ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തിലാണ് ഡാം തുറക്കാൻ തീരുമാനിച്ചത്
സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ ഷോളയാർ ഡാമിൻ്റെ ഷട്ടർ തുറക്കാൻ തീരുമാനം. ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തിലാണ് ഡാം തുറക്കാൻ തീരുമാനിച്ചത്.
രാവിലെ പതിനൊന്നു മണിയോടെ ഘട്ടം ഘട്ടമായി 50 ക്യുമെക്സ് ജലം പെരിങ്ങൽക്കുത്ത് റിസർവോയറിലേക്ക് ഒഴുക്കും. ഡാമുകളിലെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടർന്നാൽ പെരിങ്ങൽക്കുത്ത് ഡാമും തുറക്കേണ്ടി വരുമെന്നാണ് അറിയിപ്പ്.
ചാലക്കുടി പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് തൃശൂർ ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.