ഇക്കാര്യം അനുഷ്ക തന്നെയാണ് തന്നോട് തുറന്നുപറഞ്ഞതെന്ന് ബോളിവുഡ് നടൻ വരുൺ ധവാൻ ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞു
ഇന്ത്യൻ നായകനെന്ന നിലയിൽ വിരാട് കോഹ്‌ലിയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരുന്നു 2018ലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തോൽവി. 2018ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4-1ന് കൈവിട്ട ശേഷം അന്നത്തെ ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‌ലിയുടെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് ഭാര്യ അനുഷ്ക ശർമയെ ഉദ്ധരിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖനായ ഒരു ബോളിവുഡ് താരം. ഇക്കാര്യം അനുഷ്ക തന്നെയാണ് തന്നോട് തുറന്നുപറഞ്ഞതെന്ന് ബോളിവുഡ് നടൻ വരുൺ ധവാൻ ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞു.
"നായകനെന്ന നിലയിൽ വിരാട് മികച്ച ഫോമിൽ അല്ലാതിരുന്ന സമയത്ത് അദ്ദേഹത്തിൻ്റെ മാനസികാവസ്ഥയെ കുറിച്ച് ഒരിക്കൽ അനുഷ്ക ശർമ എന്നോട് പറഞ്ഞിരുന്നു. ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര തോറ്റിരുന്നു. എന്നാൽ അനുഷ്ക മത്സരം കാണാൻ പോയിരുന്നില്ല. എന്നാൽ അന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വിരാടിനെ പുറത്തൊന്നും കാണാനായില്ല. റൂമിലെത്തിയപ്പോൾ അത്യധികം നിരാശനായ വിരാടിനെയാണ് കാണാനായത്. യഥാർത്ഥത്തിൽ അദ്ദേഹം കരയുകയായിരുന്നു. ടീമിൻ്റെ തോൽവിയുടെ മൊത്തം ഉത്തരവാദിത്തം തൻ്റേതാണെന്നും ഞാനാണ് ടീമിനെ തോൽപ്പിച്ചതെന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു," വരുൺ ധവാൻ പറഞ്ഞു.
അതേസമയം, അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ രണ്ട് സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയുമടക്കം 593 റൺസാണ് കോഹ്‌ലി അടിച്ചെടുത്തിരുന്നത്. പരമ്പരയിലെ ടോപ് സ്കോററും അദ്ദേഹമായിരുന്നു. എന്നിട്ടും ടീമിൻ്റെ തോൽവിയുടെ ഉത്തരവാദിത്തം കോഹ്‌ലി സ്വന്തം ചുമലിലേറ്റി.
2018 മുതലാണ് വിരാട് കോഹ്‌ലിയുടെ ബാറ്റിങ് ഫോം പതുക്കെ നഷ്ടപ്പെട്ട് തുടങ്ങിയത്. 2024ൽ ഇതുവരെ നടന്ന 17 ടെസ്റ്റ് ഇന്നിങ്സുകളിൽ നിന്ന് 376 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം. ഒരു സെഞ്ചുറിയും ഒരു ഫിഫ്റ്റിയും മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. അദ്ദേഹത്തിൻ്റെ ആവറേജ് 25ൽ താഴെയാണ്.