fbwpx
"കോഹ്‌ലി, രോഹിത്ത് എന്നീ താരങ്ങൾ വിഐപി സംസ്കാരം മറന്ന് ആഭ്യന്തര ക്രിക്കറ്റ് കളിക്കണം"; വിമർശിച്ച് മുൻ ഇന്ത്യൻ താരം
logo

ന്യൂസ് ഡെസ്ക്

Last Updated : 06 Nov, 2024 01:34 PM

ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നതിനോ ഫോം നിലനിർത്തുന്നതിനോ ഇവർ ശ്രമിക്കുന്നില്ലെന്നതാണ് പ്രധാന വിമർശനം

CRICKET


ന്യൂസിലൻഡിനെതിരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് ശേഷം ബിസിസിഐക്കും സീനിയർ താരങ്ങൾക്കുമെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ഹോം ഗ്രൗണ്ടിൽ ഇത്രയും വലിയൊരു തോൽവി സമീപകാലത്തൊന്നും ഇന്ത്യ ഏറ്റുവാങ്ങിയിട്ടില്ലെന്നതാണ് ആരാധകരേയും മുൻ താരങ്ങളേയുമെല്ലാം പ്രകോപിതരാക്കുന്നത്. സീനിയർ താരങ്ങൾക്കെതിരെയാണ് കൂടുതൽ വിമർശനം ഉയരുന്നത്.

ഓരോ പ്രധാന ടൂർണമെൻ്റുകൾക്ക് ശേഷവും ദീർഘസമയം അവധിയെടുത്ത് കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കുന്നതാണ് നായകൻ രോഹിത് ശർമയുടേയും വിരാട് കോഹ്ലിയുടേയുമെല്ലാം രീതി. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നതിനോ ഫോം നിലനിർത്തുന്നതിനോ ഇവർ ശ്രമിക്കുന്നില്ലെന്നതാണ് പ്രധാന വിമർശനം.


രഞ്ജി ട്രോഫി, ദുലീപ് ട്രോഫി മത്സരങ്ങളിൽ രോഹിത്തും കോഹ്ലിയും കളിക്കണമെന്നാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് ചൂണ്ടിക്കാട്ടുന്നത്. മുതിർന്ന താരങ്ങൾ അവരുടെ ആഡംബര കാറുകളും വിമാനങ്ങളും ലഭിക്കുന്ന വിഐപി പരിഗണനയും മറന്ന് ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കൈഫ് പറഞ്ഞു. "തീർച്ചയായും സീനിയർ താരങ്ങൾ ഫോമിലെത്തണം. അതിനായി ഗ്രൗണ്ടിൽ മണിക്കൂറുകൾ ചെലവഴിക്കേണ്ടതുണ്ട്. സെഞ്ചുറി നേടാനായാൽ താരങ്ങളുടെ മനോവീര്യം കൂട്ടാൻ അത് സഹായിക്കും," കൈഫ് സമൂഹമാധ്യമ പേജിൽ കുറിച്ചു.


ALSO READ: "സ്പിന്നിനെ നേരിടാൻ മിടുക്കനായ സഞ്ജു ടെസ്റ്റ് ടീമിൽ വരുന്നത് ഇന്ത്യക്ക് ഗുണമാകും"; മനസ് തുറന്ന് മുൻ ന്യൂസിലൻഡ് താരം


"ഉദാഹരണമായി റിഷഭ് പന്തിനെ തന്നെയെടുക്കാം. 2020ലെ ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ടീമിൽ വിക്കറ്റ് കീപ്പർ ബാറ്ററായി തെരഞ്ഞെടുത്തിരുന്നത് വൃദ്ധിമാൻ സാഹയെ ആയിരുന്നു. പന്തിനെ ഏകദിന, ടി20 മത്സരങ്ങൾക്ക് പരിഗണിച്ചിരുന്നില്ല. എന്നാൽ പരമ്പരയ്ക്ക് മുന്നോടിയായി പിങ്ക് ബോളിൽ പരിശീലന മത്സരം കളിച്ച റിഷഭ് പന്ത് സെഞ്ചുറി നേടി. ഇന്ത്യ 36 റൺസിന് ഓൾ ഔട്ടായി മത്സരം തോറ്റ സമയമായിരുന്നു ഇത്. അങ്ങനെയാണ് പന്ത് ഇന്ത്യയുടെ ആദ്യ ഇലവനിൽ ഇടംപിടിച്ചതും പുതിയൊരു താരോദയമായി മാറിയതും," കൈഫ് കൂട്ടിച്ചേർത്തു.



"റൺസ് സ്കോർ ചെയ്യാൻ ഏതൊക്കെ താരങ്ങളാണോ ബുദ്ധിമുട്ടുന്നത്, ആവശ്യത്തിന് ഗെയിം സമയം കിട്ടുന്നില്ലെന്ന് ആർക്കൊക്കെയാണോ പരാതിയുള്ളത്, അവർ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങൾ ആഡംബര കാറുകളിലും വിമാനങ്ങളിലും വിഐപി സംസ്കാരത്തിലുമാണ് ജീവിക്കുന്നതെന്ന കാര്യം മറക്കുക. നിങ്ങൾക്ക് ഫോം കണ്ടെത്തണോ, ചുരുങ്ങിയത് ഇത്രയെങ്കിലും ചെയ്യേണ്ടതുണ്ട്," മുഹമ്മദ് കൈഫ് പറഞ്ഞു.


Also Read
user
Share This

Popular

NATIONAL
NATIONAL
ഇന്ത്യയെ മാറ്റിയ മന്‍മോഹനോമിക്‌സ്; സ്വതന്ത്ര ഇന്ത്യയിലെ ധിഷണാശാലിയായ നേതാക്കളില്‍ ഒരാള്‍