്ങില്ലെന്ന് ഉറപ്പുവരുത്തി. വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും കൂട്ടായ തീരുമാനത്തോടൊപ്പം നില്‍ക്കുകയായിരുന്നു. പുതിയ കമ്മിറ്റി നിലവില്‍ വരുന്നത് വരെ അമ്മയിലെ അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി അഡ്‌ഹോക് കമ്മിറ്റിയായി നിലവിലെ സമിതി തുടരും. ആശങ്ക ഉന്നയിച്ചതില്‍ കൃത്യമായ മറുപടി ലഭിച്ചതിനാലാണ് രാജിവച്ചത്. രാജിക്ക് വിമുഖത പ്രകടിപ്പിച്ചവരുടെ ആശങ്ക ഓണ്‍ലൈന്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പരിഗണിച്ചു', എന്നും വിനു മോഹന്‍ പറഞ്ഞു.
ALSO READ : എന്നെ ഭീഷണിപ്പെടുത്താന്‍ നോക്കണ്ട, പരാതി നല്‍കിയത് വ്യക്തിപരമായ നേട്ടത്തിനല്ല : പരാതിക്കാരിയായ നടി
അതേസമയം AMMAയിലെ കൂട്ടരാജിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് സരയു, വിനു മോഹന്‍ ,ടോവിനോ തോമസ്, അനന്യ എന്നിവരാണ്. 17 പേരും രാജി വെക്കണണമെന്ന പ്രസിഡന്റ് മോഹന്‍ലാലിന്റ ആവശ്യത്തില്‍ എക്സിക്യൂട്ടിവ് കമ്മറ്റിയിലെ യുവതാരങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെ മോഹന്‍ലാല്‍ ഭൂരിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച് കമ്മിറ്റി പിരിച്ച് വിട്ടു. കൂട്ടരാജിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച താരങ്ങളോട് മുതിര്‍ന്ന അംഗങ്ങള്‍ അനുനയ ചര്‍ച്ച നടത്തിയാണ് കമ്മിറ്റി പിരിച്ച് വിട്ടത്. അതിജീവിതര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയാതെ കൂട്ടരാജി എന്ന തീരുമാനം സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും, ഒളിച്ചോട്ടം ആകുമെന്നും യുവതാരങ്ങള്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ നിലപാട് എടുക്കുകയായിരുന്നു.
ഓണ്‍ലൈനായി എക്‌സിക്യൂട്ടീവ് യോഗം നടക്കുമ്പോള്‍ കലൂരിലെ AMMA ആസ്ഥാനത്ത് വിനു മോഹനന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ സമാന്തരയോഗവും നടത്തിയിരുന്നു. പഴയ എക്‌സിക്യൂട്ടീവില്‍ ഉണ്ടായിരുന്നതില്‍ ആരോപണ വിധേയരും മോഹന്‍ലാലും ഒഴിയെ മറ്റെല്ലാവരും തെരഞ്ഞെടുപ്പിനെ നേരിടാനും ഒരുങ്ങുകയാണ്. അമ്മയുടെ തലപ്പത്ത് കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പൃഥ്വിരാജ് എന്നിവരിലാരെങ്കിലും വരണമെന്ന ആവശ്യവും മുന്നോട്ട് വയ്ക്കുന്നുണ്ട്. അതേസമയം ആരോപണം അവര്‍ക്കെതിരായ പരാതി ഒറ്റയ്ക്ക് പരിഹരിക്കട്ടെയെന്ന നിലപാടിലാണ് AMMA സംഘടനയുടേത്.