വേദാന്ത അലുമിനിയം യൂണിറ്റിൽ നിന്നുള്ള റെഡ് മഡ് എന്ന രാസവസ്തു ഒഴുകിയതോടെയാണ് മലിനീകരണമുണ്ടായത്
ഒഡീഷയിലെ വേദാന്ത അലുമിനിയം യൂണിറ്റിലെ ജലസംഭരണ സംവിധാനത്തിൽ തകരാര്‍. ടാങ്കിലെ ചുവന്ന ചളി(റെഡ് മഡ്) പുറത്തേക്കൊഴുകിയത് സംസ്ഥാനത്തെ കാർഷിക മേഖലയെ സാരമായി ബാധിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് പ്രമുഖ മൈനിങ്ങ് കമ്പനിയായ വേദാന്തയിലെ ടാങ്ക് തകർന്നത്.
ഞായറാഴ്ച ഒഡീഷ ലൻജിഗഡിലെ വേദാന്തയുടെ അലുമിന റിഫൈനറിയിൽ നടന്ന സംഭവത്തിന് പിന്നാലെ വിഷമയമായ 'റെഡ് മഡ്' പ്രദേശത്താകെ ഒലിച്ചിറങ്ങിയതോടെ പരിസ്ഥിതി വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചു. റെഡ് മഡിന് ചർമം, കണ്ണുകൾ, ശ്ലേഷ്മപടലം( മ്യൂക്കസ് മെമ്പ്രെയ്ൻ) എന്നിങ്ങനെ ജൈവകോശങ്ങളെ നശിപ്പിക്കാൻ ശേഷിയുണ്ട്. പ്രദേശത്ത് മഴ കനത്തതോടെ ഈ വിഷവസ്തു കവിഞ്ഞൊഴുകിയതായി വേദാന്ത അലുമിനിയം അറിയിച്ചു.
ALSO READ: വിദ്വേഷം കൊണ്ടുനടക്കുന്ന ചിലർ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നു; രാഹുലിനെതിരെ മോദി
ബോക്‌സൈറ്റിൽ നിന്ന് അലുമിന ഉൽപ്പാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മാലിന്യമാണ് 'റെഡ് മഡ്'. ഇത് 'ബോക്‌സൈറ്റ് അവശിഷ്ടം' എന്നും അറിയപ്പെടുന്നു. അതീവ അൽക്കലൈൻ (ക്ഷാര) സ്വഭാവമുള്ള റെഡ് മഡ് നീക്കം ചെയ്യാൻ പ്രയാസമാണ്. ഇത് വലിയ പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (CPCB) പറയുന്നത്.
തുറസായ സ്ഥലങ്ങളിലേക്ക് വലിയ അളവിൽ ചെളി കലർന്ന റെഡ് മഡി ഒഴുകിയെത്തിയിട്ടുണ്ട്. ഇതോടെ ചില മരങ്ങൾ നിൽക്കുന്നിടത്ത് വെള്ളം നിലം പൊത്തി, മറ്റ് സസ്യജാലങ്ങളും നശിപ്പിച്ചായിരുന്നു റെഡ് മഡിൻ്റെ യാത്ര.
റെഡ് മഡ് സ്ലറി രൂപത്തിൽ കൈകാര്യം ചെയ്യുകയും കുളങ്ങളിൽ സംഭരിക്കുകയും ചെയ്യുന്നത് ഇന്ത്യയിലുൾപ്പെടെ ആഗോളതലത്തിൽ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നതായി CPCB മാർഗനിർദേശങ്ങളിൽ പറയുന്നു. എന്നാൽ അപകടത്തിൽ ഇതുവരെ ആളപായമുണ്ടായിട്ടില്ലെന്ന് വേദാന്ത വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി.