ട്രംപ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച ചെയ്ത സിഗ്‍നല്‍ ചാറ്റ് ഗ്രൂപ്പില്‍ മാധ്യമ പ്രവർത്തകനെ അബദ്ധത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിനയായത്.
വൈറ്റ് ഹൗസില്‍ നിന്ന് നിർണായക യുദ്ധപദ്ധതികള്‍ ചോർന്നതായി റിപ്പോർട്ട്. യെമനിലെ ഹൂതികള്‍ക്കെതിരായ ആക്രമണ പദ്ധതികളുടെ വിശദാംശങ്ങൾ ഉൾപ്പെടെയാണ് അബദ്ധത്തിൽ ചോർന്നത്. ട്രംപ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച ചെയ്ത സിഗ്‍നല്‍ ചാറ്റ് ഗ്രൂപ്പില്‍ മാധ്യമ പ്രവർത്തകനെ അബദ്ധത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിനയായത്.
'ദി അറ്റ്ലാന്‍റിക്' എഡിറ്റർ ജെഫ്രി ഗോള്‍ഡ്ബർഗിനെയാണ് സിഗ്‍നല്‍ ചാറ്റ് ഗ്രൂപ്പില്‍ അശ്രദ്ധമായി ഉള്‍പ്പെടുത്തിയത്. ഇക്കാര്യം ശ്രദ്ധിക്കാതെ യെമനിലെ ഹൂതികള്‍ക്കെതിരായ ആക്രമണ സമയം ഉൾപ്പെടെയുള്ള രഹസ്യവിവരങ്ങൾ ഈ ഗ്രൂപ്പിലൂടെ ഉദ്യോഗസ്ഥർ പങ്കുവെച്ചു.
യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, ഇന്‍റലിജന്‍സ് ഡയറക്ടർ തുളസി ഗബ്ബാർഡ് എന്നിവരടക്കം അംഗങ്ങളായ ഗ്രൂപ്പില്‍ നിന്നാണ് വിവരങ്ങള്‍ ചോർന്നത്.
റിപ്പോർട്ട് ചെയ്യപ്പെട്ട വിവരങ്ങൾ ആധികാരികമാണെന്ന് കരുതുന്നതായും അബദ്ധവശാൽ ഒരു ജേണലിസ്റ്റിനെ എങ്ങനെ ചാറ്റിൽ ചേർത്തുവെന്നും ഞങ്ങൾ അവലോകനം ചെയ്യുകയാണെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ബ്രയാൻ ഹ്യൂസ് പറഞ്ഞു.
അതേസമയം, ഈ വിഷയത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആദ്യ പ്രതികരണം. തന്റെ ദേശീയ സുരക്ഷാ സംഘത്തിൽ പരമാവധി ആത്മവിശ്വാസമുണ്ടെന്നും ട്രംപ് പറഞ്ഞു.
മാധ്യമ പ്രവർത്തകനായ ജെഫ്രി ഗോൾഡ്ബെർഗ് പദ്ധതിയുടെ വിശദാംശങ്ങൾ മുൻകൂട്ടി പരസ്യപ്പെടുത്തിയിരുന്നെങ്കിൽ, ഈ ചോർച്ച അമേരിക്കയെ വളരെയധികം ദോഷം ചെയ്യുമായിരുന്നു. പക്ഷേ വസ്തുതയാണെന്ന് തിരിച്ചറിഞ്ഞ ശേഷവും അദ്ദേഹം അങ്ങനെ ചെയ്തില്ലെന്നാണ് സൂചന. എന്നാൽ ആക്രമണത്തിൻ്റെ വിശദാംശങ്ങളെ കുറിച്ച് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണ് വിവരം ഗ്രൂപ്പിൽ പങ്കുവെച്ചത് എന്നാണ്.